ADVERTISEMENT

സംവിധായകൻ കെ.ജി.ജോർജിന്റെ മരണത്തോടെ വൃദ്ധസദനമാണല്ലോ നാട്ടിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വർഷങ്ങളായി യുഎസിൽ താമസിക്കുന്ന എനിക്ക് വൃദ്ധസദനം എന്ന് കേൾക്കുമ്പോൾ അപരിചിതത്വം തോന്നാറില്ല. കെയർ ഹോം എന്ന് കേട്ടാൽ ഒരുപക്ഷേ നമ്മുടെ ആളുകൾക്ക് അസ്വസ്ഥത തേന്നില്ലായിരിക്കാം. 2040 ൽ കേരളത്തിൽ പകുതിയിലേറെയും 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കുമെന്നാണു കണക്ക്. അങ്ങനെ നോക്കുമ്പോൾ വയോജന സംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം. വയോജനം എന്നത് ജോലിയിൽ നിന്നു വിരമിക്കുന്നതുമായാണ് പൊതുവേ ബന്ധപ്പെടുത്തുന്നത്. അതുകൊണ്ടാവാം തലയിൽ നരകണ്ടാൽ ഉടനെ പലർക്കും ഉത്കണ്ഠയാണ്. ഒപ്പം നാലാൾ കൂടുന്ന ഇടങ്ങളിൽ ‘അങ്കിളേ’ എന്ന നീട്ടിയ വിളിയും കേട്ടാൽ ബിപി കൂടും. അപ്പോൾ ജോലിയിൽനിന്നു പിരിഞ്ഞാലുള്ള അവസ്ഥയും കൂടി ചിന്തിച്ചാൽ ജീവിതത്തിന് ഫുൾസ്റ്റോപ്പാണെന്ന് ചിന്തിക്കും. അങ്ങനെ റിട്ടയർമെന്റ് എന്ന ഘട്ടം സുഖകരവും അസുഖകരവുമായ അവസ്ഥയാണ് പലർക്കും. റിട്ടയർമെന്റിനെ എന്റെ അടുത്ത സുഹൃത്ത് ഒറ്റവരിയിൽ നിർവചിച്ചത് ഇങ്ങനെ – ആദ്യം മധുരിക്കും. പിന്നീട് ചവർക്കും ! റിട്ടയർമെന്റ് എന്ന് കേട്ടാൽ അസ്വസ്ഥരാകുന്നവർക്കും റിട്ടയർ ചെയ്യുന്നവർക്കും അവരുടെ ചുറ്റിലുമുള്ളവർക്കുമായാണ് എന്റെ അനുഭവക്കുറിപ്പ്

 

ജോലിയും റിട്ടയർമെന്റും മുഖാമുഖം
അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനം ന്യൂജഴ്സിക്ക് തൊട്ടടുത്താണ്. അവിടത്തെ ഹാരിസ്ബർഗ് എന്ന മനോഹരമായ ടൗണിലേക്ക് ആഴ്ചതോറും തീവണ്ടിയിൽ ജോലിക്കുപോയി വരികയായിരുന്നു ഞാൻ. കോവിഡ് മഹാമാരി അമേരിക്കയിൽ പുറപ്പാട് തുടങ്ങിയത് 2020ന്റെ തുടക്കത്തിൽ. ഞാൻ ജോലി ചെയ്തിരുന്നത് കോമൺവെൽത്ത അക്കാഡമി എന്ന ചാർട്ടർ സ്കൂളിൽ ഒാൺലൈൻ പഠനത്തിന്റെ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിൽ. പ്രോജക്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്ന് എൻജിനീയർമാരുടെ വലിയ സംഘം വരാനിരിക്കുന്നു. കോവിഡ് കാരണം രാജ്യാന്തര വിമാനസർവീസ് നിർത്തിയപ്പോൾ പ്രോജക്ടിന് മുടക്കം വന്നു. പരിണിതഫലം എന്നു പറയാം, അക്കാഡമി ആ പ്രോജക്ട് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. അങ്ങനെ എനിക്ക് ജോലി നഷ്ടപ്പെട്ടു. അങ്ങനങ്ങ് വെറുതെയിരിക്കാൻ പറ്റുമോ? പിന്നെ തിരക്കു പിടിച്ച ജോലിയന്വേഷണം. ന്യൂയോർക്കിൽ കോവിഡുമായി ബന്ധപ്പെട്ട് കൂട്ടമരണങ്ങൾ, കമ്പനികൾ അടച്ചു പൂട്ടൽ, കൂട്ടത്തോടെ പിരിച്ചു വിടലുകൾ ഒക്കെ വാർത്തയിൽ നിറഞ്ഞുനിന്ന ആ കാലയളവിലാണ് എന്റെ ജോലിയന്വേഷണം. അതും ന്യൂയോർക്കിൽത്തന്നെ. കോവിഡ് പകർന്ന മരണഭയം, ഒപ്പം നിലനിൽപ്പിനു വേണ്ടിയുള്ള ജോലിയന്വേഷണം. ഇതേ സമയം നാട്ടിലുള്ള പഴയ പയ്യന്നൂർ കോളജ് സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പ് നിറയെ ഓരോരുത്തരുടെയും ജോലിയിൽനിന്ന് വിരമിക്കുന്ന വിശേഷങ്ങൾ വരുന്നുണ്ട്.

Rasanna Kumar Aduthila Gettogether Photo
ലേഖകൻ (ഇടത്തുനിന്ന് രണ്ടാമത്) പയ്യന്നൂർ കോളജ് ബിഎസ്​സി ബാച്ച്മേറ്റസിന്റെ ഒത്തുചേരൽ സമയത്ത് (ഫയൽ ചിത്രം)

 

അവർക്ക് റിട്ടയർമെന്റ്; എനിക്ക് ജോലിയന്വേഷണം
എന്റെ പഴയ സഹപാഠികൾ റിട്ടയർ ചെയ്യുന്ന തിരക്കിൽ മുഴുകിയപ്പോൾ ഞാൻ പുതിയൊരു ജോലി കണ്ടു പിടിക്കാനുള്ള പെടാപ്പാടിലായിരുന്നു. കൂട്ടിന് മഹാമാരി തന്ന ഏറ്റവും പ്രതികൂല സാഹചര്യവും. നാട്ടിൽനിന്നു വിളിയോ വാട്സാപ് സന്ദേശമോ വരുമ്പോൾ ആധിയാണ്. കാരണം കോവിഡ് മഹാമാരി എല്ലായിടവും ഒരുപോലെ വ്യാപിച്ചിരുന്നല്ലോ? രണ്ടുമാസം കൊണ്ട് ടെക് മേഖലയിൽ തന്നെ ഇഷ്ടമുള്ള ജോലി കണ്ടെത്തി. നൂറ്റിമുപ്പത്തിയഞ്ച് വർഷത്തിലേറെ പ്രവർത്തനപാരമ്പര്യമുള്ള മൊമ്മോറിയൽ സ്ലോൻ കെറ്ററിങ് കാൻസർ സെന്ററിന്റെ ടെക്നോളജി വിഭാഗത്തിൽ അങ്ങനെ കോവിഡ് കാലത്ത് ജോലിയിൽ പ്രവേശിച്ചു. കാൽലക്ഷത്തോളം ജോലിക്കാരുള്ള സ്ഥാപനത്തിൽ ടെക് വിഭാഗത്തിൽ മാത്രം 1500 പേർ ജോലി ചെയ്യുന്നു. ഭൂരിപക്ഷവും എന്നെപ്പോലെയുള്ള മുതിർന്ന പൗരന്മാർ ഉത്സാഹത്തോടെ ജോലി ചെയ്യുന്നു. അതാണ് അമേരിക്കയും നമ്മുടെ നാടുമായുള്ള പ്രധാന വ്യത്യാസം. അറുപത്തിയഞ്ച് കഴിഞ്ഞവരും എഴുപത് കഴിഞ്ഞ ഭൂരിപക്ഷം പേരും റിട്ടയർമെന്റിനു ശേഷവും പുതിയ പലതും കെട്ടിപ്പടുക്കുന്നു. ആക്ടീവ് അഡൽറ്റ് കമ്യൂണിറ്റി (Active Adult Community) എന്ന് നിർവചിക്കാവുന്ന സീനിയർ സിറ്റിസൻ വിഭാഗത്തിലുള്ള തങ്ങളുടെ അനുഭവസമ്പത്ത് സമൂഹനന്മയ്ക്കായി ഉപയോഗിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നത് കാണുമ്പോൾ നാട്ടിലെ റിട്ടയർമെന്റ് വളരെ നേരത്തെയാണോ എന്ന് തോന്നിയിട്ടുണ്ട്. 

 

എന്തിന് മക്കളെ മാത്രം കുറ്റം പറയണം?
ആഘോഷത്തോടെയാണ് പലരും ജോലിയിൽനിന്നു പിരിഞ്ഞ് പോകുന്നത്. സഹപ്രവർത്തകരുടെ യാത്രയയപ്പു യോഗത്തിനു ശേഷം സുഹൃത്തുക്കൾക്ക് പാർട്ടി നൽകി എല്ലാവരും ആഘോഷിക്കുന്നു. ഒടുവിൽ വീട്ടിലെ അവസാന അതിഥിയും പോയിക്കഴിയുമ്പോൾ വല്ലാത്തൊരു ശുന്യത അനുഭവപ്പെടും. പിറ്റേന്ന് മുതൽ ദിനചര്യകൾക്ക് അറിയാതെ മാറ്റം വരും. നേരത്തേ എഴുന്നേറ്റവർ പോലും പിന്നീട് ദിനചര്യയിൽ ഉദാസീനരായി തീരും. എവിടെ പോകാനാ, അതുകൊണ്ട് എനിക്ക് തോന്നുമ്പോൾ എഴുന്നേൽക്കും, കഴിക്കും. അത്തരം കാര്യങ്ങൾ സ്വയം തീരുമാനിക്കുമ്പോൾ മാതാപിതാക്കൾ മക്കളുടെ കാര്യങ്ങൾ കൂടി ഒാർമിക്കുന്നത് നല്ലതായിരിക്കും. കുടുംബത്തിന്റെ ടൈംടേബിൾ തെറ്റിയാൽ നേരിട്ട് പറഞ്ഞില്ലെങ്കിലും മക്കളുടെ മനസ്സിൽ പരാതികൾക്ക് കാരണമാകും. എല്ലാ മരുമക്കൾക്കും ക്ഷമയുണ്ടാകണമെന്നില്ലല്ലോ. ചിലപ്പോൾ നിസാര കാര്യങ്ങൾ വരെ വലിയൊരു പ്രശ്നത്തിനു വഴിതെളിക്കാം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ജീവിതചര്യ ക്രമപ്പെടുത്തി നിഷ്ഠയോടെ പാലിക്കുക. ഒന്നും ചെയ്യാൻ മുന്നിലില്ലാത്തലരുടെ മനസ്സ് എപ്പോഴും പല കുസൃതിത്തരങ്ങൾക്കും വിളനിലമാണ് എന്ന് ഒരു സിദ്ധാന്തമുണ്ട്. വെറുതെയിരിക്കുമ്പോൾ പലതും ചിന്തിച്ചു കൂട്ടി അനാവശ്യപ്രശ്നങ്ങൾക്കും കാരണമാകാം. റിട്ടയർമെന്റിനു മുൻപ് തങ്ങൾക്ക് അനുയോജ്യമായ മേഖലയിൽ ചെറിയ തോതിലാണെങ്കിലും എന്തെങ്കിലുമൊരു സംരംഭം തുടങ്ങിവച്ചാൽ ശിഷ്ടകാലം ‘എനിക്ക് ഒന്നും ചെയ്യാനില്ലെന്ന്’ പരിതപിക്കുന്നതിനു സാധ്യതയില്ലല്ലോ. വിവിധ മേഖലകളിൽ ജോലിയിൽനിന്നു വിരമിച്ചവരെ ചേർത്ത് നല്ലൊരു ‘റിസേഴ്സ് ബാങ്ക്’ സർക്കാർ മുൻകൈയെടുത്ത് രൂപികരിച്ചാൽ വർഷങ്ങളുടെ അനുഭവസമ്പത്ത് പുതുതലമുറയ്ക്ക് വഴികാട്ടിയാകും. 

 

പ്രായം എന്നത് വെറും നമ്പറല്ലേ മക്കളേ...
വെറുതെ നൽകാൻ കഴിയുന്നത് എന്താണെന്ന് കടുങ്കഥയായി ചോദിച്ചാൽ കണ്ണടച്ച് പറയാം – ഉപദേശം! സത്യമാണ്, ആരെ കണ്ടാലും എന്തെങ്കിലും പറയണമെന്നു കരുതി നമ്മളിൽ പലരും ഉപദേഷ്ടാക്കളുടെ റോളിലേക്ക് കയറും. അതാവും, നല നരച്ച ആരെങ്കിലും എന്തെങ്കിലും ചെയുന്നത് കണ്ടാൽ ഉടനെ ആ റെഡിമെയിഡ് ഡയലോഗ് വരും – സൂക്ഷിക്കണേ... പ്രായമായി എന്ന വല്ല ചിന്തയുണ്ടോ? അത് കേൾക്കുമ്പോൾ അനായാസം കാര്യങ്ങൾ ചെയ്യുന്നവർ പോലും ചിന്തിക്കും – ശരിയാണല്ലോ? ഇത് ചെയ്യണോ? ഇത്തരം ചോദ്യങ്ങൾ പലയാവർത്തി കേൾക്കുമ്പോൾ ആത്മവിശ്വാസം കൈവിട്ടു പോകുമെന്ന കാര്യത്തിൽ സംശയമുണ്ടോ? ഇതെല്ലാം ഒരു ചെവിയിൽ കൂടി കേട്ടിട്ട് മറ്റേ ചെവിയിലുടെ വിട്ടുകളഞ്ഞാൽ പ്രായം വെറുമൊരു അക്കം മാത്രം. മനസ്സിനോട് പറയണം – സുഹൃത്തുക്കളെ എനിക്ക് റിട്ടയർമെന്റായി(ട്ടില്ല) വാർധക്യവും !

 

Content Summary : Age is Just a Number: The Power of Having a Positive Mindset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com