ADVERTISEMENT

ഉസ്മാൻ ആലുങ്ങത്തൊടി എന്ന സാധാരണക്കാരനായ മനുഷ്യന്റെ അധ്വാനത്തിന്റെയും ഉയർച്ചയുടെയും കഥ പറയാതെ ഈ വീടിന്റെ കഥ പൂർണമാകില്ല. മലപ്പുറത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്നു, ഏകദേശം 23 വർഷം മുൻപ് തൊഴിലാളിയായി സൗദിയിലേക്ക് വിമാനം കയറിയ ആളാണ് ഉസ്മാൻ. ഹോട്ടലിലായിരുന്നു ജോലി. പത്തുവർഷത്തോളം ആ ജോലി ചെയ്തു. അവിടെ നിന്നും ലഭിച്ച അനുഭവസമ്പത്തുകൊണ്ട് ഒരു ചെറിയ കട തുടങ്ങി. അങ്ങനെ പതിയെ ബിസിനസ് വളർന്നു. 13 വർഷത്തിനിപ്പുറം, ഇന്ന് ഗൾഫിൽ പലയിടത്തായി നിരവധി ഹോട്ടലുകളുടെ ഉടമയായി ഉസ്മാൻ മാറി.

ബിസിനസ് ആരംഭിച്ച സമയത്ത്, മലപ്പുറം തലപ്പാറയിൽ ഒരു ചെറിയ വീട് ഉസ്മാൻ പണിതിരുന്നു. ജീവിതം മെച്ചപ്പെട്ടാൽ നാട്ടിൽ വലിയൊരു വീട് എന്ന സ്വപ്നം  അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ സ്വപ്നമാണ് പുതുവർഷം സഫലമായത്. ഇവിടേക്ക് താമസം മാറിയിട്ട് 5 ദിവസം ആയതേയുള്ളൂ...

ഇനി വീടിന്റെ വിശേഷങ്ങളിലേക്ക്...

usman-house-malappuram-view

കേരളത്തിൽ ഏറ്റവും കൂടുതൽ ആഡംബര വീടുകൾ ഉയരുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. ഒരു പുതിയ വീട് ഉയർന്നാൽ, താമസിയാതെ അതിന്റെ കോപ്പി-പേസ്റ്റ് വീടുകൾ സമീപം ഉയരും. ഇത് നന്നായി അറിയാവുന്ന ഉസ്മാൻ, പെട്ടെന്ന് കോപ്പി ചെയ്യാൻ സാധിക്കാത്ത, പതിവു കാഴ്ചകളിൽ നിന്നും മാറിനിൽക്കുന്ന ഒരു വീട് പണിയാനാണ് ആഗ്രഹിച്ചത്.

അങ്ങനെ കൊളോണിയൽ- കന്റെംപ്രറി മിശ്രശൈലിയിൽ വീട് ഉയരാൻ തുടങ്ങി. വീടിന്റെ പ്രൗഢി മറകളില്ലാതെ ആസ്വദിക്കാൻ പാകത്തിൽ വിശാലമായ മുറ്റം ഒരുക്കി. ബാംഗ്ലൂർ സ്റ്റോണും കോട്ട സ്റ്റോണുമാണ് മുറ്റം അലങ്കരിക്കുന്നത്.  ചരിച്ചു വാർത്ത മേൽക്കൂരകളാണ് വീടിന്റെ തലപ്പൊക്കം. ഇതിൽ ഷിംഗിൾസ് വിരിച്ചു. രാജസ്ഥാനിൽ നിന്നുള്ള റെഡ് നാച്ചുറൽ സ്‌റ്റോൺ ക്ളാഡിങ്ങാണ് പുറംഭിത്തിയിൽ അഴക് നിറയ്ക്കുന്നത്. 

usman-house-malappuram-pool

 10 മീറ്റർ നീളമുള്ള സിറ്റൗട്ടാണ് ആദ്യത്തെ ഹൈലൈറ്റ്. ഇതിൽ പില്ലറുകൾ നൽകി കാഴ്ച മറച്ചില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. മുൻവശത്തെ ബാൽക്കണിയിൽ പർഗോള ഗ്ലാസ് റൂഫിങ് ചെയ്തു. ഗ്ലാസ് മേൽക്കൂരയിൽ ഗോൾഡൻ സ്‌റ്റിക്കറുകൾ ഒട്ടിച്ചത് ശ്രദ്ധേയമാണ്. ഭാവിയിൽ ഇലയും മറ്റും വീണ് സുതാര്യമായ ഗ്ലാസ് റൂഫിൽ കാഴ്ചയ്ക്ക് അഭംഗി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

വീടിനോട് ചേർന്നുള്ള പോർച്ച് കൂടാതെ മുറ്റത്തു മറ്റൊരു പോർച്ചുമുണ്ട്. ഇൻഡസ്ട്രിയൽ വർക് ചെയ്തു നിർമിച്ച ഇതിന്റെ മുകളിൽ ചെറിയ ഓഫിസും, ഗസ്റ്റ് ഹൗസും സജ്ജീകരിച്ചു.

നാട്ടിൽ എത്തുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരും. അതിനു പാകത്തിൽ വിശാലമായ അകത്തളങ്ങൾ വേണം എന്നതും ആവശ്യമായിരുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, മൂന്നു കിച്ചൻ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ജിം, ബാൽക്കണി എന്നിവയാണ്  10250 ചതുരശ്രയടിയിൽ ഒരുക്കിയത്. ലാൻഡ്സ്കേപ്പിൽ ഗാർഡൻ, സിറ്റിങ് സ്‌പേസ്, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്.

usman-house-malappuram-living-JPG

രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന മഗ്രാന വൈറ്റ് മാർബിളാണ് നിലത്തു വിരിച്ചത്. ഖനികളിൽ ഇതൊരു അപൂർവ ഉൽപന്നമാണ്. തന്മൂലം വിലയും കൂടുതലാണ്. മറ്റു ഫ്ലോറിങ് ഉൽപന്നങ്ങൾ പോലെ ചൂടിനെ ആഗിരണം ചെയ്യുന്നില്ല എന്നതാണ് ഇതിന്റെ സവിശേഷത. അതിനാൽ ചവിട്ടി നടക്കുമ്പോൾ സുഖകരമായ തണുപ്പ് അനുഭവപ്പെടും.

usman-house-malappuram-upper-JPG

അകത്തേക്ക് കയറുമ്പോൾ സ്വകാര്യതയോടെ ഫോർമൽ ലിവിങ്. ഫർണീച്ചറുകൾ മുഴുവനും ഇന്റീരിയറിനോട് ചേരുംവിധം കസ്റ്റമൈസ് ചെയ്തവയാണ്. ലിവിങ്ങിൽ ടിവി യൂണിറ്റും കൊടുത്തു. ഇവിടെനിന്നും വിശാലമായ ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഗോവണിയാണ് അകത്തളത്തിലെ മറ്റൊരു ഹൈലൈറ്റ്. സ്ലോപ് കുറച്ച് നീളത്തിലുള്ള സ്‌റ്റെയറാണ് ഒരുക്കിയത്. തേക്ക്, മഹാഗണി, ഇരൂൾ, വേങ്ങ തുടങ്ങിയ മരങ്ങളാണ് തടിപ്പണികൾക്ക് ഉപയോഗിച്ചത്. ഇരൂൾ, വേങ്ങ എന്നിവയിലാണ് ഗോവണി കടഞ്ഞെടുത്തത്. കൈവരികളിൽ ടഫൻഡ് ഗ്ലാസ് കൊടുത്തു.

usman-house-malappuram-stair-JPG

വൈറ്റ്+ ബ്ലൂ കോംബിനേഷൻ ചെയറുകളാണ് ഡൈനിങ്ങിന്റെ ആകർഷണം. ഇവിടെ പാൻട്രി കൗണ്ടറിന്റെ ഭിത്തിയിൽ ഒരു മിറർ കൊടുത്തിട്ടുണ്ട്. ഇത് ഈ ഏരിയ കൂടുതൽ വിശാലമായി തോന്നാൻ സഹായിക്കുന്നു. ധാരാളം അതിഥികൾ വരുന്ന വീട്ടിൽ, മൂന്നു അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. യെലോ+ വൈറ്റ് തീമിലാണ് മെയിൻ കിച്ചൻ. മൾട്ടിവുഡ്+ അക്രിലിക്  ഫിനിഷിലാണ് ക്യാബിനറ്റുകൾ. ധാരാളം ഓവർഹെഡ് ക്യാബിനറ്റുകൾ സജ്ജീകരിച്ചു. ഇതിന്റെ മറ്റൊരു സവിശേഷത, ഇതിനുള്ളിൽ കൺസീൽഡ് എൽഇഡി ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. ഇത് കിച്ചന് അഴക് പകരുന്നു. സമീപം ഉപയുക്തത പകരുന്ന പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയുമുണ്ട്.

usman-house-malappuram-kitchen-JPG

മുകൾനിലയിൽ സീലിങ് ഹൈറ്റ് കൂടുതൽ ഉള്ളയിടത്ത് ഇടത്തട്ട് നിർമിച്ച് ഹോം തിയറ്റർ സജ്ജീകരിച്ചു. ഒരു മോഡേൺ ജിം കൂടി മുകൾനിലയിൽ സജ്ജം. 

usman-house-malappuram-gym-JPG

പരിസ്ഥിതി സൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. മേൽക്കൂരയിലുള്ള സോളർ പ്ലാന്റിലൂടെ വീട്ടിലെ ഊർജ ആവശ്യങ്ങളെല്ലാം നിറവേറുന്നു. മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്ററും നിർമിച്ചിട്ടുണ്ട്. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം പാത്തികളിലൂടെ മഴവെള്ള സംഭരണിയിലെത്തും.

usman-house-malappuram-bed

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ഉസ്മാനുള്ളത്. കഷ്ടപ്പാടിന്റെ കാലങ്ങളിൽ താൻ കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്നാണ് നാട്ടിൽ ഇങ്ങനെ ഒരു വീട് എന്നും അത് സഫലമായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും ഉസ്മാൻ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം തനിക്ക് സൗഭാഗ്യങ്ങൾ തന്ന ഗൾഫിലേക്ക് ഉസ്മാൻ തിരിച്ചുപോകും.  വീടിന്റെ സ്നേഹത്തണലിലേക്ക്  ചേക്കേറാനായി മടങ്ങിവരുന്നതും കാത്തിരുന്നുകൊണ്ട്...

 

Project facts

Location- Thalappara, Malappuram

Plot- 37 cent

Area- 10250 SFT

Owner- Usman Aalungathodi

Design- Yasir KK

Yaseef Associates, Kondotty

Mob- 9947326424

Y.C- Jan 10, 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Hardworking Pravasi House Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com