ADVERTISEMENT

എറണാകുളം അങ്കമാലിയിലാണ് സംഗീതജ്ഞരായ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ഈ പാട്ടുവീടുള്ളത്. 'താമസിക്കാനുള്ള ഒരിടം' എന്നതിലുപരി സംഗീതവും കലകളും ഉപാസിക്കാനും അവതരിപ്പിക്കാനുമുള്ള ഒരിടമായിട്ടാണ് 'നിസർഗ ആർട്ട് ഹബ്' എന്ന ഈ വീട്, പ്രശസ്ത ആർക്കിടെക്ടായ വിനു ഡാനിയേൽ വിഭാവനം ചെയ്തിരിക്കുന്നത്

2015 വരെ ഐടി മേഖലയിൽ ജോലിചെയ്ത വിഷ്ണു, സംഗീതം മുഴുവൻസമയ പ്രൊഫഷനാക്കി മാറ്റണം എന്ന ആഗ്രഹത്തിൽ, യുഎസിലെ ജോലി വിട്ടിട്ടാണ് നാട്ടിലെത്തിയത്.

ഭാര്യ ലക്ഷ്മി ചെന്നൈയിലെ സംഗീതകുടുംബത്തിൽ നിന്നുള്ളയാളാണ്. 2020 വരെ ചെന്നൈയില്‍ ഒരു വാടക വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചത്. അന്ന് മനസ്സിൽ വിരിഞ്ഞ മോഹമാണ്, നാട്ടിൽ പ്രകൃതിയോടിണങ്ങിയ മൺവീട് എന്നത്.

nisarga-exterior

ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് മേൽക്കൂരയിലെ സീറ്റിങ്. അതായത് ഓടിട്ട പുരപ്പുറം, മറ്റെങ്ങും കാണാത്ത രീതിയിൽ ഒരു ആംഫി തിയറ്ററാക്കി മാറ്റിയിരിക്കുന്നു.

nisarga-pool

അതിരാവിലെയും വൈകുന്നേരങ്ങളിലും കലാപരിപാടികൾ ആസ്വദിക്കാനുള്ള വേദിയായി മാറുന്നത് ഇവിടമാണ്.

ആളുകളുടെ ഭാരംതാങ്ങാൻ പാകത്തിൽ മേൽക്കൂരയിൽ ജിഐ റാഫ്റ്റേഴ്സ് ഘടിപ്പിച്ച് അതിൽ ഓടുവിരിച്ചിരിക്കുന്നു. ഉള്ളിൽ പ്രകാശമെത്തിക്കാനുള്ള സ്കൈലൈറ്റ്, ടഫൻഡ് സാൻവിച് ഗ്ലാസുപയോഗിച്ച് ഇരിപ്പിടമാക്കി മാറ്റി. ഇവിടെയുള്ള പൂൾ കുട്ടികളുടെ ഇഷ്ടയിടമാണ്. പൂളിന്റെ ഭിത്തികൾ തമ്മിൽ യോജിപ്പിച്ചാണ് പോർട്ടബിൾ സ്റ്റേജ് ഒരുക്കുന്നത്. പൗർണമിദിവസങ്ങളിൽ നിലാവത്തുള്ള പ്രോഗ്രാമുകളാണ് ഇവിടെ ഹൈലൈറ്റ്. 

nisarga-roof

ഇനി വീടിനുള്ളിലേക്ക് സ്വാഗതമോതുന്നത് വിശാലമായ ഓപ്പൺ ഹാളാണ്. ഫ്ളോറിങ് തേക്കിൻ തടിയിലാണ് ചെയ്തിരിക്കുന്നത്. നിലത്തിരിക്കാൻ നല്ല സുഖമാണ് എന്നതാണ് വുഡന്‍ ഫ്ളോറിങ്ങിന്റെ ഗുണം. ഇവിടെ നിലത്തിരുന്നാണ് വീട്ടുകാർ പാട്ട് പരിശീലിക്കുന്നത്.

nisarga-hall

ലിവിങ് റൂമിന് കിഴക്കു ഭാഗം വയലാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ഉള്ളിലെത്താൻ ഗ്ലാസിനുപകരം മെഷ് ഭിത്തിയാണ് ഒരുക്കിയത്. ഇവിടെ വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നു. ദിവസംമുഴുവനും പോസിറ്റിവിറ്റി നിറയ്ക്കുന്ന കാഴ്ചകൾ ഇതിലൂടെയെത്തും.

nisarga-screen

ഫ്ളോറിങ്ങിന്റെ തുടർച്ചയായി തോന്നിപ്പിക്കുംവിധം സ്‌റ്റെയർ സ്റ്റീൽ സ്ട്രക്ചറിൽ തേക്കുകൊണ്ട് പൊതിഞ്ഞൊരുക്കി. മുകളിൽ ഒരു റെക്കോഡിങ് സ്‌റ്റുഡിയോയും ഒരുക്കി.

വീട്ടിൽ പലയിടത്തും ത്രികോണാകൃതി ആവർത്തിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ഡൈനിങ് ടേബിൾ. നിലത്തിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഉയരം ക്രമീകരിക്കാൻപറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത.  മിനിമലിസ്റ്റിക് ശൈലിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പൺ ആയിട്ടുള്ള കിച്ചനാണ് ഇവിടെ ഒരുക്കിയത്.

nisarga-kitchen

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. ഇവയുടെ പ്രത്യേകത ഉയരമുള്ള മേൽക്കൂരയാണ്. ഭിത്തികൾ മണ്ണും ഗ്ലാസും ഇടവിട്ടൊരുക്കി. വയലിലേക്ക് തുറക്കുന്ന വാതിലുകളും മുറികൾക്കുണ്ട്. ഹെഡ്‌സൈഡ് ഭിത്തിയിൽ സ്‌റ്റോറേജ് കൊടുത്തതും വേറിട്ടുനിൽക്കുന്നു.

nisarga-bedroom

നിസർഗ- പേരുപോലെ നൈസർഗികത നിറയുന്ന ഇടങ്ങളും സംഗീതവും ഇവിടെ എത്തുന്ന അതിഥികളിലേക്കും പോസിറ്റിവിറ്റി നിറയ്ക്കുന്നു. ഇനിയുമുണ്ട് നിരവധി സവിശേഷതകൾ- അവ മനസ്സിലാക്കാൻ വിഡിയോ ഉറപ്പായും കാണുമല്ലോ....

nisarga-aerial

Project facts

Location- Angamaly

Owner- Vishnu, Lakshmi

Architect- Vinu Daniel

WALLMAKERS

English Summary:

Sustainable Music House with Roof Amphitheatre- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com