ADVERTISEMENT

പരമ്പരാഗത വീടുകളെ ഒരുപാട് സ്നേഹിക്കുന്ന അമേരിക്കൻ മലയാളിയായ ഡോ. തോമസ് മാത്യു, തന്റെ ജന്മനാടായ പത്തനംതിട്ട മാരാമണ്ണിൽ, പരമ്പരാഗത ഭംഗിയിൽ നിർമിച്ച മാലേത്തു മന എന്ന വീടിന്റെ വിശേഷമാണ് ഇത്തവണ പങ്കുവയ്ക്കുന്നത്.

പരമ്പരാഗത രീതിയിലുള്ള പടിപ്പുരയും ഗേറ്റും ചുറ്റും പച്ചപ്പോടുകൂടിയ വിശാലമായ മുറ്റവും കടന്നുചെന്നാൽ തെളിയുന്നത്, സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ള വരിക്കാശ്ശേരി മനപോലെയുള്ള അതിമനോഹരമായ ഒരു വീടാണ്. ഒരുപാട് വർഷത്തെ ഗൃഹപാഠവും അലച്ചിലും അധ്വാനവും ഈ സ്വപ്നഭവനത്തിന്റെ പിന്നിലുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള പരമ്പരാഗത ഗൃഹങ്ങൾ സന്ദർശിച്ചാണ് ഈ വീടിന്റെ രൂപകൽപന തയാറാക്കിയത്. വരിക്കാശ്ശേരി മനയോടാണ് കൂടുതൽ രൂപസാദൃശ്യമുള്ളത്.

malethu-mana

ഹോബിയായി തുടങ്ങിയ ആന്റിക് കലക്‌ഷനും വീടും...
ഈ വീട്ടിലെ തൂണുകളും കതകുകളും ജനാലകളും അലമാരകളുമെല്ലാം 75– 150 വർഷം വരെ പഴക്കമുള്ളതാണ്. ഹോബിയുടെ ഭാഗമായി തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിൽ നിന്നായി 32 പഴയ തൂണുകൾ, പഴയ വീടുകളിലെ ജനൽ-വാതിലുകൾ അടക്കമുള്ളവ തോമസ് മാത്യു ശേഖരിച്ചിരുന്നു. പിന്നീടാണ് ഇതുപയോഗിച്ച് വീടുപണിതാലോ എന്ന ചിന്ത കടന്നുവരുന്നത്. അങ്ങനെ പത്തനംതിട്ടയിലെ ബിജു എന്ന ആർക്കിടെക്റ്റുമായി ചേർന്നു സ്കെച്ച് വരച്ച് വീടുപണി തുടങ്ങി. അദ്‌ഭുതമെന്തെന്നുവച്ചാൽ, ഇത്തരത്തിൽ ശേഖരിച്ച സാമഗ്രികൾ പിന്നീട് കൃത്യമായി വീട്ടിൽ ഫിറ്റ് ആയി (വീടുപണിക്കായി വാങ്ങിയത് എന്നുതോന്നുംവിധം) എന്നതാണ്

വീടിന്റെ മേൽക്കൂര ജിഐ ട്രസ് ചെയ്തു ഓടുവിരിച്ചു. ഇതിനുതാഴെ പൈൻവുഡ് പാനലിങ്ങുമുണ്ട്. മുന്തിയ വെട്ടുകല്ല് അധികം സിമന്റ് ഉപയോഗിക്കാതെ സവിശേഷ രീതിയിൽ പടുത്താണ് ഭിത്തികെട്ടിയത്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് പഴയ മനകളിലെ പൂമുഖത്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നീളത്തിലുള്ള ഒരു പൂമുഖമാണ്. ഇവിടെ ചാരുകസേരയുമുണ്ട്. കൃഷ്ണഗിരിയിലെ ക്വാറിയിൽ നിന്നെടുത്തിരിക്കുന്ന കല്ലുകളാണ് പൂമുഖത്തിന്റെ ഫ്ളോറിങ്ങിനുപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഭിത്തി നിർമിക്കാനുപയോഗിച്ചിരിക്കുന്ന വെട്ടുകല്ലുകൾ കണ്ണൂരിലെ ശ്രീപരമ്പത്തൂരിലെ ക്വാറിയിൽ നിന്നുവാങ്ങി ഷേപ്പു ചെയ്ത് മനോഹരമാക്കിയതാണ്. പഴയകാലത്ത് ഉപയോഗിച്ചിരുന്ന സ്വിച്ച് ബോർഡുകളാണ് പൂമുഖത്തുള്ളത്.

വെല്ലൂരിനടുത്ത് ആമ്പൂരിൽ നിന്ന് ശേഖരിച്ച നൂറുവർഷത്തോളം പഴക്കമുള്ള കൊത്തുപണികളോടുകൂടിയ പ്രധാനവാതിൽ കടന്നു ചെല്ലുന്നത് അതിമനോഹരമായ ലിവിങ് സ്പേസിലേക്കാണ്. ലിവിങ്ങിലെ കൗതുകം ടീപോയുടെ സ്ഥാനത്ത് സെറ്റുചെയ്‌ത ചെറുവള്ളമാണ്. വീടിന്റെ തീമുമായി ഒത്തുചേർന്നു പോകുന്നതു കൊണ്ടാണ് ഇത് ഇവിടെ സെറ്റ് ചെയ്തത് എന്ന് ഗൃഹനാഥൻ പറയുന്നു. പഴകുംതോറും മനോഹാരിത കൂടുന്ന ആത്തംകുടി ടൈലുകളാണ് നിലത്തുവിരിച്ചത്. ലിവിങ്ങിലെ മറ്റൊരു പ്രത്യേകത കത്തീഡ്രൽ സീലിങ്ങാണ്.

maramon-home-living

വരിക്കാശ്ശേരി മനയുടെ നടുമുറ്റം 
വീടിന്റെ ആത്മാവ് നടുമുറ്റമാണ്. ഇതിനെ കേന്ദ്രീകരിച്ചാണ് വീട്ടിലെ ബാക്കിയിടങ്ങൾ ചിട്ടപ്പെടുത്തിയത്. വരിക്കാശ്ശേരി മനയുടെ നടുമുറ്റത്തിന്റെ ഏകദേശ വിസ്തൃതിയിലാണ് ഇവിടെയുള്ള നടുമുറ്റം. ഇവിടെ ധാരാളം ചെടികൾ നിറച്ചിരിക്കുന്നു. മഴയും വെയിലും കാറ്റുമെല്ലാം ഇതുവഴി ആസ്വദിക്കാം. ദിവസത്തിന്റെ ഓരോ സമയത്തും വ്യത്യസ്ത അന്തരീക്ഷം ഇവിടെ നിറയുന്നു. ഇവിടെ മഴകണ്ടിരിക്കുന്നത് പ്രത്യേക അനുഭൂതിയാണെന്ന് ഗൃഹനാഥൻ സാക്ഷ്യപ്പെടുത്തുന്നു.

maramon-home-court

നടുമുറ്റത്തിനുചുറ്റുമായി മൂന്നു ബെഡ്റൂമുകള്‍, ഓപ്പൺ ഡൈനിങ്, കിച്ചൻ, വർക്കേരിയ എന്നിവയുണ്ട്. ഇടനാഴികൾ വഴിയാണ് ഇവയെ ബന്ധിപ്പിച്ചത്. ആന്ധ്രയിൽ നിന്നുകൊണ്ടുവന്ന കടപ്പ കല്ലുകളാണ് നടുമുറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ഒരു ഭിത്തി ഫാമിലി ഫോട്ടോ ഗാലറിയാക്കിമാറ്റി. 

മുന്നിൽ പാടം, പിന്നിൽ പുഴ...
വീടിന്റെ മുൻവശത്ത് ചെറിയ വയലുണ്ട്. ഇതുവഴി കാറ്റ് ഉള്ളിലെത്തും. പിൻവശത്ത് ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷൻ നടക്കുന്ന പമ്പയാറാണ്. ഇവിടെ പുഴയിലേക്ക് ഇറങ്ങുന്ന ഒരു പടിപ്പുരയുമുണ്ട്. പുഴയിൽനിന്നെത്തുന്ന കുളിർകാറ്റ് വീടിനുള്ളിൽ ഒഴുകിനിറയുന്നു. 2018 ലെ മഹാപ്രളയത്തിൽ സ്ഥലത്ത്  വെള്ളം കയറിയിരുന്നു. വീടുപണിതശേഷം പ്രശ്നമുണ്ടായിട്ടില്ല. ശരിക്കും ഒരു റിവർസൈഡ് റിസോർട്ടിന്റെ ആംബിയൻസാണ് ഇവിടെ ലഭിക്കുന്നത്.

maramon-home-back-side

വീടിന്റെ മുകൾനില കോൺക്രീറ്റ് ഉപയോഗിക്കാതെ തടി കൊണ്ടാണ് നിർമിച്ചത്. മുകളിൽ പുഴയിലേക്ക് തുറക്കുന്ന പോലെ രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയൊരുക്കി. രണ്ടുമുറികളെയും ബന്ധിപ്പിക്കുന്ന നീളൻ ഇടനാഴിയുമുണ്ട്. വീട്ടിലെ ഹൃദ്യമായ മറ്റൊരിടം ഇതാണ്. ഇവിടെ അലസസുന്ദരമായി ചെലവഴിക്കാൻ കസേരകളുമുണ്ട്. ഇവിടെനിന്നാൽ നടുമുറ്റത്തിന്റെ വിശാലമായ മറ്റൊരു ദൃശ്യവും ലഭിക്കും. മുകൾനിലയിൽ ജിം, ലൈബ്രറി എന്നിവയും ചിട്ടപ്പെടുത്തി. ഇവിടെനിന്നാൽ സ്വീകരണമുറിയുടെ അതിമനോഹരമായ ഓവർവ്യൂ ആസ്വദിക്കാം.

വീടുപോലെ മനോഹരമായ ചുറ്റുവട്ടം...

maramon-home-front

ഗെയ്റ്റിൽനിന്ന് വിശാലമായ മുറ്റത്തിനിരുവശവും ധാരാളം ഫലവൃക്ഷങ്ങളും ഔഷധച്ചെടികളുമുണ്ട്. കൂടാതെ കുളവും വളർത്തുമീനുകളുമുണ്ട്. മുറ്റം പെബിൾ വിരിച്ച് സ്വാഭാവികത്തനിമയിൽ നിലനിർത്തി. മുൻവശത്ത് ഒരുകാളവണ്ടി ഗതകാലസ്മരണകൾ അയവിറക്കി നിലകൊള്ളുന്നു. വീടിന്റെ വശത്ത് കോഴി, മണിത്താറാവ് അടക്കം അരുമകളെ വളർത്തുന്ന ഇടവുമുണ്ട്. വീടിനോടു ചേർന്ന് വശത്തായി വീടിന്റെ മിനിയേച്ചർ തീമിൽ ഗാരിജ്, ജനറേറ്റർ റൂം, ഡ്രൈവേഴ്സ് റൂം എന്നിവ നിർമിച്ചു. മുൻവശത്തെ ബാൽക്കണിയിൽ ഇരുന്നാൽ ചുറ്റുവട്ടത്തിന്റെ ഹരിതഭംഗി കാറ്റിന്റെ തഴുകലിനൊപ്പം ആസ്വദിക്കാം.

ഇനിയും ഒരുപാട് സർപ്രൈസുകൾ ഇവിടെയുണ്ട്. അതെല്ലാം വാക്കുകൾകൊണ്ട് വിവരിക്കുന്നതിനേക്കാൾ നല്ലത് നേരിൽ കണ്ടാസ്വദിക്കുന്നതാണ്...അതുകൊണ്ട് തുടക്കത്തിൽ നൽകിയിരിക്കുന്ന ഈ സ്വപ്നവീടിന്റെ വിഡിയോ മറക്കാതെ കാണുമല്ലോ...

English Summary:

Traditional Home look like Varikkaseri Mana in Maramon- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com