ADVERTISEMENT

ഏകദേശം 7 വർഷങ്ങൾക്കുമുൻപാണ്,  ഉള്ളതെല്ലാം സ്വരുക്കൂട്ടിയും കടം വാങ്ങിയും 10 സെൻറ് സ്ഥലം വാങ്ങിയത്. ഭാവിയിലേക്ക് ഒരു സമ്പാദ്യം എന്ന നിലയിലാണ് അന്ന് വാങ്ങിയിട്ടത്. കുറച്ചു തേക്കും മഹാഗണിയും നട്ടിട്ടുപോയതാണ്.

വർഷങ്ങൾ കഴിഞ്ഞു. ജീവിതം ചെന്നൈയിൽനിന്ന് അബുദാബി, അവിടെനിന്ന് എറണാകുളം... അങ്ങനെ കറങ്ങിത്തിരിഞ്ഞു. വാടകവീട്ടിൽ നിന്ന് വാടകവീട്ടിലേക്കു ജീവിതം മാറിമാറി കഴിഞ്ഞുപോയി. വാടക കൂടി വന്നതും ഇടയ്ക്കിടയ്ക്ക് വീട് മാറലും ഒക്കെ ആയപ്പോൾ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉടലെടുത്തു.

എറണാകുളത്തു ഒരു അപാർട്മെന്റ് ആയിരുന്നു ആദ്യ ലക്ഷ്യം. സാധാരണക്കാർക്ക് അവിടെ സ്ഥലം വാങ്ങി വീടുപണി സ്വപ്നത്തിൽ പോലും നടക്കില്ലല്ലോ...  Olx ജീവിതത്തിന്റെ ഒരു ഭാഗമായി. പക്ഷേ നമ്മുടെ ബജറ്റിൽ  ഒതുങ്ങുന്ന ഒരെണ്ണം കണ്ടുകിട്ടിയില്ല. ഉള്ളതാണേൽ ഇടുങ്ങിയ മുറികളും വഴിയില്ലാത്തതും പാർക്കിങ് സൗകര്യം ഇല്ലാത്തതും...അപ്പോഴാണ് മരട്  ഫ്ലാറ്റ് പൊളിക്കലും... അവസാനം നാട്ടിൽ അന്ന് വാങ്ങിയിട്ട സ്ഥലത്തു വീട് പണിയാം എന്ന് തീരുമാനിച്ചു.

പ്ലാൻ & എലിവേഷൻ 

വരയിൽ കുറച്ചു താല്പര്യം ഉള്ളത് കൊണ്ട് വരച്ചു തുടങ്ങി. കുറെ പ്ലാനുകൾ നോക്കി മാറ്റിമാറ്റി വരച്ചു.  ഒരുനില വേണോ രണ്ടുനില വേണോ എന്നായിരുന്നു വലിയ  ചോദ്യം. താഴെ രണ്ടു ബെഡ്‌റൂം മുകളിൽ ഒരെണ്ണം അങ്ങനെ ഫൈനൽ ആക്കി. വീട്ടിലിരുന്നു വർക്ക് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട്  മുകളിൽ ഒരു റൂം എടുത്തു ഓഫിസ്  പോലെ  ഉപയോഗിക്കാം  എന്ന് തീരുമാനിച്ചു. (കോവിഡ് കാലത്ത് വർക്ക് @ ഹോം ആയപ്പോൾ അത് ഉപകാരമായി) 

പ്ലാൻ ആയതിനുശേഷം എൻജിനീയർക്ക്  കൊടുത്തു. എലിവേഷൻ സ്വന്തമായി  ഫോട്ടോഷോപ്പ് ഉപയോഗിച്ച് തട്ടിക്കൂട്ടി. ഓരോ മുറികളും അടുക്കളയും ഇന്റീരിയറും പ്ലാൻ ചെയ്തു. 

കോൺട്രാക്ട്

ജോലിയുമായി എറണാകുളത്തു കുടുംബസമേതം ആയതിനാൽ ഫുൾ കോൺട്രാക്ട് കൊടുക്കാനായിരുന്നു തീരുമാനം. തറപണി മുതൽ, നനയ്ക്കൽ , ഇന്റീരിയർ, ഫിനിഷിങ് വർക്സ് , ലൈറ്റ്- ഫാൻ ഫിറ്റിങ് അടക്കം ഫുൾ വർക്ക്..  . അങ്ങനെ ബന്ധുവിനെ പണി ഏൽപിച്ചു. ഫുൾ ഡ്രോയിങ്‌സ് പ്രിന്റ് എടുത്തുകൊടുത്തു.

linson-home-inside

2019 ചിങ്ങമാസത്തിൽ പണി തുടങ്ങി. 2020 മെയ് അവസാനം താമസം തുടങ്ങണം (സ്‌കൂൾ തുറക്കുമുൻപ് ) എന്നതായിരുന്നു പ്രധാന ആവശ്യം. ഹോം ലോൺ എടുക്കേണ്ട എന്നും തീരുമാനിച്ചു. കയ്യിൽ ഉള്ള തുകയും സംഘടിപ്പിക്കാവുന്ന തുകയും എത്രയെന്ന് ഏകദേശബോധ്യമുള്ളതുകൊണ്ട്,  ബജറ്റ് കൂടരുതെന്നു നിർബന്ധം ഉണ്ടായിരുന്നു. 

ലോക്ഡൗൺ

നല്ല സ്പീഡിൽ വർക്ക് നടക്കുമ്പോഴാണ്  ലോക്ഡൗൺ ആയത്. ഫ്ലോറിങ് സ്‌റ്റേജിൽ ഒരുമാസത്തോളം വർക്ക് തടസപ്പെട്ടു. പക്ഷേ സാമഗ്രികൾ മുന്നേ വാങ്ങിവച്ചിരുന്നതുകൊണ്ടു ലോക്ഡൗൺ ശേഷമുള്ള വിലക്കയറ്റം ബാധിച്ചില്ല. പണിക്കാർ നല്ല രീതിയിൽ സഹകരിച്ചതുകൊണ്ട് ഞങ്ങൾ പ്ലാൻ ചെയ്തപോലെ ഫിനിഷ് ആയി.

linson-home-kitchen

സ്കൂൾ തുറന്നില്ലെങ്കിലും വീടുപണി  പൂർത്തിയാക്കി ജൂൺ 10 നു താമസം തുടങ്ങി. മുൻകൂട്ടി പറഞ്ഞ തുകയിൽ കൃത്യമായി പണിതീർത്തു. അതുകൊണ്ടു വലിയ കടബാധ്യതകൾ ഉണ്ടായില്ല.

തേക്കും മഹാഗണിയും കൂടാതെ ഇപ്പോൾ തെങ്ങ്, പ്ലാവ്, മാവ്, റംബുട്ടാൻ, ചാമ്പ, അരിനെല്ലിക്ക, മാതളം, ഞാവൽ, കപ്പ, മഞ്ഞൾ, വാഴ, പാവയ്ക്ക, വെണ്ട, കുമ്പളം, മത്തൻ, പച്ചമുളക്, കറിവേപ്പ്, ആര്യവേപ്പ്, തുളസി, പാഷൻഫ്രൂട്ട് പിന്നെ കുറച്ചു ചെടികളും ഒക്കെയുണ്ട്.  എല്ലാ തീരുമാനങ്ങളും നന്നായി നടന്നു. അല്ലെങ്കിൽ ഇഷ്ടമില്ലാതെ, വലിയ വില കൊടുത്ത് ഇടുങ്ങിയ അപാർട്മെന്റ് വാങ്ങി മെയ്ന്റനൻസ് ചാർജും  കൊടുത്തു  ജീവിക്കേണ്ടി വന്നേനെ... 

Cost 

1500 / square feet. കോൺട്രാക്ടിൽ ഉൾപെടാത്തത്- ചുറ്റുമതിൽ, ഗേറ്റ്, ഫർണിച്ചർ, ഫാൻസി ലൈറ്റ്, ഇന്റർലോക്ക്,  ട്രസ് വർക്ക്...

  • ഫർണിഷിങ്ങിൽ മരം പരമാവധി കുറച്ചു.മുൻജനലുകൾ സ്റ്റീലാണ് ഉപയോഗിച്ചത്. ബാക്കി ജനലുകൾ കോൺക്രീറ്റ് ഉപയോഗിച്ചു. ജനൽ-വാതിലുകൾ എല്ലാം അലൂമിനിയം ഉപയോഗിച്ചു. 
  • ചുവർ കെട്ടാൻ കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചു .കിച്ചൻ കബോർഡുകൾ ഫെറോസിമന്റിൽ പണിതു അലൂമിനിയം (ACP) ഡോർവച്ചു. ഫാൾസ് സീലിങ് ഒഴിവാക്കി ലൈറ്റ് പോയന്റുകൾ നേരിട്ടുനൽകി. 
  • ടൈൽസ്, സാനിറ്ററി എന്നിവ ബ്രാൻഡഡ് വേണ്ടെന്നുവച്ചു. പരമാവധി കടകൾ കേറിയിറങ്ങി വില നോക്കി.  ഇലക്ട്രിക്കൽ എല്ലാം എറണാകുളത്തുനിന്ന് ഹോൾസെയിലായി വാങ്ങി.

വീടുപണി ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമാണ്. എല്ലാവർക്കും സ്വന്തം വീടുണ്ടാകട്ടെ, ഉണ്ടാക്കാൻ കഴിയട്ടെ... ചെറുതോ വലുതോ ഒരു നിലയോ രണ്ടു നിലയോ എന്നതിലുപരി സന്തോഷവും സമാധാനവും നിറഞ്ഞ വീടാകട്ടെ...

English Summary:

Malayali Family Share their House Construction Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com