ADVERTISEMENT

ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന മാധ്യമമാണ് സിനിമ. പഴയ സിനിമകൾ കാണുമ്പോൾ കൂടെ ആ കാലത്തെ ജീവിതരീതികളും അടിസ്ഥാനസൗകര്യങ്ങളും കാണാം. ഇതേമാറ്റം നമ്മുടെ ഭവനനിർമാണ ശൈലികളിലും പ്രകടമാണ്.1970-80 കളിൽ എങ്ങനെയെങ്കിലും ഒരുകൂര ഒരുക്കുക എന്നതിൽനിന്നും 90 കളിൽ ഗൾഫ് പണത്തിന്റെ വരവോടെ പുതിയ പരീക്ഷണങ്ങൾക്ക് നിർമാണമേഖലയിൽ കളമൊരുങ്ങി. 

2000 കടന്നതോടെ കോൺക്രീറ്റ് വീടിന്റെ വസന്തകാലം ആരംഭിച്ചു.രണ്ടുനില വീടുകൾ പ്രചാരത്തിലായത് അതിനുശേഷമാണ്. അതോടെ നിർമാണസാമഗ്രികളുടെ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെട്ടു. വീട് പണിയാൻ പുതിയ സാമഗ്രികൾ, അകത്തളം മോടിപിടിപ്പിക്കാൻ പുതിയ വസ്തുക്കൾ പ്രചാരത്തിലായി. അവയുടെ ഷോറൂമുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം തുറന്നു. തമ്മിൽ കിടമത്സരവും ആരംഭിച്ചു.

മാർബിളും ഗ്രാനൈറ്റും വിട്രിഫൈഡും വീടുകളിൽ വരവറിയിച്ചു. പുട്ടിയുടെ വരവ് ചുമരുകളെ ഗംഭീരമാക്കി. മിനുസമുള്ള പ്രതലങ്ങളെ മലയാളി പ്രണയിച്ചുതുടങ്ങുന്നത് അങ്ങനെയാണ്. പുട്ടിയുടെ മീതെ പലതരവർണങ്ങളുമെത്തി. ഗ്രാമപ്രദേശങ്ങളിൽ പോലും പെയിന്റും അനുബന്ധ വ്യാപാരവും  പൊടിപൊടിക്കുന്നു. ഇന്റീരിയർ എന്ന പേരിൽ വീട്ടകങ്ങളെ അണിയിച്ചൊരുക്കലും പൊടിപൊടിക്കുന്നുണ്ട്. കേരളത്തിൽ ഒരുവർഷം വിറ്റഴിക്കുന്ന പ്ലൈവുഡ് വിപണി എത്രയാണെന്ന് എനിക്കറിയില്ല. എങ്കിലും ഉൾപ്രദേശങ്ങളിലെ പ്ലൈവുഡ് കച്ചവടം പോലും ലക്ഷങ്ങളുടേതാണ് എന്നറിയാം. അതായത് മലയാളിയും അവരുടെ വീടുകളും അണിഞ്ഞൊരുങ്ങാൻ തുടങ്ങിയത്  ഇക്കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലാണ് എന്നർഥം. 

ഇതിനോടനുബന്ധമായി കേരളത്തിൽ മറ്റൊരു കാര്യവും സംഭവിച്ചു. 30 വയസ്സിനകത്ത് വീടുവയ്ക്കാൻ സാമ്പത്തികമായി പ്രാപ്തരായ യുവാക്കൾ ഉണ്ടായി എന്നതാണത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിയും, ഐടി, പ്രവാസം, ബിസിനസ് എന്നിവ ഈ ട്രെൻഡിനു ഊർജമേകി. 

കൂട്ടുകുടുംബം ഏത് വിധേനയും നിലനിർത്താനായി കിണഞ്ഞുപരിശ്രമിച്ച കാരണവൻമാർ നിസ്സഹായരായി. അഞ്ചും ആറും സഹോദരൻമാർ കൂട്ടുകുടുംബങ്ങളിൽനിന്ന് പിരിഞ്ഞുപോയി. ഓരോരുത്തരും ഓരോ വീടുകൾ വച്ചുതുടങ്ങി. സ്വന്തമായി വീടില്ലാത്തവർ വിലാസമില്ലാത്തവരായി പരിഗണിക്കാൻ തുടങ്ങി. ആറ് മക്കൾക്കുവേണ്ടി ആറ് റൂമുകളുള്ള വമ്പൻവീട് പണിത മാതാപിതാക്കൾ, ആറ് മക്കളും വീടുവിട്ടുപോകുന്നത് സങ്കടത്തോടെ നോക്കി നിൽക്കേണ്ടിവന്നു.  

മറ്റൊരു വിരോധാഭാസം, വിരുന്നുകാർ ധാരാളമായി വന്നകാലത്ത് ആവശ്യത്തിന് ഗസ്റ്റ് ബെഡ്റൂമുകൾ കേരളത്തിലുണ്ടായിരുന്നില്ല. ഗസ്റ്റ് ബെഡ്റൂമുകൾ എല്ലാ വീട്ടിലും നിർമിച്ചപ്പോൾ വിരുന്നുകാർ എന്ന വംശം ഇല്ലാതെയുമായി. 

ജീവിതത്തിൽ ഒരുതവണ മാത്രമേ വീട് പണിയൂ എന്ന സങ്കൽപവും തകർന്നു. 'വീടും വിവാഹവും ഒന്നിൽ കൂടുതലാവാം' എന്നത് തികഞ്ഞ സ്വാഭാവികതയാണിന്ന്. ഈ മേഖലയിൽ മാറ്റം നിശ്ചലമായിട്ടില്ല. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബമായപ്പോഴാണ് വീട് വിപണിയുടെ വസന്തകാലമുണ്ടായത്. ഭാര്യ, ഭർത്താവ്, കുട്ടികൾ എന്ന കുടുംബത്തിന്റെ സൗകര്യങ്ങൾ പരിഗണിച്ചാണല്ലോ നാമിപ്പോൾ വീടുകൾ പണിയുന്നത്. ഇനി മനുഷ്യർ ഒറ്റയ്ക്ക് താമസിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സ്റ്റുഡിയോ വീടുകളാവും ഭാവിയിലെ വമ്പൻ ട്രെൻഡ് എന്നാണ് എന്റെ കണക്കുകൂട്ടൽ.   

അഞ്ചും ആറും ബാത്ത്റൂമുകൾ വീടുകളിലിനി ആവശ്യമില്ല. ഗസ്റ്റ്ബെഡുകൾക്കിനി പണം മുടക്കേണ്ടതില്ല. വമ്പൻ അടുക്കളകൾ ഓർമയാകാനുമിടയുണ്ട്. 'കുടുംബം' എന്ന നാം പരിചയിച്ച വാക്കുപോലും പുതിയ അർഥതലങ്ങളിലേക്ക് മാറുകയാണ്. ചെറുപ്പക്കാർ കുടിയേറുന്നതോടെ വൃദ്ധർ മാത്രമുള്ള വീടുകൾ പെരുകുന്നു. നാട്ടിലുള്ള ചെറുപ്പക്കാർ നഗരങ്ങളിലേക്ക് ചേക്കേറുമ്പോൾ അവരുടെ സമാന്തര കമ്യൂണിറ്റിയും രൂപംകൊള്ളുന്നുണ്ട്.

ഒടുക്കം:

പല ആധുനിക വീടുകളിലും സങ്കടങ്ങൾക്കും രോഗികൾക്കും പിണക്കത്തിനും കുഞ്ഞിന്റെ കരച്ചിലിനും സ്ഥാനമില്ലെന്നാണ് ഭാവനാസമ്പന്നനായ സുഹൃത്തിന്റെ കണ്ടെത്തൽ. അവിടെ സന്തോഷം മാത്രമേ പ്രദർശിപ്പിക്കാവൂ. സ്വാഭാവിക ജീവിതത്തിന്റെ അലങ്കോലമാക്കലുകൾക്ക് അവിടെ സ്ഥാനമില്ല. റിസോർട്ട് / ഡിസ്‌പ്ലെ ഷോറൂം പോലെ എപ്പോഴും മിനുങ്ങിനിൽക്കണമത്രേ.... 

English Summary:

Changing Housing Trends in Kerala due to change in Generation- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com