ADVERTISEMENT

ഭവനവിലയും കുതിച്ചുയരുന്ന വാടക നിരക്കുമൊക്കെ ലോകത്തിന്റെ എല്ലാഭാഗത്തും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. യുകെയിലും കാനഡയിലുമെല്ലാം ഭവന പ്രതിസന്ധി രൂക്ഷമായത് വാർത്തയായിരുന്നല്ലോ...ബെംഗളൂരുവിൽ ഒരു കുടുസ്സുമുറി വാടകയ്ക്ക് ലഭിക്കണമെങ്കിൽ  നേരിടേണ്ടിവരുന്ന ബദ്ധപ്പാടുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

ലോകമെങ്ങും താമസത്തിന് ഒരിടം  കണ്ടെത്താൻ എത്രത്തോളം പ്രയാസമാണ് എന്നതിന്റെ ഉദാഹരണങ്ങളായി ഇതെല്ലാം  കാണാം. ഫലമോ? വേറിട്ട പരിഹാര മാർഗങ്ങൾ മനുഷ്യൻ തേടി തുടങ്ങും. അത്തരത്തിൽ ഒരു ചൈനാക്കാരൻ വാടകയിൽനിന്ന് രക്ഷ നേടാനായി സ്വന്തം കാർ വീടാക്കി മാറ്റിയിരിക്കുകയാണ്.

ചൈനയിലെ വൻനഗരങ്ങളിൽ വാടക നിരക്ക് കുതിച്ചുയരുന്നതാണ് ഷാങ്ഹായിൽ നിന്നുള്ള വാങ് ഹോങ് എന്ന യുവാവിനെ വേറിട്ട ജീവിതരീതി അവലംബിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസങ്ങളായി വാങ്ങിന്റെ ഊണും ഉറക്കവുമെല്ലാം സ്വന്തം കാറിലാണ്.

കാറിലേക്ക്  മാറുന്നതിനു മുൻപ് ഒരു മുറിക്കായി പ്രതിമാസം 3000 യുവാനാണ് (35000 രൂപ) വാടകയിനത്തിൽ വാങ് നൽകിയിരുന്നത്. തനിക്ക് ലഭിക്കുന്ന ശമ്പളംകൊണ്ട് വീട്ടുടമയുടെ കുടുംബം മാത്രം രക്ഷപ്പെടുന്ന അവസ്ഥയാണെന്ന് മനസ്സിലായതോടെയാണ് വാങ് കാറിൽ തന്നെ താമസം ആരംഭിക്കാൻ തീരുമാനിച്ചത്.

പോർട്ടബിൾ ബാറ്ററി വാങ്ങി കാറിൽ സ്ഥാപിച്ചതോടെ വെളിച്ചവും ചൂടും കൃത്യമായി ലഭിക്കുമെന്ന് ഉറപ്പാക്കാനായി. ഇൻസുലേറ്റഡ് ഫോം ഷീറ്റുകളും കൊണ്ടുനടക്കാവുന്ന സ്റ്റൗവും വാങ്ങി. കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്താനായി ചെറിയ വെന്റിലേറ്റർ സംവിധാനവും ഒരുക്കിയതോടെ അടിസ്ഥാന സൗകര്യങ്ങളുള്ള കാർവീട് റെഡി.

ഉപയോഗമില്ലാതെ കിടക്കുന്ന റോഡുകളിൽ പാർക്ക് ചെയ്ത ശേഷമാണ് ഉറങ്ങുന്നത്. കാർവീട്ടിലേക്ക് മാറിയശേഷം  തനിക്ക് കുറഞ്ഞത് 10000 യുവാനെങ്കിലും (1.15 ലക്ഷം രൂപ)  ലാഭിക്കാൻ സാധിച്ചുവെന്ന് വാങ് പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം ചൈനയിലെ മുൻനിര നഗരങ്ങളിൽ മുറികളുടെ വാടക പ്രതിമാസം 2200 മുതൽ 4000 യുവാൻ (26000 രൂപ മുതൽ 47000 രൂപ) വരെയാണ്. അതേസമയം  ഒന്നാം നിര നഗരങ്ങളിലെ തൊഴിലാളികളുടെ ശരാശരി പ്രതിമാസശമ്പളം 11000 യുവാനുതാഴെയാണ്. ഈ സാഹചര്യത്തിൽ വാങ്ങിന്റെ പുതിയ ജീവിതരീതി വാർത്തയായതോടെ താരതമ്യേന ശമ്പളം കുറവുള്ള ആളുകൾ ജീവിക്കാനായി ഇത്തരം വേറിട്ട തീരുമാനങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

English Summary:

Rent Hike- Chinese Man Converted Own Car to House- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com