ADVERTISEMENT

അയോധ്യയിലെ രാമക്ഷേത്രത്തെ വിശ്വാസങ്ങളുടെയും ആധുനിക ശാസ്ത്രത്തിന്റെയും സമന്വയമെന്നു വിശേഷിപ്പിക്കാം.  നൂതന വാസ്തുശിൽപ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്ന ക്ഷേത്രം ആയിരം വർഷമെങ്കിലും കേടുപാടുകൾ കൂടാതെ നിലനിൽക്കുമെന്നാണ് നിർമാതാക്കളുടെ ഉറപ്പ്. അതുകൊണ്ടുതന്നെ ആധുനിക എൻജിനീയറിങ്ങിന്റെ വിസ്മയമായി വരുംകാലങ്ങളിൽ ക്ഷേത്രം അറിയപ്പെടും.

ശക്തമായ ഭൂകമ്പങ്ങളെയും തീവ്രമായ വെള്ളപ്പൊക്കത്തെയും ചെറുക്കാനുള്ള കഴിവോടെയാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ടാറ്റാ കൺസൽറ്റിങ് എൻജിനീയേഴ്സ് ലിമിറ്റഡിന്റെ മാനേജ്മെന്റുമായി ചേർന്ന് ലാർസൻ ആൻഡ് ടൂബ്രോയാണ് നിർമാണം നടത്തിയിരിക്കുന്നത്. 

പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ രൂപകൽപന. ആധുനിക കെട്ടിട നിർമാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന സ്റ്റീൽ, ഇരുമ്പ്, സിമന്റ് എന്നിവ ഒഴിവാക്കി പൂർണ്ണമായും കല്ലിൽ നിർമിച്ച 360 തൂണുകൾ ഇവിടെയുണ്ട്. മറ്റു നിർമാണ സാമഗ്രികളെ അപേക്ഷിച്ച് കല്ലിന് കൂടുതൽ ആയുസ്സും മികച്ച ഈടുമുള്ളതിനാൽ നിർമിതിയുടെ ഭൂകമ്പ പ്രതിരോധശേഷി വർധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ക്ഷേത്രത്തിന്റെ നിർമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയത അതിന്റെ അടിത്തറയിലാണ്. ഫ്ലൈ ആഷ്, ഡസ്റ്റ്, രാസവസ്തുക്കൾ എന്നിവ അടങ്ങുന്ന റോൾഡ് കോംപാക്റ്റഡ് കോൺക്രീറ്റിന്റെ 56 പാളികളടങ്ങുന്ന 15 മീറ്റർ ഘനമുള്ള അടിത്തറയാണ് ക്ഷേത്രത്തിന്റേത്. ഇതിനുപുറമേ, നിർമിതിയെ ഈർപ്പത്തിൽനിന്നു സംരക്ഷിക്കാനും ദൃഢത കൂടുതൽ ഉറപ്പാക്കാനും ഗ്രാനൈറ്റിൽ നിർമിച്ച 21 അടി ഘനമുള്ള അടിക്കെട്ടുമുണ്ട്. 

കുത്തൊഴുക്കുള്ള നദികൾക്കു കുറുകെ നിർമിക്കുന്ന വലിയ പാലങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണ് അടിത്തറയുടെ തൂണുകൾ.  നിർമാണ പ്രക്രിയയിൽ ഒട്ടേറെ വെല്ലുവിളികളും നേരിട്ടിരുന്നു. സെൽഫ് കോംപാക്ടിങ് കോൺക്രീറ്റ് ഉപയോഗിക്കുന്ന സമയത്ത് താപനില 18 ഡിഗ്രിയിൽ താഴെ നിലനിർത്തുക എന്നതായിരുന്നു അതിലൊന്ന്. ഇതിനായി ഓൺ സൈറ്റ് ഐസ് ക്രഷിങ് പ്ലാന്റുകൾ ഉപയോഗിച്ചു. ബാഹ്യ താപനിലയുടെ ആഘാതം കുറയ്ക്കുന്നതിനായി രാത്രിസമയങ്ങളിൽ മാത്രമാണ് അടിത്തറയിൽ കോൺക്രീറ്റ് നിറച്ചത്. 150 എൻജിനീയർമാരും ആയിരക്കണക്കിനു തൊഴിലാളികളും അടങ്ങുന്ന ടീമിന്റെ വൈദഗ്‌ധ്യം ക്ഷേത്രനിർമാണത്തിൽ പ്രകടമാണ്.  44 വാതിലുകളാണ് ക്ഷേത്രത്തിലുള്ളത്. ശ്രീകോവിലിന്റേത് അടക്കം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട 14 വാതിലുകളിൽ സ്വർണം പൂശുന്നുണ്ട്.

6.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ അതിജീവിക്കാൻ കഴിവുള്ളതാണ് ക്ഷേത്രം. അയോധ്യ മുതൽ നേപ്പാൾ വരെയുള്ള പ്രദേശങ്ങളിൽ ഇന്നോളം ഉണ്ടായിട്ടുള്ള ഭൂകമ്പങ്ങളുടെ തീവ്രതയെക്കുറിച്ച് വിശദമായി പഠനം നടത്തിയ ശേഷമാണ് ക്ഷേത്രത്തിന്റെ സവിശേഷമായ അടിത്തറയ്ക്ക് രൂപം നൽകിയത്.  പ്രദേശത്ത് മുൻപുണ്ടായിട്ടുള്ള വെള്ളപ്പൊക്കങ്ങളെപ്പറ്റി വിശദമായി പഠിച്ചിരുന്നു. അതനുസരിച്ച്, ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഭാവിയിലും വെള്ളപ്പൊക്ക സാധ്യതയില്ലാത്തതാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

ram-mandir-night
അയോധ്യ നഗരത്തിന്റെ രാത്രികാലദൃശ്യം. രാഹുൽ ആർ പട്ടം (മനോരമ)

ക്ഷേത്ര നിർമാണത്തിൽ കല്ലുകൾ കൂടുതലായി ഉപയോഗിച്ചത്  മികച്ച തീരുമാനമാണെന്ന് റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും അഭിപ്രായപ്പെട്ടിട്ടുണ്ട്.

English Summary:

Ram Temple in Ayodhya- An Architecture Marvel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com