ADVERTISEMENT

2036ൽ ഇന്ത്യയിൽ ആവശ്യമായ വീടുകളുടെ എണ്ണം 93 ദശലക്ഷം എന്ന ഭീമമായ കണക്കിലേക്കെത്തുമെന്ന് റിപ്പോർട്ട്. നിലവിലെ ഭവന ആവശ്യകതയുടെ മൂന്നിരട്ടിയിൽ അധികമാണിത്. 2021ൽ ഭവന ആവശ്യകത 30 ദശലക്ഷമായിരുന്നു. CREDAI, ലിയാസെസ് ഫോറാസിന്റെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. വാരണാസിയിലെ ന്യൂ ഇന്ത്യ ഉച്ചകോടിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

നഗര- ഗ്രാമ പ്രദേശങ്ങളിലെ വർധിച്ചുവരുന്ന ജനസംഖ്യ, ശക്തമായ മാക്രോ ഇക്കണോമിക് സൂചകങ്ങൾ, അനുകൂലമായ ജനസംഖ്യാ ശാസ്ത്രം തുടങ്ങയവയാണ് ഭവന ആവശ്യകത വർധിക്കുന്നതിന്റെ സുപ്രധാന കാരണങ്ങൾ. റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയുടെ ഈ അടുത്ത തരംഗം ടയർ II, ടയർ III മാർക്കറ്റുകളിൽ നിന്ന് ഉടലെടുക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ വളർന്നു വരുന്ന പ്രദേശങ്ങളിലെ വാണിജ്യ പ്രവർത്തനങ്ങൾ വർധിക്കുന്നതിനൊപ്പം സ്മാർട്ട് സിറ്റികൾ ആരംഭിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. അതിവേഗം വളരുന്ന ഇന്ത്യൻ ജനസംഖ്യയും സമ്പദ് വ്യവസ്ഥയുമാണ് വീടുകളുടെ ഡിമാൻഡും വിതരണവും ത്വരിതപ്പെടുത്തുന്നത്.

സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ വലിയ വീടുകൾ തന്നെ തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 2023ൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ രാജ്യത്തുടനീളം 19050 റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 45 ശതമാനവും റസിഡൻഷ്യൽ വിഭാഗത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. 

വിലനിർണ്ണയ പ്രവണതയുടെ കാര്യമെടുത്താൽ അപ്പാർട്ട്‌മെന്റ് വിലകളിൽ ആറു ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു ചതുരശ്ര അടിയുടെ വില 11660 രൂപയിൽ എത്തി. 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ മാറ്റത്തിന്റെ പ്രധാന ഘടകം റിയൽ എസ്റ്റേറ്റ് മേഖലയിലെ വികസനമാണെന്ന് കരുതുന്നതായി ക്രഡായുടെ ചെയർമാനായ മനോജ് ഗൗർ പറയുന്നു. 

English Summary:

Housing Demand in India set to touch 93 Million by 2036- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com