ADVERTISEMENT

നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. 828 മീറ്റർ ഉയരത്തിൽ 163 നിലകളുമായാണ് ബുർജ് ഖലീഫ വിസ്മയിപ്പിക്കുന്നത്. ഇത്തരത്തിൽ ഉയരംകൊണ്ട് വിസ്മയിപ്പിക്കുന്ന ഒട്ടനേകം കെട്ടിടങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം.

ഇപ്പോൾ ബിഹാറിലെ ഒരു വീട് സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. മുസാഫർപുറിലാണ് 'ബിഹാറിലെ ബുർജ് ഖലീഫ' എന്ന് ചിലർ വിശേഷിപ്പിക്കുന്ന ഈ അദ്‌ഭുതവീടുള്ളത്.

സന്തോഷ് എന്ന ഉടമ വെറും ആറടി വീതിയുള്ള മണ്ണിൽ, അഞ്ചുനിലകളിലായി നിർമിച്ച വീടാണിത്. വെറും അഞ്ചടി മാത്രമാണ് വീടിന്റെ ഉൾഭാഗത്ത് വീതി. 2015 ൽ നിർമിച്ചതെങ്കിലും അടുത്തിടെയാണ് സമൂഹമാധ്യമത്തിലൂടെ വീട് താരമായത്.

ആദ്യം വീട് നിർമിച്ചത് ഇന്നുകാണുന്ന രീതിയിൽ ആയിരുന്നില്ല. 'സൗകര്യങ്ങൾ ഒന്നുമില്ലാത്ത വീട്ടിൽ ജീവിക്കാനാവില്ല' എന്ന് തിരിച്ചറിഞ്ഞതോടെ സന്തോഷ് ഒരു എൻജിനീയറെ കണ്ട് വ്യത്യസ്തമായ ഒരു പ്ലാനിന് രൂപം നൽകുകയായിരുന്നു. അധികസ്ഥലം വാങ്ങി മറ്റൊരു വീട് വയ്ക്കുക സാധ്യമല്ലാത്തതിനാലായിരുന്നു ഈ തീരുമാനം.

വീടിന് നടുവിൽനിന്ന് കൈകൾ ഇരുവശത്തേക്ക് നീട്ടിയാൽ ഭിത്തികളിൽ തൊടാനാകും. അത്ര ഇടുങ്ങിയ സ്ഥലമാണെങ്കിലും സാധാരണ ഒരുവീട്ടിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് വീടിനെ തിരിച്ചിരിക്കുന്നത്. ഒരുവശത്ത് മുറികളും മറുവശത്ത് മുകളിലേക്ക് കയറാനുള്ള പടവുകളും ഉൾപ്പെടുന്നു. നിലവിൽ ഈ വീട് കച്ചവട സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

ഇല്ലാത്തതിനെ കുറിച്ചോർത്ത്  വിഷമിക്കുന്നവർക്കിടയിൽ, ഉള്ളസ്ഥലത്ത് ഇത്തരമൊരു കെട്ടിടം നിർമിച്ച സന്തോഷ് മാതൃകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വീടിന്റെ വിഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു. അതേസമയം വീടിന്റെ നിർമാണം സുരക്ഷിതമായ രീതിയിലാണോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല.

English Summary:

Five Storey House in Six foot wide Land in Bihar- Video Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com