ADVERTISEMENT

സ്വത്ത് കൈവശപ്പെടുത്തി മാതാപിതാക്കളെ തെരുവിലേക്ക്  ചവിട്ടിയിറക്കുന്ന മക്കളെക്കുറിച്ചുള്ള കഥകൾ നമുക്ക് പുതുമയല്ല. ലോകത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട് എന്നതാണ് വിഷമകരമായ യാഥാർഥ്യം.

ആരോഗ്യം ക്ഷയിച്ച വൃദ്ധമാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി വീട് കൈവശപ്പെടുത്തിയ ശേഷം അവരെ തെരുവിലേക്ക്  ഇറക്കി വിട്ടിരിക്കുകയാണ് ചൈനക്കാരനായ ഒരു മകൻ. കൊടുംക്രൂരത എന്ന്  വിശേഷിപ്പിക്കാവുന്ന പ്രവൃത്തി ചൈനീസ് മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

86 കാരനായ ജിൻ എന്ന വയോധികനും  ഭാര്യയുമാണ് മകന്റെ ക്രൂരതകൾക്ക് ഇരയായത്. ഒരു സർവകലാശാലയിലെ ജീവനക്കാരനായിരുന്ന ജിന്നിന് ജോലി ചെയ്തിരുന്ന സ്ഥാപനം അനുവദിച്ചു നൽകിയ ഫ്ലാറ്റിന്റെ ഉടമസ്ഥത മകനും കുടുംബവും തട്ടിയെടുക്കുകയായിരുന്നു.

1990 കൾ മുതൽ ജിന്നും ഭാര്യയും ഈ ഫ്ലാറ്റിലായിരുന്നു താമസം. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ശസ്ത്രക്രിയയെ തുടർന്ന് ജിൻ അവശനിലയിലായതോടെ മകനും ഭാര്യയും ഫ്ലാറ്റ് ചെറുമകന്റെ പേരിൽ എഴുതി തരണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തുടങ്ങി. ഒരിക്കലും ഈ ഭീഷണിക്കു വഴങ്ങരുതെന്ന് ജിന്നിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകനെയും കുടുംബത്തെയും വിശ്വസിച്ച ജിൻ ഭാര്യ അറിയാതെതന്നെ ഉടമസ്ഥാവകാശം രേഖാമൂലം കൈമാറി.

എന്തുതന്നെയായാലും തന്റെ കാലശേഷം മകനും ചെറുമകനും ചെന്നുചേരേണ്ട വീടായതിനാൽ മരിക്കുവോളം അവർ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് ജിൻ കരുതിയത്. 1.05 ദശലക്ഷം യുവാൻ (1.22 കോടി രൂപ) മൂല്യമുള്ള വീടായിരുന്നെങ്കിലും ഒരു രൂപ പോലും മകൻ നൽകിയിരുന്നില്ല. മരണം വരെ ഈ ഫ്ലാറ്റിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന ധാരണയിലാണ് വീട് കൈമാറിയത്. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം മുകളിലുള്ള ഫ്ലാറ്റിലേക്ക് കയറാനോ ഇറങ്ങാനോ ആവാത്ത വിധം ജിന്നിന്റെ ആരോഗ്യം വഷളായി. അതോടെ ഈ ഫ്ലാറ്റ് ഒരു സുഹൃത്തിന് വാടകയ്ക്ക് വിട്ടുകൊടുത്ത ശേഷം ജിന്നും ഭാര്യയും മറ്റൊരു റസിഡൻഷ്യൽ കമ്മ്യൂണിറ്റിയിൽ താഴത്തെ നിലയിലുള്ള വീട് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചു. 

എന്നാൽ മകന്റെ പദ്ധതി മറ്റൊന്നായിരുന്നു. ഫ്ലാറ്റ് വില്പന ചെയ്തശേഷം ആ തുകയ്ക്ക് ഒരു വില്ല വാങ്ങാൻ പോവുകയാണെന്ന് അയാൾ ജിന്നിനെ അറിയിച്ചു. ഇതിന് തടസ്സം പറഞ്ഞതോടെ മകൻ മാതാപിതാക്കളെ അസഭ്യം പറയുകയായിരുന്നു. ഫ്ലാറ്റിൽ നിന്നുള്ള വാടക മുഴുവൻ മകൻ തന്നെയാണ് വാങ്ങിയെടുത്തിരുന്നത്. ഫ്ലാറ്റിന്റെ വാടക കാലാവധി അവസാനിച്ചതോടെ  അതുവരെ താമസിച്ചിരുന്ന വീടൊഴിഞ്ഞ് പഴയ ഫ്ലാറ്റിലേക്ക് ജിന്നും ഭാര്യയും താമസത്തിനെത്തി. തങ്ങൾ അവിടെ താമസമാക്കിയാൽ മകന് ഫ്ലാറ്റ് വിൽക്കാൻ സാധിക്കില്ലല്ലോ എന്നതായിരുന്നു അവരുടെ ചിന്ത. എന്നാൽ ഇവർ എത്തും മുൻപുതന്നെ പുതിയ താഴും താക്കോലും ഉപയോഗിച്ച് മകൻ ഫ്ലാറ്റ് പൂട്ടിയിരുന്നു.

ഫ്ലാറ്റിൽ കയറാനോ മറ്റെവിടേയ്ക്കും പോകാനോ ആവാത്ത നിലയിൽ ജിന്നിനും ഭാര്യക്കും ഫ്ലാറ്റിന്നു മുൻപിലെ വരാന്തയിൽ കൊടും തണുപ്പത്ത് വെറുംനിലത്ത് ഉറങ്ങേണ്ടിവന്നു. ഇതറിഞ്ഞിട്ടും മകനോ മരുമകളോ ചെറുമകനോ തിരിഞ്ഞു നോക്കിയതുമില്ല. ചെറുമകന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് ഇതെന്നും ഇവിടെ താമസിക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല എന്നുമാണ് മകൻ മാതാപിതാക്കളെ അറിയിച്ചത്. കുഴഞ്ഞുവീണ ജിന്നിനെ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. നിലവിൽ ഒരു ഗസ്റ്റ് ഹൗസിലാണ് ജിന്നിൻ്റെയും ഭാര്യയുടെയും താമസം.

സംഭവം വാർത്തയായതോടെ മകനെതിരെ രൂക്ഷ വിമർശനമാണ് ആളുകൾ അറിയിക്കുന്നത്. ജിന്നിൻ്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് അധികൃതർ ഇടപ്പെട്ട് അദ്ദേഹത്തിന് വീട് തിരികെ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയും മറ്റു ചിലർ പങ്കുവയ്ക്കുന്നുണ്ട്.

English Summary:

Son kicks out parents of own home after transferring their assets in china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com