ADVERTISEMENT

സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ്  ഭവനപദ്ധതിക്കായി 1132 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2025 മാർച്ച് 31നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

2023-24 വര്‍ഷത്തില്‍ ഇതുവരെ 1,51,073 വീടുകളുടെ നിർമാണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.  31,386 വീടുകളുടെ നിർമാണം പൂർത്തിയായി. 1,19,687 വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ ആകെ കണക്കെടുത്താൽ ഇതുവരെ 3,71,934 വീടുകൾ നിർമിച്ചിട്ടുണ്ട് എന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷംകൊണ്ട്  10000 രൂപയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി നിലവിലുള്ള ബജറ്റ് വിഹിതത്തിനു പുറമേ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ദീർഘകാല വായ്പ പദ്ധതി ഉപയോഗിച്ച്  വേഗത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നും മന്ത്രി  അറിയിച്ചു. ഭവന നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്ര ആവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (PMAY)- ഗ്രാമീണിനുള്ള സംസ്ഥാന വിഹിതവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 207.92 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.  അതേസമയം PMAY അർബൻ പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഹിതമായി 133 കോടി രൂപയും വകയിരുത്തി. 399 കോടി രൂപയാണ് കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നത്. 

PMAYക്ക് കീഴിലുള്ള ഭവന പദ്ധതികൾക്ക് ബ്രാൻഡിങ് നൽകണമെന്ന് കേന്ദ്ര നിബന്ധന ഗുണഭോക്താക്കൾക്ക് അഭിമാനക്ഷതമുണ്ടാക്കും എന്നതിനാൽ സംസ്ഥാന സർക്കാർ ഇത് നിരാകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി സഭയെ അറിയിച്ചു. 

2024-25 വർഷത്തേക്ക് ഭവന മേഖലയ്ക്കായി 57.62 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിനുള്ള 39.56 കോടി രൂപയും ഭവന വകുപ്പിനുള്ള 1.06 കോടി രൂപയും ഉൾപ്പെടുന്നു. താഴ്ന്ന വരുമാനമുള്ളവർക്ക് വായ്പ ബന്ധിത സബ്സിഡി അനുവദിക്കുന്ന ഇ ഡബ്ല്യു എസ് / എൽ ഐ ജി ഭവന പദ്ധതിക്കായി ആറു കോടി രൂപ വകയിരുത്തി. മുതിർന്ന പൗരന്മാർക്കായി വാർദ്ധക്യ സൗഹൃദ ഭവനം നിർമ്മിക്കാനുള്ള പുതിയ പദ്ധതിയും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഭവന നിർമാണ ബോർഡിന് അനുവദിച്ചിട്ടുള്ള തുകയിൽ നിന്ന് രണ്ടുകോടി രൂപ നീക്കിവയ്ക്കും. 

എം എൻ ലക്ഷം വീട് പുനർനിർമാണത്തിനായി സുവർണ്ണ ഭവനം, നവയുഗ എന്നിങ്ങനെ രണ്ട് പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയ്ക്കായി 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരള സംസ്ഥാന നിർമിതികേന്ദ്രയുടെ വിവിധ പ്രവർത്തനങ്ങൾക്കായി പത്തു കോടി രൂപയും ബജറ്റിൽ വകയിരുത്തി. 

ഭൂമി വിലയിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനു മുൻപ് 2010ലാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില  പരിഷ്കരിച്ചത്. അതിനുശേഷം ഭൂമി വിലയിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ ന്യായവില പരിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്തെ ഫ്ളാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തും. ഇതോടൊപ്പം തന്നെ ഓരോ വസ്തുവിന്റെയും ഉപയോഗക്രമമനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.  

കെട്ടിടത്തിന്റെ വിലകുറച്ച് കാണിക്കുന്നത് മൂലമുണ്ടാകുന്ന നികുതി ചോർച്ച തടയുന്നതിനായി കെട്ടിടത്തിന്റെ മൂല്യം കണക്കാക്കാനുള്ള നടപടികളും സ്വീകരിക്കും. 1960ലെ മുദ്രപത്ര ചട്ടങ്ങളിലാവശ്യമായ ഭേദഗതി വരുത്തും. 500 ചതുരശ്ര അടിയിൽ താഴെ വിസ്തീർണത്തിൽ താമസത്തിനായി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങൾ, ഓല, റൂഫിംഗ് ഷീറ്റ് എന്നിവകൊണ്ട് മേൽക്കൂര മേഞ്ഞ ഒറ്റനില കെട്ടിടങ്ങൾ എന്നിവയെ ഈ മൂല്യനിർണയ സാക്ഷ്യപത്രത്തിൽ നിന്നും ഒഴിവാക്കും. സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു.

English Summary:

Kerala Budget 2024 and Housing Sector- Announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com