ADVERTISEMENT

ആറേഴു കൊല്ലം മുൻപാണ് ആ സംഭവം നടക്കുന്നത്. യൂറോപ്പ് ആസ്ഥാനമായ ഒരു കോർപ്പറേറ്റ് ഫർണിച്ചർ ഷോപ്പിന്റെ മിഡിൽ ഈസ്റ്റ് ആസ്ഥാനത്തിന്റെ പണി നടക്കുകയാണ്. ഞാനും ആ പ്രൊജക്ടിൽ ജോലി ചെയ്യുന്നുണ്ട്. അതിനിടയ്ക്കാണ്  രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അത് സംഭവിച്ചത്. 

ഒന്നാം നിലയ്ക്കായി പണിതുവച്ച കൂറ്റൻ ഹോളോ കോർ സ്ലാബുകളിൽ ഒന്നുരണ്ടെണ്ണം, ഉച്ചവിശ്രമത്തിനായി അതിനടിയിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചു.

ഈ ഹോളോ കോർ സ്ലാബ് എന്താണ് എന്നറിയാൻ താൽപര്യമുള്ളവർ ഗൂഗിൾ ചെയ്തു നോക്കിയാൽ മതി, എനിക്ക് വേറെ പണിയുണ്ട്. ശേഷം ചിന്ത്യം, കൂടുതൽ പറയുന്നില്ല..

അന്വേഷണം ആരംഭിച്ചു. വെറും പൊലീസ് അന്വേഷണം മാത്രമല്ല. പൊലീസിനൊപ്പം എൻജിനീയർമാരും അന്വേഷിക്കും. അങ്ങനെ സ്ലാബ്  ഇഴകീറി പരിശോധിച്ചു, ഒരു  കുഴപ്പവുമില്ല. അന്വേഷണം അടുത്തുള്ള തൂണിലേക്ക് നീങ്ങി. തൂണിനും കുഴപ്പമില്ല.

പിന്നെ ഉള്ളത് തൂണിന്റെ ഭാഗമായി സ്ലാബിനെ താങ്ങി നിർത്തുന്ന 'കോർബെൽ' എന്നൊരു സംഗതിയാണ്. അവിടെ തപ്പിയപ്പോഴാണ് നമ്മുടെ എൻജിനീയർമാർക്ക് സംഗതി പിടികിട്ടിയത്.

സ്ലാബിനെ താങ്ങി നിർത്താനായി നിർമിച്ച കോർബെലിന്റെ ഉള്ളിൽ കമ്പി ഇട്ടിരുന്നിട്ടില്ല. അതോടെ ആരാണ് അതിനു ഉത്തരവാദി എന്നതിലേക്ക് അന്വേഷണം തിരിഞ്ഞു.

കെട്ടിടത്തിന്റെ ഒരു ഭാഗം രൂപകൽപന  ചെയ്യുമ്പോൾ അതിനാവശ്യമായ സ്റ്റീലിന്റെ എണ്ണം, വിന്യാസം എന്നിവയൊക്കെ തീരുമാനിക്കേണ്ടത് സ്ട്രക്ചറൽ  എൻജിനീയറാണ്. അദ്ദേഹം അത് ചെയ്തിട്ടുണ്ട്. അത് തെളിയിക്കാനാവശ്യമായ രേഖകളും അദ്ദേഹത്തിന്റെ കയ്യിലുണ്ട്. അന്വേഷണം വരച്ച ഡ്രാഫ്റ്സ്മാനിൽ എത്തി. എൻജിനീയർ നൽകിയ നിർദ്ദേശം അയാൾ പാലിച്ചില്ല, മറന്നു പോയതാവാം. എന്തായാലും അയാളെ പൊക്കി.

എന്നാൽ അന്വേഷണം അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. ഡ്രാഫ്റ്റ്‌സ്മാൻ  വരച്ചശേഷം ആ ഡ്രോയിങ്ങുകൾ പരിശോധിച്ച് അംഗീകരിക്കേണ്ടുന്ന ഒരു എൻജിനീയർ ഉണ്ട്. പുള്ളിയും  അകത്തായി. അന്വേഷണം ക്ളോസ്ഡ്.

ഇന്നലെ കോഴിക്കോട് നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നുവീണു രണ്ടുപേർ മരിക്കാനിടയായ വാർത്ത വായിച്ചപ്പോഴാണ് പഴയ ഈ കാര്യം എനിക്ക് ഓർമ വന്നത്.

ഇനിയാണ് ചോദ്യം.

ഈ സംഭവത്തിൽ പോലീസ് അന്വേഷണം എന്നതിലപ്പുറം എൻജിനീയറിങ് തലത്തിൽ ഉള്ള ഒരു അന്വേഷണം നമ്മുടെ നാട്ടിൽ നടക്കുമോ ..?

ഇല്ല. ഇതുവരെ നടന്ന ഒരപകടത്തിലും അങ്ങനെ സംഭവിച്ചതായി അറിവില്ല. തെറ്റുണ്ടെങ്കിൽ തിരുത്തണം.

ഒരു കെട്ടിട നിർമാണത്തിനിടെ അവിടെ ഒരപകടം നടന്നാൽ ഒരുപക്ഷേ പൊലീസ് വന്നേക്കാം, ചിലപ്പോൾ ഫയർ ഫോഴ്സും വന്നേക്കാം.

ഓടിക്കൂടിയവർ എല്ലാം കോൺട്രാക്ടറുടെ പിതൃക്കളെ സ്മരിച്ച ശേഷം പിരിഞ്ഞു പോകും, പൊലീസ് ഒരുപക്ഷേ കോൺട്രാക്ടറുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസും എടുത്തേക്കാം. എന്നുവച്ചാൽ ഒരു വാഹനാപകടം സംഭവിച്ച് കുറച്ചുപേർ  മരിച്ചാൽ ഉണ്ടാകുന്ന ഒരു നടപടി മാത്രം. അതിനപ്പുറം സർക്കാരിന്റെ എൻജിനീയറിങ് പ്രതിനിധിയായി  സ്ഥലത്തെ പൊതുമരാമത്തുവകുപ്പിലെ ഒരു അസിസ്റ്റന്റ് എൻജിനീയർ പോലും ആ സ്ഥലം സന്ദർശിക്കില്ല. സന്ദർശിക്കാൻ ആരും അവരെ ചുമതലപ്പെടുത്തിയിട്ടില്ല, സർക്കാരുകൾക്ക് ഇതിൽ ഒരു താല്പര്യവും ഇല്ല. ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ.

ഇനി, ഈ പ്രത്യേക സംഭവത്തിലേക്ക് വരാം.

എന്തുകൊണ്ടാണ് കോഴിക്കോട് നിർമാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു വീണത് എന്ന് വിശദമായ അന്വേഷണങ്ങൾ കൂടാതെ പറയുക വയ്യ. എന്നിരുന്നാലും ഒരുകാര്യം നിസ്സംശയം പറയാം.

നമ്മുടെ നാട്ടിൽ തകർന്നുവീഴുന്ന വലിയൊരളവു കെട്ടിടങ്ങളുടെ പിന്നിലും അശാസ്ത്രീയമായ ഡിസൈനാണ് ഒരുകാരണം. 

കേവലം ബാഹ്യ ഭംഗി എന്നതിലപ്പുറം വീടിന്റെ ഉറപ്പിനെപ്പറ്റി മലയാളിക്ക് യാതൊരു ചിന്തയുമില്ല. വീടിന്റെ  രൂപകൽപന സാങ്കേതികവിദഗ്ദർ നടത്തേണ്ടുന്ന ഒന്നാണ് എന്ന ബോധവും മിക്കവർക്കുമില്ല. ഒരു മൊബൈൽ ഫോൺ വാങ്ങിക്കുമ്പോൾ കാണിക്കുന്ന ജാഗ്രത പോലും സ്വന്തം വീടിന്റെ നിർമാണത്തിൽ ചിലർ പുലർത്തില്ല.

കെട്ടിടരൂപകൽപന എന്ന് പറയുന്നത് കേവലം ത്രീഡി ഡിസൈനിങ് മാത്രമല്ല. അത് വ്യത്യസ്ത അളവിലും, ദിശയിലും, സ്വഭാവത്തിലും പ്രയോഗിക്കപ്പെടുന്ന നൂറുകണക്കിന് ടൺ ലോഡുകൾ കൈകാര്യം ചെയ്യുന്ന ഒരു പ്രക്രിയയാണ്. ഈ പ്രക്രിയയുടെ ഏറ്റവും ഒടുവിൽ വരുന്ന ദൃശ്യാവിഷ്‌കാരം മാത്രമാണ് ത്രീഡി. ഭാവനയുള്ള ആർക്കും ത്രീഡി ചെയ്യാം. എന്നാൽ അവർ തീരുമാനിക്കുന്നപോലെ മേൽപറഞ്ഞ ലോഡുകൾ വഴങ്ങണം എന്നില്ല.

ഇത്തരം ലോഡുകൾ സൃഷ്ടിക്കുന്ന Imbalance  നിമിത്തം കെട്ടിടത്തിൽ ഉണ്ടാകുന്ന തകർച്ച തടയാൻ പിന്നെ ഒരു പഞ്ചായത്തിലെ ജനങ്ങൾ ഒന്നിച്ചു ശ്രമിച്ചാൽ പോലും നടക്കില്ല.

വികസിത രാജ്യങ്ങളിൽ എല്ലാം ഒരു കെട്ടിടം പണിയും മുന്നേ അതിന്റെ സ്ട്രക്ചറൽ ഡിസൈൻ സ്ഥലത്തെ പ്രാദേശിക ഗവണ്മെന്റുകൾക്കു സമർപ്പിക്കണം. അവർ അത് പഠിക്കും. അതിനു ശേഷം ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കും. അതനുസരിക്കാതെ നിർമിച്ച കെട്ടിടമാണെങ്കിൽ ഇടിച്ചു പൊളിച്ചു കളയും. കാരണം സുരക്ഷിതമല്ലാത്ത ഒരു കെട്ടിടം സമൂഹത്തിനു മൊത്തം  ഭീഷണിയാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഇതൊരു പ്രശ്നമല്ല.

നമുക്ക് ഏറ്റവും നല്ല ബിൽഡിങ്  ഡിസൈനർ എന്നാൽ ഏറ്റവും നന്നായി ത്രീഡി ചെയ്യുന്നവനാണ്.  

പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന പല മനോഹര രൂപകല്പനകളിലും ഈ അരക്ഷിതത്വം മുഴച്ചു നിൽക്കുന്നതായി കാണാം.

തനിക്കു ചുറ്റും ഓരോ വർഷവും എത്ര കെട്ടിടം തകർന്നു വീണാലും, എത്രപേർ മരണപ്പെട്ടാലും നമ്മൾ ഇതൊന്നും ഗൗനിക്കില്ല, ചിന്തിക്കില്ല.

എന്താടോ ശേഖരാ നന്നാവാത്തെ...

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

English Summary:

Reasons for collapsed buildings in Kerala- Structural Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com