ADVERTISEMENT
  • എന്റെ പ്രായമായ അമ്മയ്ക്കുവേണ്ടിയാണ് മകളായ ഞാൻ ഈ കത്തെഴുതുന്നത്. ഞങ്ങൾക്കുണ്ടായിരുന്ന രണ്ടു വീടുകൾ പിതാവിൽനിന്ന് രണ്ട് ആൺമക്കൾ നിർബന്ധിതമായി എഴുതിവാങ്ങി. 2023 മാർച്ചിൽ പിതാവ് മരിച്ചു. അമ്മ ഇളയ മകന്റെ കൂടെയാണ് താമസം. പക്ഷേ,മകൻ അമ്മയെ വേണ്ടവിധം നോക്കുന്നില്ല. മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വീട് അമ്മയുടെ പേരിൽ തിരികെക്കിട്ടുന്നതിന് എന്തെങ്കിലും മാർഗമുണ്ടോ?
  • എന്റെ മകൻ എന്റെ സ്വത്തുക്കൾ കൈവശം വച്ചിരിക്കുകയാണ്. അമ്മയായ എന്നെ അവനും ഭാര്യയും ഉപദ്രവിക്കുന്നുമുണ്ട്. എന്റെ വീട് അവൻ കൈവശപ്പെടുത്തിവച്ചിരിക്കുകയാണ്. എനിക്ക് അത് തിരിച്ചുകിട്ടാൻ വഴിയുണ്ടോ? സ്വത്ത് കൈമാറ്റ രേഖയിൽ എന്നെ സംരക്ഷിക്കാനുള്ള വ്യവസ്ഥ ചേർത്തിട്ടില്ല. ഇനി എനിക്ക് എന്താണ് മാർഗം?

(സ്വകാര്യത കണക്കിലെടുത്ത് ചോദ്യകർത്താക്കളുടെ പേര് ഒഴിവാക്കിയിരിക്കുന്നു)

ഉത്തരം

മാതാപിതാക്കളെ സംരക്ഷിക്കാത്തപക്ഷം, മക്കൾക്ക് വസ്തുവകകൾ നൽകിയ നടപടി അസാധുവാക്കുന്നതിന് 2007ലെ നിയമപ്രകാരം ട്രൈബ്യൂണലിന് (ആർഡിഒ കോടതി) അധികാരമുണ്ട്. എന്നാൽ, സ്വത്ത് കൈമാറ്റ രേഖയിൽ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന വ്യവസ്ഥ ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ അത്തരം കൈമാറ്റ രേഖ ട്രൈബ്യൂണലിന് അസാധുവായി പ്രഖ്യാപിക്കാൻ കഴിയൂ എന്ന് 'സുഭാഷിണി v/s കോഴിക്കോട് ജില്ലാ കലക്ടർ' എന്ന കേസിൽ കേരള ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ വിധിയുണ്ട്. 

∙ മേൽപ്പറഞ്ഞ ചോദ്യങ്ങളിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം മാതാവിന് മക്കളിൽ നിന്നു ജീവനാംശം ലഭിക്കുന്നതിന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യാം. അവർ താമസിക്കുന്ന വീട്ടിൽ സമാധാനപരമായി ജീവിക്കുന്നത് തടയരുതെന്ന് ഉത്തരവും തേടാവുന്നതാണ്. ക്രിമിനൽ നടപടി നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം മാതാപിതാക്കൾക്ക് മക്കളിൽനിന്ന് ജീവനാംശം ലഭിക്കുന്നതിനായി ബന്ധപ്പെട്ട കുടുംബ കോടതി മുൻപാകെയും കേസ് ഫയൽ ചെയ്യാം.

∙ മുതിർന്ന പൗരന്മാരുടെ വസ്തുവകകൾ അവരെ തെറ്റിദ്ധരിപ്പിച്ച് മക്കൾ കൈക്കലാക്കാറുണ്ട്. ഇതിനും നിയമപരമമായ പരിഹാരമുണ്ട്. കൈമാറ്റപ്രമാണം, ആധാരം എന്നിവ അന്യായ സ്വാധീനത്തിലൂടെയോ സമ്മർദത്തിലൂടെയോ ചതിവിലൂടെയോ മക്കൾ നേടിയെടുത്തതാണെങ്കിൽ പ്രസ്തുത ആധാരം റദ്ദു ചെയ്യുന്നതിനായി സിവിൽ കോടതിയെ സമീപിക്കാം. ആധാരം റജിസ്റ്റർ ചെയ്ത തീയതി മുതൽ മൂന്നു വർഷത്തിനകം കേസ് ഫയൽ ചെയ്യണം.

വിവരങ്ങൾക്ക് കടപ്പാട് 

ഡി.ബി. ബിനു

(പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ, എറണാകുളം)

English Summary:

Family Asset Disputes and seniour citizen friendly laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com