ADVERTISEMENT

നമ്മുടെ ആർക്കിടെക്ടുകളുടെയും ഡിസൈനർമാരുടെയും ഒരുപോരായ്മ (എല്ലാവരുടേതുമല്ല) പറയാം. അവർ ക്ലയിന്റിനെ കേൾക്കും, അവരെ തൃപ്തിപ്പെടുത്തും. നാട്ടുകാരെ തൃപ്തിപ്പെടുത്തും, അക്കൂട്ടരുടെ മനോനിലയ്ക്കനുസരിച്ച് ഉഗ്രൻ വീടുകൾ പണിയും. ഇഷ്ടപ്പെട്ട എല്ലാ നിറങ്ങളും ഭിത്തിമേൽ പൂശും. പക്ഷേ, അവർ കാലാവസ്ഥാനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാറില്ല. 

ഇത് ഗൗരവമുള്ള വിഷയമാണ്. ഞാൻ പരിചയത്തിലുള്ള എൻജിനിയേഴ്സിനോടും ഡിസൈനേഴ്സിനോടും ചോദിക്കുന്ന ഒരു ചോദ്യം, 'എന്തുകൊണ്ടാണ് ജനാലയെ സംരക്ഷിക്കാൻ റെയിൻ ഷേഡ് കൊടുക്കാത്തത്' എന്നതാണ്. എന്തുകൊണ്ട് സൺഷേഡ് മാത്രം?

കേരളത്തിൽ കൊടുക്കുന്ന ഷേഡുകൾ മഴയ്ക്കും വെയിലിനും അകത്തേക്ക് കയറാൻ പാകത്തിലുള്ളതാണ്. വീടിന്റെ മുഖം കിഴക്കോട്ടോ പടിഞ്ഞാട്ടോ ആണെങ്കിൽ ഷേഡ് ഏറ്റവും കുറഞ്ഞത് 3 അടിയെങ്കിലും ഭിത്തിയിൽ നിന്നും തള്ളി കൊടുക്കണം. കാരണം കേരളത്തിലെ മഴയുടെ ദിശ കിഴക്ക് / പടിഞ്ഞാറ് ദിശയിലേക്കായിരിക്കുമല്ലൊ. മഴ മാത്രമല്ല വെയിലും ഏകദേശം അങ്ങനെ തന്നെ. കാറ്റിന്റെ ദിശയും കിഴക്ക് പടിഞ്ഞാറ് തന്നെയായിരിക്കും.

രണ്ടാമത് മെയിൻ സ്ലാബിന്റെ ഭിത്തിയിൽ നിന്നുള്ള പ്രൊജക്‌ഷൻ മിക്കവരും 20cm ആണ് കൊടുക്കുന്നത്. എന്തുകൊണ്ട് 20 cm? എന്താണ് അതിന്റെ ശാസ്ത്രീയത? ശാസ്ത്രീയത ഇല്ലെന്നു മാത്രമല്ല അശാസ്ത്രീയവുമാണ്. 

ഭൂനിരപ്പിൽ നിന്ന് മൂന്നര മീറ്റർ ഉയരത്തിൽ ഭിത്തിയിൽ നിന്ന് 20cm മാത്രം തള്ളൽ കൊടുക്കുന്നതു കൊണ്ട് മഴ ഭിത്തിയിൽ പതിക്കുന്നത് ഒഴിവാക്കാനാവുമോ? ഇല്ല. വർഷത്തിൽ ചെയ്യുന്ന 4000 mm മഴയും ഭിത്തിയിൽ തട്ടി താഴോട്ടൊഴുകുന്നു. മഴ ഭിത്തിയിൽ തട്ടി താഴോട്ടൊഴുകുന്നത് നമ്മെ അസ്വസ്ഥരാക്കാത്തതെന്തുകൊണ്ട് ?

മറ്റൊരു പ്രധാനപ്പെട്ട കാര്യമുള്ളത് വേനൽക്കാലത്തുള്ള വീടിനെപ്പറ്റിയുള്ളതാണ്. വേനൽക്കാലത്ത് ഓരോ വീടും ഉഷ്ണസംഭരണ കേന്ദ്രങ്ങളാണ്. എന്താണ് കാരണം?  അമിതമായ കോൺക്രീറ്റിന്റെ സാന്നിധ്യമാണ് ഒരുകാരണം. പുറംഭിത്തിക്ക് സൗന്ദര്യം വർധിപ്പിക്കുന്നതിനും വിവിധ നിറമടിക്കുന്നതിനുമായി 15 mm കനത്തിൽ സിമന്റ്- മണൽ- മിശ്രിതം പ്ലാസ്റ്റർ ചെയ്യുന്നതാണ് മറ്റൊരു കാരണം.

ചൂടിനെ ആഗിരണം ചെയ്യാൻ വാൾ പ്ലാസ്റ്ററിങ്  അതിന്റേതായ സംഭാവന ചെയ്യുന്നുണ്ട്. മഴയെ പ്രതിരോധിക്കാൻ പ്ലാസ്റ്ററിങ്ങിന് ആവുമോ? ഇല്ല ! ഇനി മുറികൾക്കകത്തെ വായു ചൂടായാൽ അത് പുറത്തേക്ക് പോവാൻ വീടുകളിൽ ശാസ്ത്രീയമായ പരിഹാരമെന്തെങ്കിലുമുണ്ടോ?

ഉണ്ട്. അത് എയർ ഹോൾ എന്ന പേരിൽ ദീർഘചതുരത്തിലുള്ള ചെറുദ്വാരങ്ങളാണ്! മുറിക്കുള്ളിലെ ചൂടിനെ പുറന്തള്ളാൻ പക്ഷേ അത് അപര്യാപ്തമാണെന്ന് പറയേണ്ടതില്ലല്ലോ. ഫലമോ ഓരോ മുറികളും ഉച്ചമുതൽ അർധരാത്രിവരെ അവ്ൻ ആയി മാറും. ഫാനിട്ടാലൊന്നും ഒരു ഫലവുമില്ലാത്ത മുറികളാണ്  കേരളത്തിലെമ്പാടും 75 ശതമാനം വീടുകളിലും നിർമിച്ചുവച്ചിരിക്കുന്നത്. ഫലമോ പണം സ്വരുക്കൂട്ടിയോ കടം വാങ്ങിയോ എസി വാങ്ങാൻ ധൃതിയോടെ പോകുന്നു.

കുറ്റം പറയാനാവില്ല, ചൂടാറാപ്പെട്ടി വീടിനകത്ത് മനുഷ്യർക്ക് താമസിക്കാൻ AC വേണം. ഇതിനൊക്കെപ്പുറമെയാണ് വീടിന് ചുറ്റുമായി പണിതുവച്ചിരിക്കുന്ന ചൂടുൽപാദിപ്പിക്കുന്ന വമ്പൻ മതിലുകൾ. ഇതെല്ലാം കൂടി മരുഭൂമിയിലെ മണൽപ്പരപ്പുപോലെ ഓരോ വീടും നിന്ന് ഉരുകുന്നുണ്ടാകും. ആയതിനാൽ വീടിനു ചുറ്റും വള്ളിച്ചെടികളോ ചെറുമരങ്ങളോ വാഴയോ ഒക്കെ കൃഷി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കണം.

ചൂടും മഴയും പ്രതിരോധിക്കാൻ വീടിനെ ശാസ്ത്രീയമായി ഒരുക്കിയെടുക്കുന്നതിനെപ്പറ്റി ആലോചിക്കാൻ ഇനിയും നാം വൈകിക്കൂടാ. വീടുകൾ കേവലം എൻജിനീയറിങ് ഉൽപന്നങ്ങളായിക്കൂടാ. പകരം മനുഷ്യസൗഹൃദങ്ങളായിരിക്കണം, ഒപ്പം മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കണം. പരിസ്ഥിതി സൗഹൃദവുമാകണം.

മിക്കവാറും വീടുകൾ അങ്ങനെയൊന്നുമല്ലെങ്കിലും ഈ കൊടുംചൂടിൽ മറ്റുള്ള വീടുകളിൽ AC യിട്ട് രാത്രിയിൽ ഉറങ്ങുമ്പോൾ ഫാനിട്ട് പുതച്ചുറങ്ങുന്നവരെ കണ്ടിട്ടുണ്ടോ? എങ്കിൽ ഞാനുറങ്ങുന്നത് അങ്ങനെയാണെന്ന് ഇത്തിരി അഭിമാനത്തോടെ ഈയവസരത്തിൽ  പറഞ്ഞുവയ്ക്കട്ടെ...

ലേഖകൻ ഡിസൈനറാണ് 

English Summary- Need for Summer Friendly Houses in Kerala

English Summary:

Need for Climate Resilient Houses in Kerala-Design Mistakes Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com