ADVERTISEMENT

കേരളത്തിലെ ഒരുവിഭാഗം നിർമാണതൊഴിലാളികൾക്ക് ഇതെന്തുപറ്റി? എന്ന ചോദ്യം പലരും ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ശാരീരികമായി ജോലിചെയ്യുന്ന ജോലിക്കാർ, ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു(എല്ലാവരുമല്ല) എന്നതാണ് പ്രധാനപരാതി.

ഇതിൽ കഴമ്പുണ്ടോ എന്നുചോദിച്ചാൽ, അൽപമുണ്ടെന്നാണ്  നിർമാണമേഖലയിലുള്ളവർ പറയുന്നത്.

വരാമെന്നേറ്റ് വരാതിരിക്കൽ, വൃത്തിയായി ജോലി ചെയ്യാതിരിക്കൽ, ജോലിക്ക് വന്ന് ജോലി ചെയ്യാതിരിക്കൽ...അങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരുകൂട്ടമായി നിർമാണമേഖലയിലെ ഒരുവിഭാഗം (നന്നായി പണിചെയ്യുന്ന വിഭാഗത്തെ മറക്കുന്നില്ല) ജോലിക്കാർ മാറിയിട്ടുണ്ടോ? 

ഒരനുഭവം പറയാം. കേരളത്തിലെ ഒരു സുഹൃത്തിന് വീട്ടിനകത്തൊരു ബാത്റൂം പണിയണം.

4 ഇഞ്ച് കനത്തിലുള്ള രണ്ട് ഭിത്തി പണിയണം. പ്ലാസ്റ്റർ ചെയ്യണം. ടൈൽസ് പതിക്കണം. പ്ലമിങ് ജോലികൾ ചെയ്യണം. പെയിന്റ് ചെയ്യണം. ഇത്രയുമാണ് ചെയ്യേണ്ടത്.

എല്ലാ സാധാനങ്ങളും വാങ്ങി വച്ചിട്ടുണ്ട്. ഇനി പണിക്കാർ വന്ന് പണി തുടങ്ങിയാൽ മാത്രം മതി.

ഒരാഴ്ചക്കുള്ളിൽ പണിതീർത്ത് ബാത്റൂം ഉപയോഗിക്കാനാവണമെന്നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അത് കഴിഞ്ഞുവേണം അദ്ദേഹത്തിന് ബാംഗ്ലൂർക്ക് തിരിച്ച് പോകാൻ. ആയതിനാൽ, ഒട്ടും സമയം പാഴാക്കാതെ സുഹൃത്ത്  ഗോദയിലേക്കിറങ്ങി.

ബൈക്കെടുത്ത് തനിക്കറിയുന്ന പണിക്കാരുടെ വീടുകളിലേക്ക് പാഞ്ഞു. അവരെ നേരിൽ കണ്ട് കാര്യം പറഞ്ഞു.

രണ്ട് ദിവസത്തെ പണിതിരക്കുണ്ട്. അതുകഴിഞ്ഞു വരാമെന്ന് ഒരാൾ. സുഹൃത്ത് അയാളുടെ ഫോൺ നമ്പരും വാങ്ങി തിരിച്ചുവന്നു.

രണ്ട് ദിവസം കഴിഞ്ഞ് അയാൾ വരാതായപ്പോൾ ഫോൺ വിളിച്ചു.

സാർ നാളെ എന്തായാലും വരാം.

സുഹൃത്ത് നാളെ ആകാംക്ഷയോടെ കാത്തിരുന്നു.

നാളെയും അയാൾ വന്നില്ല.

വീണ്ടും ഫോൺ വിളിച്ചു. അയാൾ ഫോണെടുത്തില്ല. സുഹൃത്ത് വീണ്ടും തൊഴിലാളിവേട്ടക്കിറങ്ങി. പലരും പലവിധ കാരണങ്ങൾ പറഞ്ഞു.

തിരക്കെന്ന് പറഞ്ഞ ചിലർ, അങ്ങാടിയിൽ കറങ്ങി നടക്കുന്നതും കണ്ടു. ഒടുവിൽ രണ്ടാളെ കിട്ടിയപ്പോൾ ഭിത്തി പൂർത്തിയാക്കി.

ഇനി ടൈൽസ് പണി ചെയ്യണം. പത്തോളം ജോലിക്കാരെ സമീപിച്ചു.

എല്ലാവർക്കും തിരക്ക്. വരാമെന്നേറ്റ മൂന്ന് പണിക്കാർ വന്നില്ല. ജോലിയുടെ സ്വഭാവം നേരിട്ടറിയാൻ സൈറ്റ് സന്ദർശനം നടത്തി, നാളെ വരാമെന്നേറ്റ് പോയ പണിക്കാരൻ നാളെയും മറ്റന്നാളും വന്നില്ല.

പ്ലമിങ് ജോലിക്കാരന് തിരക്കുണ്ടായിരുന്നെങ്കിലും ഒരു ദിവസം വന്ന് ജോലി ചെയ്ത് പൂർത്തിയാക്കിയപ്പോൾ പകുതി ആശ്വാസം.

ടൈൽസ് പണിക്കാരനെ കിട്ടാൻ ഒരാഴ്ച വീണ്ടും കാത്തിരിക്കേണ്ടി വന്നു. അവർ കഴിഞ്ഞുപോകുമ്പോൾ ഈരണ്ട് പെഗ്ഗ് മദ്യം കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്തു തൊഴിലുടമ.

പെയിന്റിങ് പണിക്കാരനെ കിട്ടാൻ വീണ്ടും ഒരാഴ്ച കാത്തിരുന്നു. മൊത്തം ഒരുമാസം വേണ്ടിവന്നു, ഒരുചെറുചെറുബാത്‌റൂം വീടിനുള്ളിൽ പണിത് പൂർത്തിയാക്കാൻ.

ബാത്‌റൂം പണിയാൻ മാത്രമായി ബാംഗ്ലൂർനിന്ന് രണ്ടാഴ്ച ലീവിൽ വന്ന സുഹൃത്ത് തിരിച്ചു പോയത് ഒരു മാസം കഴിഞ്ഞും.

കേരളത്തിലുള്ള ഏകദേശം 60 ലക്ഷത്തിനടുത്ത് വീടുകളുടെ അറ്റകുറ്റപണികൾ ഭാവിയിൽ ഉണ്ടാവാൻ പോകുന്ന വലിയ തൊഴിൽമേഖലയാണ്.

ഒട്ടേറെ ആളുകൾക്ക് ഉപജീവനം  നൽകുന്ന ഈ മേഖല, പക്ഷേ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്ന ഒരു തൊഴിൽ സമൂഹത്തെ ആവശ്യപ്പെടുന്നുമുണ്ട്.

ശാരീരികക്ഷമതയും അച്ചടക്കവും ആവശ്യപ്പെടുന്ന നാട്ടിലെ  ജോലികൾക്ക് ഇനി മലയാളികളെ  പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിഥിതൊഴിലാളികൾക്ക് ഇവിടെ ഇത്ര ഡിമാൻഡ്.

English Summary:

Construction Works in Kerala- No Time Bound Finishing- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com