ADVERTISEMENT

പല പ്രദേശങ്ങളിലും കറണ്ട് ചാർജും വാട്ടർ ചാർജുമൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. ഇത്തരം സാഹചര്യങ്ങളിൽ ആരും ചിന്തിക്കാത്ത വഴികൾ കണ്ടെത്തി ചെലവ് ചുരുക്കാൻ നോക്കുന്നവരുണ്ട്. അങ്ങനെ അയൺ ബോക്സിനു പകരം തുണി തേയ്ക്കാൻ ഒരു വീട്ടമ്മ കണ്ടുപിടിച്ച ഉപായമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പണ്ടുകാലത്ത് കനലിട്ട് ചൂടാക്കിയ ഇരുമ്പ് തേപ്പുപെട്ടികൾ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് അവയൊന്നും സുലഭമല്ല. അതുകൊണ്ട് കൺമുന്നിലുള്ള വീട്ടുസാധനം ഉപയോഗിച്ച് തുണി തേയ്ക്കാനുള്ള എളുപ്പമാർഗ്ഗമാണ് വീട്ടമ്മ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാൽ ഒരു പ്രഷർകുക്കറാണ് ഈ വീട്ടമ്മയുടെ തേപ്പുപെട്ടി. ഇൻഡക്ഷൻ കുക്കറിന് മുകളിൽ ഒരു പ്രഷർകുക്കർ വച്ച് ഇതിൽ പ്രഷർ നിറയാൻ കാത്തുനിൽക്കുന്ന യുവതിയെ വിഡിയോയിൽ കാണാം. കുക്കർ വിസിലടിച്ചതും ഒരുനിമിഷം പോലും പാഴാക്കാതെ അതും എടുത്ത് അടുത്ത മുറിയിലേക്ക് ഒറ്റയോട്ടം.

മേശപ്പുറത്ത് തേയ്ക്കാൻ പാകത്തിന് വിരിച്ചിട്ടിരിക്കുന്ന ഷർട്ടിന് അരികിലെത്തി വളരെ സൗകര്യപൂർവ്വം കുക്കർ അതിനു മുകളിൽ കൂടി ഉരച്ച് ചുളിവുകൾ നിവർത്തുകയാണ് യുവതി. തേപ്പുപെട്ടി ഉപയോഗിക്കുന്നതുപോലെതന്നെ മടക്കുകളിലും മൂലകളിലുമൊക്കെ കൃത്യമായി കുക്കർ എത്തിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്. എന്തായാലും ഈ ഐഡിയ ഫലം കാണാതെ പോയില്ല.  തേപ്പുപെട്ടിക്ക് ഉള്ളതിനേക്കാൾ വിസ്താരം കുക്കറിന്റെ അടിഭാഗത്തിനുള്ളതിനാൽ വേഗത്തിൽ ഷർട്ട് തേച്ചെടുക്കാനും സാധിക്കുന്നുണ്ട്.

അങ്ങനെ ഇവരുടെ 'അയണിങ് ഹാക്ക്' സമൂഹമാധ്യമത്തിൽ വൈറലായി. ഇങ്ങനെയൊക്കെ ചിന്തിക്കാൻ അസാമാന്യ ബുദ്ധി വേണമെന്ന് പലരും കമന്റ് ബോക്സിൽ പ്രതികരിക്കുന്നു. 

മറുവശത്ത് പ്രഷർ നിറഞ്ഞ കുക്കർ സ്റ്റൗവിൽ നിന്നും എടുത്തുകൊണ്ടു പോകുന്നതിന്റെ അപകടത്തെക്കുറിച്ച് ആരും ചിന്തിക്കാത്തത് എന്താണെന്ന് ചിലർ ചോദ്യം ഉയർത്തുന്നു. കറണ്ട് ചാർജ് ലാഭിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇൻഡക്ഷൻ കുക്കർ പ്രവർത്തിപ്പിച്ച് കുക്കറിൽ പ്രഷർ നിറയ്ക്കുന്നത് വിഡ്ഢിത്തമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഇത്തരം കൈവിട്ട വിദ്യകൾ കൊണ്ട് അപകടം വിളിച്ചുവരുത്താതെ,എത്രയും വേഗം ഒരു അയൺ ബോക്സ് വാങ്ങണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

English Summary:

Homemaker iron clothes using pressure cooker- Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com