ADVERTISEMENT

അങ്ങേയറ്റം ഗതികെടുന്ന സാഹചര്യത്തിലാണ് ആളുകൾ കൈനീട്ടി ഭിക്ഷയാചിക്കുന്നത്. അങ്ങനെ കയ്യിൽ കിട്ടുന്ന തുച്ഛമായ നാണയത്തുട്ടുകൾകൊണ്ട് വിശപ്പ് അടക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ ഭിക്ഷയെടുപ്പ് ഒരു പ്രൊഫഷനായി സ്വീകരിച്ചാൽ എങ്ങനെയിരിക്കും? മുംബൈ സ്വദേശിയായ ഭരത് ജൈനിന്റെ ജീവിതം ഇങ്ങനെയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഒരു വീട് സ്വന്തമാക്കാൻ സാധാരണക്കാർ പോലും കഷ്ടപ്പെടുന്ന മുംബൈ നഗരത്തിലെ പരേലിൽ, ഭരത് ജൈൻ രണ്ട് ഫ്ലാറ്റുകളാണ് വാങ്ങിയിരിക്കുന്നത്. ഇവയ്ക്ക് 1.4 കോടി രൂപ വിലമതിപ്പുണ്ട്. താനെയിൽ രണ്ട് കടമുറികളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്. ഇവ വാടകയ്ക്ക് വിട്ടു നൽകിയിരിക്കുന്നതിലൂടെ 30000 രൂപ പ്രതിമാസം ലഭിക്കുന്നുണ്ട്. ഭിക്ഷാടനത്തിൽ നിന്നും വാടക ഇനത്തിൽ നിന്നുമെല്ലാം ചേർത്ത് പ്രതിമാസം 75000 രൂപയ്ക്കടുത്താണ്  ഭരതിന്റെ മാസവരുമാനം.

പല വകകളിലായി ഭരത് ജെെനിന് 7.5 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 40 വർഷങ്ങളായി ഭിക്ഷാടനം തന്നെയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. ഫ്ലാറ്റുകളും കടമുറികളും സ്വന്തമായുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹം ഭിക്ഷയെടുപ്പ് അവസാനിപ്പിച്ചിട്ടുമില്ല.  2000 രൂപ മുതൽ 2500 രൂപ വരെ ഓരോ ദിവസവും ഭിക്ഷയായി ലഭിക്കാറുണ്ട്. പരമാവധി 12 മണിക്കൂർ വരെയാണ് അദ്ദേഹത്തിന്റെ 'ജോലി' സമയം. അവധി എടുക്കാതെ പതിവായി ഭിക്ഷയ്ക്കിറങ്ങും എന്ന പ്രത്യേകതയുമുണ്ട്.

സ്വന്തമായി വാങ്ങിയ ഫ്ലാറ്റിൽ തന്നെയാണ് ഭരതിന്റെ താമസം. ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും അച്ഛനും അദ്ദേഹത്തിനൊപ്പം ഇവിടെയുണ്ട്. മുംബൈയിലെ മുൻനിര സ്കൂളുകളിലാണ് മക്കൾ പഠനം പൂർത്തിയാക്കിയത്. ഈ നിലയിൽ എത്തിയിട്ടും ഭിക്ഷാടനം തുടരുന്നതിനോട് കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടെങ്കിലും ഇതൊരു ജോലിയായി കാണുന്ന അദ്ദേഹം പിന്തിരിയാൻ തയ്യാറല്ല. തനിക്ക് ലഭിക്കുന്ന പണത്തിന്റെ ഒരുപങ്ക് ജീവകാരുണ്യത്തിനായി നീക്കി വയ്ക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കുകയും ഇവരെ പുനരധിവസിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ഭിക്ഷയെടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവർ മറ്റ് ജോലികൾക്ക് പോകാൻ കൂട്ടാക്കുന്നില്ല എന്നതും പ്രശ്നമാണ്. എന്നാൽ ഭിക്ഷാടനത്തിലൂടെ കോടികൾ സമ്പാദിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഭരത് ജൈനല്ല. ഒന്നരക്കോടി രൂപയുടെ ആസ്തിയുള്ള സംഭാജി കേൽ, ഒരു കോടി രൂപ ആസ്തിയുള്ള ലക്ഷ്മിദാസ് തുടങ്ങിയ ഭിക്ഷാടകരെക്കുറിച്ച് മുൻപും മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

English Summary:

Richest Beggar in Mumbai- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com