ADVERTISEMENT

അയൽക്കാർ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും ശത്രുതയ്ക്കും പ്രത്യേകിച്ച് വലിയ കാരണങ്ങളൊന്നും വേണ്ട. ഏതു നാട്ടിലായാലും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. അതിരും മതിൽക്കെട്ടുകളും വഴിയുമൊക്കെ അയൽക്കാർ തമ്മിലുള്ള വഴക്കിന് കാരണമാകും. ഇത്തരം തർക്കങ്ങൾ നാട്ടിൽ സംസാരവിഷയമാവുകയും ചെയ്യും. എന്നാൽ ഇറ്റലിയിലെ സിസിലിയിൽ രണ്ട് അയൽക്കാർ തമ്മിലുണ്ടായ വിദ്വേഷത്തിന്റെ കഥ വ്യത്യസ്തമാണ്.

അയൽക്കാരനോട് പക പോകാൻ നിർമിച്ച ഒരു വീടാണ് ഈ വഴക്കിനെ ലോകപ്രശസ്തമാക്കിയത്.'ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്' എന്ന വിശേഷണം ഈ വീട് നേടിയെടുത്തു. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന സ്ഥലത്താണ് കഷ്ടിച്ച് ഒരുമീറ്ററാണ് വീടിന്റെ വീതി.'വിദ്വേഷത്തിന്റെ വീട്' എന്ന അർഥത്തിൽ പ്രാദേശിക ഭാഷയിൽ 'കാസാ ഡു കുരിവു' എന്നാണ് ഇത് അറിയപ്പെടുന്നത്. 

വിനോദസഞ്ചാരകേന്ദ്രമല്ലാതിരുന്നിട്ടും  വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് കാണാനായി ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെയാണ് വിദ്വേഷത്തിന്റെ വീട് ലോകശ്രദ്ധ നേടിയത്. ഇഷ്ടികകൾകൊണ്ട് നിർമിച്ച ഇരുനില വീടാണ് കാസാ ഡു കുരിവു. 

വീടിന്റെ മുൻഭാഗം കണ്ടാൽ എന്തെങ്കിലും പ്രത്യേകതകളുള്ളതായി തോന്നില്ല. എന്നാൽ വശങ്ങളിൽനിന്ന്  നോക്കുമ്പോഴാകട്ടെ ഒരാൾക്ക് മാത്രം നിൽക്കാനാവുന്ന വീതിയിൽ ഇടുങ്ങിയ മുറികൾ കാണാം. പ്ലാസ്റ്ററിങ്ങോ മറ്റു മിനുക്കുപണികളോ ചെയ്തിട്ടില്ല. ജനാലകളും വാതിലുകളുമൊക്കെ ഉണ്ടെങ്കിലും ഒരുതരത്തിലും ജീവിക്കാനുള്ള സാഹചര്യം ഈ വീട്ടിലില്ല. എങ്കിലും ഉടമയുടെ ആവശ്യം വീട് നിറവേറ്റുകയും ചെയ്തു.

കാസാ ഡു കുരിവുവിൻ്റെ കഥ തുടങ്ങുന്നത് 1950കളിലാണ്. അക്കാലത്ത് ഒറ്റനിലയുള്ള വീടുകൾക്ക് മുകളിലേക്ക് കൂടുതൽ മുറികൾ നിർമിച്ച് സൗകര്യം വർധിപ്പിക്കുന്നത് അന്നാട്ടിൽ പതിവായിരുന്നു. എന്നാൽ ഇത്തരം നവീകരണത്തിന് അയൽക്കാരുടെ സമ്മതം ആവശ്യമായിരുന്നു.അങ്ങനെ കാസാ ഡു കുരിവുവിൻ്റെ ഉടമയും മുകളിലേക്ക് അധികമുറികൾ നിർമിക്കാനായി അയൽവാസിയുടെ അനുമതി തേടി. അത്തരത്തിൽ വീട് മുകളിലേക്ക് ഉയർത്തിയാൽ ചുറ്റുമുള്ള പ്രദേശങ്ങൾ തൻ്റെ വീട്ടിലിരുന്ന് കാണാനാവാത്ത വിധത്തിൽ തടസ്സമാകും എന്ന് തോന്നിയ അയൽക്കാരൻ അനുമതി നൽകിയില്ല.

പോംവഴി തേടി അദ്ദേഹം മുൻസിപ്പാലിറ്റിയെ സമീപിച്ചു. നിർദ്ദിഷ്ട അകലത്തിൽ നിർമിച്ചാൽ മാത്രമേ അയൽക്കാരന്റെ അനുമതി തേടാതിരിക്കാൻ സാധുതയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ഉദ്ദേശിച്ചതുപോലെ വീടിന് മുകളിലേക്ക് മുറികൾ നിർമിക്കാനാവില്ലെങ്കിലും അയൽക്കാരനെ വെറുതെ വിടാൻ പാടില്ല എന്ന് ഉടമ മനസ്സിൽ ഉറപ്പിച്ചു.

നിയമപ്രകാരമുള്ള അകലത്തിൽ പുതിയ ഒരു കെട്ടിടം നിർമ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ പകപോക്കാനായി ഉള്ള സ്ഥലത്ത്  കെട്ടിയുയർത്തിയതാണ് മൂന്നടി മാത്രം വീതിയുള്ള ഈ പുതിയ വീട്. വീടിന് വലുപ്പംകൂട്ടാൻ അനുമതി നിഷേധിച്ച അയൽക്കാരന്റെ വീട് അപ്പാടെ മറച്ചുകൊണ്ട് കാസാ ഡു കുരിവു ഉയർന്നുവന്നു. അയൽക്കാരനാവട്ടെ അത് യാതൊരുവിധത്തിലും തടസ്സപ്പെടുത്താനും പറ്റിയില്ല.

എന്നാൽ അതുകൊണ്ടും തീർന്നില്ല വീട്ടുടമയുടെ പക. പുതിയ കെട്ടിടത്തിൽ അയൽക്കാരന്റെ വീടിന് അഭിമുഖമായുള്ള ഭാഗത്ത് മുഴുവൻ കറുപ്പ് നിറം പെയിന്റ് ചെയ്തു. അങ്ങനെ മനുഷ്യർ തമ്മിലുള്ള പക ഏതറ്റംവരെപോകും എന്നതിന്റെ തെളിവായി 'ലോകപ്രശസ്തി നേടിയ ഈ വീട്' നിലനിലകൊള്ളുന്നു.

വീടിനെ സ്നേഹിക്കുന്നവർക്കായി-

https://instagram.com/manoramaveedu 

https://youtube.com/@manoramaveedu 

https://facebook.com/manoramaveedu

English Summary:

Behind the story of Narrowest House in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com