ADVERTISEMENT

വ്യക്തികളും കൂട്ടായ്മകളും മുൻകയ്യെടുത്ത് അർഹരായവർക്ക് വീടൊരുക്കുന്ന നിരവധി മാതൃകാപരമായ ഉദാഹരങ്ങൾ കേരളത്തിലുണ്ട്. ഞാൻ പറയുന്നത് ഇതിന്റെ മറ്റൊരു വീക്ഷണകോണിൽനിന്നുള്ള (വേണമെങ്കിൽ ഒറ്റപ്പെട്ട സംഭവമെന്ന് വിളിക്കാം) അനുഭവമാണ്.

ഒരു സ്കൂൾകുട്ടിക്ക് വീട് വച്ചുകൊടുക്കാൻ നാട്ടുകാരും അധ്യാപകരും സഹപാഠികളും തീരുമാനിക്കുന്നു. കുടുംബത്തിന് സ്വന്തമായി സ്ഥലമുണ്ട്. പക്ഷേ ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ കൂരയിലായിരുന്നു താമസം. ഏകദേശം 5 ലക്ഷമായിരുന്നു നിശ്ചയിച്ച ബജറ്റ്.

ചെലവുകുറഞ്ഞ, പരിസ്ഥിതിക്കിണങ്ങിയ  വീട് എന്നതായിരുന്നു ആശയം. ഇന്റർലോക്ക് മൺകട്ടയിൽ ചുമരും പഴയ ഓടുപയോഗിച്ച് ട്രസ്ഡ് റൂഫും എന്ന രീതിയിലാണ് തീരുമാനിച്ചത്.

അടിത്തറ കഴിഞ്ഞു ഭിത്തികെട്ടിത്തുടങ്ങി.  അപ്പോഴാണ് കുട്ടിയുടെ അമ്മാവന്റെ വരവ്. അമ്മാവൻ വീട്ടുകാരെ ക്യാൻവാസ് ചെയ്ത് ചില കാര്യങ്ങൾ 'ബോധ്യപ്പെടുത്തി'.

ഒരുദിവസം രാവിലെ കുട്ടിയുടെ വീട്ടുകാർ പറഞ്ഞു: ഞങ്ങൾക്ക് ഓടിട്ട വീടുവേണ്ട, കോൺക്രീറ്റ് വീടുമതിയെന്ന്...

ഒരുകാര്യം ചെയ്യാം, പഴയ ഓടുവച്ച് ലാറി ബേക്കർ സാങ്കേതികവിദ്യയിൽ വാർക്കാം എന്ന് തീരുമാനിച്ചു. കാര്യം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചു. ഒരാഴ്ചക്ക് ശേഷം കുട്ടിയുടെ വീട്ടുകാർ അവരുടെ അഭിപ്രായമെന്ന രീതിയിൽ ഇങ്ങനെ പറഞ്ഞു: ഓടില്ലാതെ നല്ല 'ഉറപ്പുള്ള' കോൺക്രീറ്റ് വീടുതന്നെ വേണം.

'അമ്മാവൻ പ്രഭാവമാണ്' പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. അമ്മാവൻ പത്തു കിലോമീറ്റർ അപ്പുറത്തെ വാർക്ക കോൺട്രാക്ടറാണെന്ന് പിന്നീട് കണ്ടുപിടിച്ചു.

ഒടുവിൽ ഞങ്ങൾ കീഴടങ്ങി.

അമ്മാവനെകൊണ്ട് 'ഒറിജിനൽ ' കോൺക്രീറ്റ് റൂഫുണ്ടാക്കി. അമ്മാവനായതു കൊണ്ടുതന്നെ പണം കുറച്ചുകൊടുത്താൽ മതിയല്ലോയെന്ന് ഞങ്ങൾക്കും ഒരു ഗൂഢപദ്ധതിയുണ്ടായിരുന്നു.

പണി കഴിഞ്ഞു. കണക്കുപറഞ്ഞ് പണം വാങ്ങി പോകുമ്പോൾ അമ്മാവൻ വക ഒരു ഡയലോഗ്:

'നിങ്ങടെ പോക്കറ്റിലെ കാശല്ലല്ലോ പിരിച്ച കാശല്ലെ' എന്ന്.

പണിത കാശുമാത്രമല്ല പലവിധ ന്യായങ്ങൾ പറഞ്ഞ് അയ്യായിരം രൂപ അധികമായി വാങ്ങി അമ്മാവൻ.

എല്ലാ പണിയും കഴിഞ്ഞപ്പോൾ ഏഴുലക്ഷം രൂപയായി. കൈയിലുണ്ടായിരുന്നത് അഞ്ചുലക്ഷവും. ബാക്കി രണ്ടുലക്ഷം രൂപ സംഘടിപ്പിക്കാൻ അധ്യാപകർ ഒരുപാടലഞ്ഞു. അനേകം വാതിലുകൾക്ക് മുന്നിൽ മുട്ടേണ്ടിവന്നു. ഇത്തരം ദുരനുഭവങ്ങൾ കൊണ്ടാകാം, ഇന്നത്തെക്കാലത്ത് അർഹരായവർക്കുപോലും സഹായം ചെയ്യാൻ മനുഷ്യർക്ക് പലവട്ടം മടിച്ചുനിൽക്കേണ്ടിവരുന്നത്...

English Summary:

Unnecessary Affinity towards concrete house- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com