ADVERTISEMENT

അഞ്ചാറു കൊല്ലം മുൻപ് ഒരവധിക്കാലത്ത് രാവിലെ റോഡിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ഞാൻ  കാദറിക്കയെ കാണുന്നത്. എനിക്ക് ഓർമവച്ച കാലംമുതൽ കാദറിക്കയ്ക്ക് മീൻ കച്ചവടമാണ്, ആദ്യം തലച്ചുമടായാണ് മീൻ വിറ്റിരുന്നിരുന്നത്, പിന്നെ ഒരു സൈക്കിൾ വാങ്ങി, ഇപ്പോൾ അതൊരു മോട്ടോർ സൈക്കിളായി പുരോഗമിച്ചിട്ടുണ്ട്.

എന്തായാലും കാദറിക്കയെ കണ്ടതോടെ ഞാൻ റോഡിലേക്കിറങ്ങി, പരസ്പരം സുഖവിവരങ്ങൾ അന്വേഷിച്ചു, കൂട്ടത്തിൽ ഞാൻ കൊട്ടയിലെ മീനിന്റെ വിലവിവരങ്ങൾ ഒന്ന് അന്വേഷിക്കുകയും ചെയ്തു. അതോടെ കാദറിക്ക ചുറ്റുമൊന്നുനോക്കി, പിന്നെ ആരും അടുത്തില്ലെന്ന് ഉറപ്പുവരുത്തി ശബ്ദം താഴ്ത്തി പറഞ്ഞു:

" മോന് ഞാൻ വേറൊരു കൂട്ടം മീൻ തരാം. പക്ഷേ ഒരു കാര്യമുണ്ട്, ഈ വിവരം ഇരുചെവി അറിയരുത്"

ഞാൻ ആകെ കൺഫ്യൂഷനിലായി. അങ്ങനെയാണ് കാദറിക്ക ആ 'ഞെട്ടിക്കുന്ന'  സത്യം വെളിപ്പെടുത്തുന്നത്.

" മോനെ, ഇതൊരു സാധാരണ മീനല്ല. മീൻപിടിത്തത്തിന്  ഇന്ത്യാ ഗവണ്മെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഒന്നൊന്നര മീനാണ്. ഞാൻ ഇത് വിറ്റു എന്ന് അവരെങ്ങാനും അറിഞ്ഞാൽ പിന്നെ തല കാണില്ല"

അതും പറഞ്ഞു കാദറിക്ക കൊട്ടയുടെ അടിവശത്തുള്ള നീല പ്ലാസ്റ്റിക്ക് കവറൊന്നുനീക്കിക്കാണിച്ചു. അതിനടിയിൽ മഞ്ഞനിറത്തിൽ പുള്ളികളുള്ള വലിയൊരു  മീൻ കിടപ്പുണ്ട്, സത്യത്തിൽ അങ്ങനെയൊരു മീനിനെ ഞാൻ അന്നുവരെ കണ്ടിട്ടില്ല. അതിനാൽ മൽസ്യപ്രിയനായ എനിക്കും സംഗതിയിൽ താല്പര്യമേറി.

" എങ്കിൽ പിന്നെ പിടിക്കാൻ നിരോധനമുള്ള ഈ മീനിനെ പിടിക്കാതിരുന്നുകൂടെ ..?"  മീനിനോടുള്ള താല്പര്യത്തിലും ഞാൻ പൗരബോധം കൈവിട്ടില്ല.

" ചൂണ്ടയിട്ടപ്പോൾ കൊത്തിയതാണ് മോനെ, ഇനിയിപ്പോൾ തരക്കേടില്ലാത്ത വിലകിട്ടിയാൽ വിശ്വസിക്കാവുന്ന  ആർക്കെങ്കിലും കൊടുത്ത്‌ ഒഴിവാക്കണം. അത്രയേ ഉള്ളൂ"

അത്രയുമായതോടെ വസ്തുതകളെ ഞാൻ ഒന്ന് വിശകലനം ചെയ്തു.

 കാദറിക്ക  മനഃപൂർവ്വം  നിരോധിക്കപ്പെട്ട ജനുസ്സിലുള്ള ഒരു മീനിനെ പിടിക്കണം എന്ന ഉദ്ദേശ്യത്തോടെല്ല ചൂണ്ടയിട്ടിട്ടുള്ളത്. മാത്രമല്ല, താൻ സംരക്ഷിത വിഭാഗത്തിൽ പെട്ട മീനാണ് എന്നുള്ള വിവരം ചൂണ്ടയിൽ കുടുങ്ങിയ മീനിനും അറിവുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ എല്ലാം വിധി എന്നുകരുതി സമാധാനിക്കുക, താല്പര്യമുണ്ടെങ്കിൽ മീൻ വാങ്ങി വീട്ടിൽ പോവുക എന്നതാണ് എനിക്ക് മുന്നിലുള്ള പോംവഴി.

അതോടെ ചർച്ച വിലപേശലിലേക്കു കടന്നു. എണ്ണൂറു  രൂപയാണ് കാദറിക്ക മീനിന് പറഞ്ഞത് എങ്കിലും എത്ര വിലപേശിയിട്ടും എഴുനൂറു രൂപയിൽ താഴ്ത്താൻ പുള്ളി തയാറായില്ല. അതോടെ പറഞ്ഞ എഴുനൂറു രൂപയും കൊടുത്ത്‌ ഞാൻ മീനിനെ സ്വന്തമാക്കി, ആരും കാണുന്നില്ല എന്നുറപ്പുവരുത്തി മീനുമായി വീട്ടിലേക്കു കയറുകയും ചെയ്തു.

അങ്ങനെ അഭിമാനത്തോടെ ഞാൻ പ്രസ്തുത മീനുമായി, വീട്ടിനകത്തിരുന്നു ടിവി കാണുകയായിരുന്ന അച്ഛന്റെ അടുത്തെത്തി, മീനിനെ മുന്നോട്ടു നീട്ടിപ്പിടിച്ച ശേഷം ചോദിച്ചു:

" ഈ മീനിനെപ്പറ്റി അച്ഛന് വല്ല ധാരണയും ഉണ്ടോ ..?"

അച്ഛൻ ടിവിയിൽ നിന്ന് തലതിരിച്ചു മീനിനെ ഒന്നുപാളിനോക്കി. പിന്നെ റിമോട്ടിൽ ചാനൽ മാറ്റുന്നതിനിടെ പറഞ്ഞു:

" ഇത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു വളർത്തു മീനാണ്. നമ്മുടെ മീൻകാരൻ ഖാദറ് അവന്റെ വീട്ടിലെ ടാങ്കിൽ കുറേയെണ്ണത്തിനെ വളർത്തുന്നുണ്ട്. മുന്നൂറു രൂപയ്ക്കു കിട്ടും."

കഥ കഴിഞ്ഞു.

ഈ കഥ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്.

ഏതാനും ദിവസം മുൻപാണ് സമൂഹമാധ്യമത്തിൽ വൈറലായ ഒരു വിഡിയോ ഞാൻ കാണുന്നത്. അതായത് ഈ കൊടുംവേനലിൽ ഒരാൾ തന്റെ വീട്ടിൽ മഴ പെയ്യിക്കുന്നതും അതുവഴി വീട്ടിലെയും പരിസരത്തെയും ചൂട് നിയന്ത്രിക്കുന്നതും ഒക്കെയാണ് വിഡിയോയിലെ ഇതിവൃത്തം.

ഞാൻ കാണുമ്പോഴേക്കും ഏതാണ്ട് മുപ്പതു ലക്ഷത്തിൽ അധികം ആളുകൾ ആ വിഡിയോ കണ്ടിരിക്കുന്നു, ഇപ്പോഴും കാണുന്നുണ്ടാവാം.

മഴയെ ഇഷ്ടമാണ്, എനിക്കും ജോൺസൺ മാഷ്‌ക്കും...പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ വർമ്മ സാറേ.

ഈ കെട്ടിടങ്ങൾക്ക്, പ്രത്യേകിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് മഴയെ അത്ര വലിയ ഇഷ്ടമല്ല. ഒന്നുകൂടി പച്ചയ്ക്ക് പറഞ്ഞാൽ സ്ഥിരമായി മഴ നനയുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്ക്, മഴ നനയാത്ത കെട്ടിടങ്ങളെ അപേക്ഷിച്ചു ആയുസ്സു കുറയും.

വെള്ളത്തെ ഏതാണ്ട് സ്പോഞ്ചു പോലെ ആഗിരണം ചെയ്യാൻ കഴിവുള്ള പദാർത്ഥമാണ്, കോൺക്രീറ്റ്.  ഈ പറഞ്ഞതിന്റെ അർഥം കോൺക്രീറ്റ് സ്പോഞ്ചിനോളം വെള്ളം കുടിക്കും എന്നല്ല, എന്നിരുന്നാലും കുടിക്കും. ഈ വെള്ളം കുടിയുടെ തോത് പ്രസ്തുത കോൺക്രീറ്റിന്റെ നിർമാണ ഘട്ടത്തിൽ പുലർത്തിയ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും. നന്നായി നിർമ്മിക്കപ്പെട്ടവ കുറച്ചു വെള്ളം കുടിക്കും, മോശമായത് കൂടുതൽ കുടിക്കും. 

എന്റെ പൊന്നുചേട്ടാ, ഇവിടെ ഇഷ്ടം പോലെ വെള്ളം ഉണ്ടല്ലോ, പിന്നെ ഈ കോൺക്രീറ്റ് അൽപസ്വൽപം  വെള്ളം കുടിച്ചാൽ , അതിലെന്താണ് തെറ്റ് എന്ന് ചിന്തിക്കുന്നവർ കണ്ടേക്കാം.

തെറ്റുണ്ട്. ഗുരുതരമായ തെറ്റ്.

ഇങ്ങനെ കോൺക്രീറ്റിനകത്തേക്കു ആഗിരണം ചെയ്യപ്പെടുന്ന വെള്ളം അതിനകത്തെ സ്റ്റീലുമായി പ്രതിപ്രവർത്തിക്കും. കമ്പി തുരുമ്പിക്കും. അതോടെ എൻജിനീയർമാരുടെ ഭാഷയിൽ " സ്പാളിങ് "എന്ന് വിളിക്കുന്ന കോൺക്രീറ്റിന്റെ അടിഭാഗം അടർന്നു വീഴൽ ആരംഭിക്കും. ഏതാനും വർഷം കഴിയുന്നതോടെ വീടിന്റെ തകർച്ച പൂർണമാവും. തീർന്നില്ല.

കോൺക്രീറ്റ് സ്ളാബിനു മുകളിൽ എത്ര നേരം ഈ വെള്ളം കെട്ടി നിൽക്കുന്നുവോ, അതിനനുസരിച്ചും ഈ ജല ആഗിരണത്തിന്റെ തോത് വർധിക്കും. പരന്ന സ്ളാബ് കൂടുതൽ വെള്ളം കുടിക്കും, ചെരിഞ്ഞ സ്ളാബിൽ വെള്ളം എളുപ്പം ഊർന്നു പോകുന്നതുകൊണ്ട് അവ കുറച്ചു വെള്ളമേ കുടിക്കൂ. സ്ളാബിനു മുകളിൽ പ്ലാസ്റ്ററിങ് നടത്തിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി കൊഴുക്കും. സൺഷെയ്ഡ് പരത്തി വാർക്കരുത് എന്ന് പറയുന്നതിന്റെ ഒരു കാരണമിതാണ്. 

നിലവിൽ ഞാൻ കണ്ട പ്രസ്തുത വീഡിയോയിലെ വീടിന്റെ സ്ളാബിൽ ഈ ഘടകങ്ങൾ എല്ലാമുണ്ട്.

തീർന്നില്ല. 

ഇങ്ങനെ വെള്ളം കുടിക്കുന്ന സാമഗ്രികളുടെ കൂട്ടത്തിൽ കോൺക്രീറ്റ് മാത്രമല്ല ഉള്ളത്. സിമന്റു ബ്ലോക്കും, ഇഷ്ടികയും, പ്ലാസ്റ്ററിങ്ങും ഒക്കെ വെള്ളം കുടിക്കും. മൊത്തത്തിൽ കാര്യങ്ങൾ ചക്ക കുഴയുന്നപോലെ കുഴയും എന്നർഥം.

നമ്മുടെ നാട്ടിൽ സമൂഹമാധ്യമത്തിൽ ശ്രദ്ധ ആകർഷിക്കുന്ന മിക്ക വീടുകളുടെ ബാഹ്യഘടനയിലും ഈ അരക്ഷിതാവസ്ഥയുണ്ട്, നിശ്ശബ്ദനായ കൊലയാളിയുടെ സാന്നിധ്യമുണ്ട്. സമൂഹമാധ്യമത്തിൽ ആഘോഷിക്കപ്പെടുന്നതെല്ലാം വസ്തുതാപരമായി ശരിയാകണമെന്നില്ല എന്നോർക്കണം.

വീടുനിർമാണം ബൃഹത്തായ ഒരു എൻജിനീയറിങ് പ്രക്രിയയാണ്. രൂപകൽപനയിൽ, നിർമാണത്തിൽ, പരിപാലനത്തിൽ, സാമഗ്രികളുടെ തിരഞ്ഞെടുപ്പിൽ, ഒക്കെ അർഹിക്കുന്ന ശ്രദ്ധ കൊടുക്കണം. അത് തീരുമാനിക്കേണ്ടത് ആ മേഖലയിലെ വിദഗ്ധരാണ്. എൻജിനീയർമാരും ആർക്കിടെക്ടുകളുമാണ്.

 വസ്തുതകൾ പരിശോധിക്കാതെ എടുത്തുചാടുന്നത് നഷ്ടത്തിലേ കലാശിക്കൂ. അത് സോഷ്യൽ മീഡിയയുടെ കാര്യത്തിലായാലുംശരി മീൻകാരൻ കാദറിക്കയുടെ കാര്യത്തിലായാലും ശരി.

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

***

English Summary:

Misinformation in construction field- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com