ADVERTISEMENT

ചിലയാളുകൾ കൂട്ടുകുടുംബമായി കഴിയുന്ന വീട്ടിൽനിന്ന് പിണങ്ങി, ഭാര്യയെയും കുട്ടികളെയും കൊണ്ട് ഒരുദിവസം ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ 'തോന്ന്യാസി'യാണെന്ന് വീട്ടിലുള്ളവരും നാട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട്. വീടുവിട്ട് പോകുന്നവൻ മോശക്കാരനോ സ്വാർഥനോ ഒക്കെയായി പരിഗണിക്കപ്പെടുന്ന കാലമായിരുന്നു അത്.

വീട്ടിൽ നിന്നാൽ നിരന്തരം വഴക്കുണ്ടാകുമെന്നും കുട്ടികൾക്കും ഭാര്യയ്ക്കും  തനിക്കുതന്നെയും ഒരു സമാധാനവും കിട്ടില്ലെന്നും പരിഭവപ്പെട്ടാണ് അവർ വീടുവിട്ടിറങ്ങുക. നഗരത്തിലേക്കോ തറവാട്ടിൽ നിന്നകന്നോ താമസിക്കുന്നതോടെയാണ് പുതിയൊരു ആശ്വാസ ജീവിതമുണ്ടാകുന്നത്.

സ്വന്തം ഇഷ്ടങ്ങൾ, യാത്രകൾ, പാചകം, വിഭവം, വസ്ത്രം, ഉല്ലാസം, വീടൊരുക്കലുകൾ, ടിവി പരിപാടികൾ, ഇഷ്ടപ്പെട്ട പത്രം, അടുക്കളയുപകരണങ്ങൾ...അങ്ങനെ തങ്ങളുടേതായ താൽപര്യങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം വ്യാപകമായി കേരളത്തിലാരംഭിക്കുന്നത് എൺപതുകളിലാണ്.

കുടുംബസ്നേഹം, മാതാപിതാക്കളോടുള്ള ആത്മബന്ധം എന്നിവ മൂലമോ സാമ്പത്തിക പരിതസ്ഥിതി കൊണ്ടോ വിവാഹശേഷവും തറവാട്ടിൽത്തന്നെ താമസിച്ച് മനഃസമാധാനമില്ലാതെ ജീവിക്കുന്ന ഒരുപാടാളുകളെ ഞാൻ കണ്ടിട്ടുണ്ട്. ഇത്തരം കൂട്ടുകുടുംബങ്ങളിൽ വഴക്കുകൾ ഒഴിവാക്കാൻ, ഇവരെടുക്കുന്ന അഡ്ജസ്റ്റ്മെന്റുകൾ മൂലം മാനസികഭാരം കൂടി, സന്തോഷമില്ലാത്ത അല്ലെങ്കിൽ നിർവികാരമായ അവസ്ഥയിലേക്കെത്തിയവരെ ഞാൻ കണ്ടിട്ടുണ്ട്.

തങ്ങളുടെ കുടുംബത്തിനകത്തും ബന്ധുവീടുകളിലും നടക്കുന്ന നാനാവിധ ചടങ്ങുകൾക്കും ചെലവുകൾക്കുമിടയിൽപെട്ട് പ്രാദേശികമായ ചെറിയ ജോലികൾ മാത്രം ചെയ്ത് സാമ്പത്തികമായി നട്ടംതിരിയുന്ന മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ 'ഇവരെല്ലാം മോശക്കാരാണ്' എന്നൊരു അഭിപ്രായം എനിക്കില്ല. അതവരുടെ സാഹചര്യമാകാം, തീരുമാനമാകാം...

വിവാഹശേഷവും തറവാട്ടിൽ നട്ടം തിരിഞ്ഞവരെ പിടിച്ചു നിർത്തിയതും രക്ഷപ്പെടുത്തിയതും ഗൾഫായിരുന്നു. നല്ല അച്ചൻ, സഹോദരൻ, ഭർത്താവ്, മകൻ... അങ്ങനെയൊക്കെയാവാൻ ഗൾഫിൽ ഒട്ടേറെ മനുഷ്യർക്ക് വിയർപ്പൊഴുക്കേണ്ടിവന്നിട്ടുണ്ട്. ആ അർഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്, കേരളീയർക്കാകെ വീടിന്റെ കാര്യത്തിൽ മാത്രമല്ല പല രീതിയിലും നല്ലകാലമുണ്ടായത് എന്നു പറയാം.

ഇരുപത്തഞ്ചാം വയസിൽ 40 ലക്ഷം ഒറ്റയടിക്ക് കൊടുത്ത് എന്റെയൊരു ബന്ധു വീടുവാങ്ങിയത് കഴിഞ്ഞ കൊല്ലമാണ്. ഡോളറിന്റെ മൂല്യവർധന പ്രവാസികൾക്ക് തെല്ലൊന്നുമല്ല ആശ്വാസകരമായത്. അങ്ങനെ കേരളത്തിലെ എല്ലാ വിഭാഗം മനുഷ്യരും ചെറിയ പ്രായത്തിൽ തന്നെ വീടുണ്ടാക്കാൻ തുടങ്ങി. പുതിയ തലമുറ കുടിയേറ്റം ആരംഭിച്ചതോടെ, അടച്ചിട്ട വീടുകളും തത്സമയം പെരുകിവന്നു. ലക്ഷക്കണക്കിന് വീടുകൾ കേരളത്തിൽ അടഞ്ഞുകിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം വീടിന് വേണ്ടി പണിയെടുക്കുന്നവരും, ലൈഫ് മിഷനിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരും വീടിന് വേണ്ടി വിദേശത്ത് പോകാൻ വിസ അന്വേഷിക്കുന്നവരും ഒട്ടേറെയുണ്ട് കേരളത്തിൽ.

ഒരുകാര്യം പറയാം: തറവാട് വിടാൻ ധൈര്യം കാട്ടിയവരാണ്, കേരളത്തിലാദ്യമായി വീട് നിർമാണ വിപ്ലവത്തിന് തുടക്കം കുറിച്ചതും ജീവിതത്തിൽ രക്ഷപ്പെട്ടതും. പുതിയകാലത്ത് കുടുംബബന്ധങ്ങളിൽ സ്വീകാര്യമായ പ്രായോഗികമായ ഒരു നയം പറയാം- 'ഒരു കയ്യകലത്തിൽ നിന്നാൽ സ്നേഹം നിലനിൽക്കും' എന്നതാണത്. 

English Summary:

House Revolution in Kerala, Changes in Family, Gulf influence- An introspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com