ADVERTISEMENT

ഗ്ലോബൽ സിറ്റി എന്ന നിലയിൽ ദുബായ് അനുദിനം മുന്നേറുകയാണ്. ദുബായ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ ലോകമെങ്ങുമുള്ള അതിസമ്പന്നർ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നത് ഇതിന് മികച്ച ഉദാഹരണമാണ്.

ദുബായിലെ പ്രധാന  ആകർഷണങ്ങളിൽ ഒന്നായ പാം ജുമൈറ എന്ന കൃത്രിമ ദ്വീപിൽ സെലിബ്രിറ്റികളും വൻകിട ബിസിനസുകാരും വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ 2024ൻ്റെ ആദ്യ പാദത്തിൽ ദുബായിലെ 10 മില്യൻ ഡോളറിൽ ( 83.37 കോടി രൂപ) അധികം വിലമതിപ്പുള്ള വമ്പൻവീടുകളുടെ വിൽപനയിൽ വലിയ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

മിഡിൽ ഈസ്റ്റിലെ ടൂറിസത്തിന്റെയും ബിസിനസിന്‍റെയും ഹബ്ബായ ദുബായിലേക്ക് മുൻനിര ബിസിനസുകാർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചതോടെ 10 മില്യൻ ഡോളറിലധികം വിലയുള്ള വീടുകളുടെ വിൽപനയിൽ 19 ശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ട്. ഏകദേശം 105 അത്യാഡംമ്പര വീടുകളാണ് കഴിഞ്ഞ മൂന്നുമാസങ്ങൾകൊണ്ട് ദുബായിൽ വിറ്റുപോയത്. ചെറുതും വലുതുമായ റിയൽ എസ്റ്റേറ്റ് വ്യാപാരങ്ങളിലൂടെ 1.73 ബില്യൻ ഡോളർ (1,44,24.83 കോടി രൂപ) ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെത്തി. 2023 ൻ്റെ ചുവടുപിടിച്ചാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ കുതിപ്പുണ്ടായതെന്ന്  വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2023 ൽ 10 മില്യനിലധികം ഡോളർ വിലയുള്ള ഏകദേശം 431 വീടുകളുടെ വിൽപന നടന്നിരുന്നു. ലണ്ടനേക്കാൾ 80 ശതമാനം അധികമായിരുന്നു ഈ കണക്ക്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവ് നൽകാൻ ദുബായ് സ്വീകരിച്ച നടപടികളുടെ ഫലമായും ഈ കുതിപ്പിനെ കാണാം. ഗോൾഡൻ വീസ നിയമങ്ങൾ ലഘൂകരിച്ചതിനുപിന്നാലെ നിക്ഷേപകരും ക്രിപ്റ്റോ ശതകോടീശ്വരന്മാരും അതിസമ്പന്നരായ ഇന്ത്യക്കാരും സെക്കൻഡ് ഹോമുകൾ എന്ന നിലയിൽ ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചത് അനുകൂല ഘടകങ്ങളായി.

രാജ്യാന്തരതലത്തിലുള്ള മെട്രോപോളിറ്റൻ മേഖലകളെ താരതമ്യം ചെയ്യുമ്പോൾ വിലയുടെ കാര്യത്തിൽ ദുബായ് മെച്ചപ്പെട്ട ഓപ്ഷനായി ശതകോടീശ്വരന്മാർ  കാണുന്നുണ്ട്. ദുബായിലെ പ്രൈം റസിഡൻഷ്യൽ മേഖലകളിൽ പോലും ഒരു മില്യൻ ഡോളർ മുടക്കിയാൽ ശരാശരി 980 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് സ്വന്തമാക്കാം. ന്യൂയോർക്കിൽ ഈ വിലയ്ക്ക് പരമാവധി 366 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ലഭിക്കുന്നത്. പാം ജുമൈറയ്ക്ക് പുറമെ ജുമൈറ ബേ ഐലൻഡ്, ദുബായ് ഹിൽസ് എസ്റ്റേറ്റ് എന്നിവയും ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 10 മില്യൻ ഡോളറിന് മുകളിൽ വിലമതിപ്പുള്ള വീടുകളുടെ വിൽപനയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

English Summary:

Luxury Real Estate in Dubai Recorded Growth- Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com