ADVERTISEMENT

ഗോവണിയില്ലാത്ത വീടുണ്ടോ ഇക്കാലത്ത്? കുറവായിരിക്കും. ഗോവണി കാണും, പക്ഷേ കൈവരി വയ്ക്കണമെന്നില്ല, ചിലരെങ്കിലും. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്. കൈവരി എത്തുമ്പോഴേക്കും പണം കഴിഞ്ഞുകാണും. അതുപോലെ മുകളിൽ പാരപ്പറ്റും ചെയ്തിട്ടുണ്ടാവില്ല.

അകത്തെ പണികളൊക്കെ ഒരുവിധം തീർത്തിട്ടുവേണം 'പാലുകാച്ചി താമസം തുടങ്ങാൻ' എന്ന ധൃതിയിലാവും പലരും വീടുപണി തുടങ്ങുന്നതുതന്നെ. അതിനിടെ മറന്നുപോകുന്നതോ, പണം കഴിഞ്ഞതുകൊണ്ട് അവഗണിക്കുന്നതോ ആയ ജോലിയാണ് മേൽപറഞ്ഞ കൈവരി വയ്ക്കൽ.

എന്താവും ഫലം?

കഴിഞ്ഞ ദിവസമാണ് നാട്ടിലെ ഒരു വീടിനുമുന്നിൽ പുറത്ത് കോൺക്രീറ്റിൽ പണിത ഗോവണി മൊത്തമായി പൊട്ടിച്ച് മാറ്റിയിരിക്കുന്നത് കണ്ടത്. കാര്യമന്വേഷിച്ചപ്പോഴാണ്, മുകളിൽ മുളകുണക്കാൻ കേറിയ വീട്ടമ്മ, കൈവരി വയ്ക്കാത്ത ഗോവണിയിൽ കയറി കാൽ തെന്നി താഴേക്ക് വീണ് ഇടുപ്പെല്ല് ഒടിഞ്ഞ വിവരം അറിയുന്നത്. 

അഞ്ചാറ് മാസം ചികിത്സ കഴിഞ്ഞ് നേരെപോയത് വാസ്തുക്കാരനെ കാണാൻ. വീടിനുമുന്നിൽ സ്‌റ്റെയർ പാടില്ലെന്ന് വാസ്തുവിദഗ്ധൻ ഉത്തരവിറക്കിയപാടേ മേലുകീഴ് നോക്കാതെ പണിക്കാരെ വിളിച്ച് സ്‌റ്റെയർ കയ്യോടെ പൊളിച്ചു നിരത്തിയപ്പോളാണ് വീട്ടിലുള്ളവർക്ക് സമാധാനമായത്.

വീടിന്റെ മുൻഭാഗത്ത് ഗോവണി വരാൻ പാടില്ലെന്നാണ് ആശാൻ കൽപിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ വീട്ടിലെന്നും അനർഥങ്ങളുണ്ടാകും. സംഗതി കേട്ടപ്പോൾ തൊണ്ണൂറുകളിലെ മലയാള സിനിമകളിലുള്ള കഥ പോലെ എനിക്കും തോന്നി. പക്ഷേ  ഇക്കാലത്തും ഇതൊക്കെയുണ്ട് കേട്ടോ. നമുക്ക് എളുപ്പത്തിൽ അന്ധവിശ്വാസമെന്നൊക്കെ പറയാമെങ്കിലും വീട്ടുകാർക്കത് വിശ്വാസമാണ്.

കൈവരി വയ്ക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നമ്മൾക്ക് പരസ്പരം പറയാമെങ്കിലും അവരുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്നത് വാസ്തുക്കാരന്റെ വാക്കുകളായിരിക്കും. അതുകേട്ട് അവർ എന്തും ചെയ്യും. എന്തും എളുപ്പത്തിൽ പൊളിക്കും, പുതിയതൊരെണ്ണം പണിയാനാണല്ലോ പാട്. 

എങ്കിലും ഇടുപ്പൊടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ ചെലവഴിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മതിയാകും കൈവരി വയ്ക്കാൻ. ആയതിനാൽ എന്ത് പണിതില്ലെങ്കിലും വേണ്ടില്ല ഗോവണിക്ക് കൈവരിയും റൂഫ് സ്ലാബിന് പാരപ്പറ്റും പണിയാൻ ആരും അലംഭാവം കാട്ടരുത്. മേൽപറഞ്ഞ രണ്ട് കാര്യങ്ങൾ ചെയ്യാത്തവർക്ക് വീട്ടുനമ്പരോ കറണ്ട് കണക്‌ഷനോ പോലുമോ കൊടുക്കരുത് എന്നാണ് എന്റഭിപ്രായം.

English Summary:

Woman Slipped from Stair Got Fracture- Finally Stair Demolished- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT