ADVERTISEMENT

വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ എന്ന ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡിനുശേഷം ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെയെല്ലാം നിര്‍മാണച്ചെലവു കുറയ്ക്കാനാകുമെന്ന് നോക്കാം. 

ചെലവ് ചുരുക്കി വീടു നിർമിക്കാനാകുമോ?

വീടു നിർമാണത്തിലെ ചെലവ് കുറയ്ക്കാൻ സൂത്രപ്പണികൾ ഒന്നുമില്ലെന്നാണു വിദഗ്ധർ പറയുന്നത്. കാരണം, അസംസ്കൃത വസ്തുക്കളുടെ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. ചുടുകട്ട മുതൽ കമ്പി, സിമന്റ്, ചരൽ, കല്ല്, മെറ്റൽ, തടി അങ്ങനെ വീട് നിർമാണത്തിനാവശ്യമായ സാധനങ്ങൾ വിപണിവിലയിൽ നിന്നു താഴ്ന്നു ലഭിക്കില്ല. ഈ അവസ്ഥയിൽ കുറഞ്ഞ ചെലവിൽ വീടു പണിയണമെങ്കിൽ വിദഗ്ധമായി പ്ലാൻ ചെയ്യുകയാണു വേണ്ടത്. എന്താണ് കുടുംബത്തിന്റെ കൃത്യമായ ആവശ്യങ്ങൾ എന്നു മനസ്സിലാക്കി. പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയിൽ വീടിന്റെ പ്ലാൻ തയാറാക്കണം. 

പരമാവധി കൃത്യമായ പ്ലാനിങ്ങോടെ അനാവശ്യ ചെലവുകൾ ഒഴിവാക്കി ആവശ്യത്തിനു വലുപ്പത്തിൽ വീടു നിർമിക്കുക. ഓരോ ഘട്ടത്തിനും ആവശ്യമായി വരുന്ന തുക മുൻകൂട്ടി വകയിരുത്തുക. ഒരു കാര്യം എപ്പോഴും മനസ്സിൽ കരുതുക. എസ്റ്റിമേറ്റഡ് ബജറ്റ് കൃത്യമായി പാലിച്ച് ഒരു വീടുപണിയും പൂർത്തിയായിട്ടില്ല. 20 % കൂടുതൽ തുക വേണം വീടുപണി ആരംഭിക്കാൻ. 

പ്ലാനിങ് പ്രധാനം

വീടുപണിയുടെ ഏറ്റവും മർമപ്രധാന ഭാഗം പ്ലാനിങ്ങാണ്. സ്വന്തം ആവശ്യങ്ങൾ മുന്നിൽ കണ്ടാവണം വീടു നിർമിക്കാൻ. അല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ വീടിനോടു തോന്നിയ ആകർഷണം മുൻനിർത്തി അതേ രീതിയിൽ വീടു നിർമിക്കരുത്. വീട്ടിൽ അംഗങ്ങളുടെ എണ്ണം കുറവാണെങ്കിൽ ധാരാളം മുറികളുള്ള വലിയ വീടിനെക്കാൾ നല്ലത് വൃത്തിയാക്കാനെളുപ്പമുള്ള ചെറിയ വീടാണ്. ചെറിയ വീട് സ്റ്റാറ്റസ് സിംബലല്ല എന്നു കരുതുന്നവർ ധാരാളം. എന്നാൽ, വലിയ വീടു നിർമിക്കുകയും അതിൽ താമസിക്കാൻ ആളില്ലാതെ വരികയും സാമ്പത്തികഭദ്രത ഇല്ലാതാകുകയും ചെയ്യുന്നതിനെക്കാൾ നല്ലത് ചെറുതും സൗകര്യങ്ങൾക്കു ചേർന്നതുമായ വീടാണ്. 

മെറ്റീരിയൽ 

ഭൂമിയുടെ സ്വഭാവം എന്തായാലും കരിങ്കല്ലു കൊണ്ടു നിർമിച്ച അടിത്തറ വീടിനു നൽകുന്ന സുരക്ഷിതത്വം ഏറെ ഉയർന്നതാണ്. ഭിത്തികൾ കെട്ടിത്തിരിക്കുമ്പോൾ, ചെങ്കല്ലോ ഇഷ്ടികയോ ഹോളോ ബ്രിക്സോ സിമന്റ് കട്ടകളോ ഇഷ്ടാനുസരണം ഉപയോഗിക്കാം. ഏത് ഉൽപന്നമായാലും ലഭ്യതയാണ് പ്രധാനം. അതിനാൽ തിരഞ്ഞെടുക്കുന്ന കല്ല് ലഭ്യമാണോ എന്നുറപ്പിക്കുക. കിലോമീറ്ററുകൾക്കപ്പുറത്തു നിന്നു മെറ്റീരിയൽ കൊണ്ടു വന്നു വീടുപണി പൂർത്തിയാക്കാനെളുപ്പമല്ല. വീടുപണിക്കു മുൻപായി പണിക്കാവശ്യമായ വസ്തുക്കൾ അടുത്ത കടകളിൽ ലഭ്യമാണോ എന്നും പണി നടക്കുന്ന സ്ഥലത്തേക്ക് അത് എത്തിച്ചുതരുമോ എന്നും അന്വേഷിക്കുക. ചെലവു ചുരുക്കാനായി വില കുറഞ്ഞ വസ്തുക്കൾ കൊണ്ടു വീടു നിർമിക്കുന്നതു പപ്പടം കൊണ്ടു ദ്വാരം അടയ്ക്കുന്നതു പോലെയാണ്. വീട് ദീർഘകാല നിക്ഷേപമാണ്. 

വിലക്കുറവിൽ ടൈലുകൾ

ഫ്ലോറിങ്ങിനു പലരും ടൈലുകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വിട്രിഫൈഡ് ടൈലുകളുടെ വില പലരെയും വട്ടം ചുറ്റിക്കും. 20–25 രൂപ വില വരുന്ന ഗുജറാത്തി ടൈലുകൾ, 40–50 രൂപയുള്ള സിറാമിക് ടൈലുകൾ എന്നിവ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, ബ്രാൻഡിങ്ങിനു വേണ്ടി പലരും 350 രൂപ വിലയുള്ളതിലേക്ക് ചാടുന്നു. ഉറപ്പിലും ഭംഗിയിലും സാങ്കേതികമായ ഒരു കുറ്റവും കുറവും വിലകുറഞ്ഞ സാധാരണ ടൈലുകൾക്കില്ല. ഒരു വീട് പൂർത്തിയാകുമ്പോൾ ഒരു ലക്ഷത്തിലേറെ രൂപ ഈയിനത്തിൽ ലാഭിക്കാനാകും. 

ടൈലുകൾ പോലെ പ്രധാനമാണ് മറ്റ് ആക്സസറികളും. ഉപയോഗമാണ് ആഡംബരത്തെക്കാൾ പ്രധാനം. ബാത്ത്റൂം ഫിറ്റിങ്സ് തിരഞ്ഞെടുക്കുമ്പോൾ ബജററ് പ്രത്യേകം ശ്രദ്ധിക്കുക. കാരണം, 50,000 രൂപയ്ക്കു മുകളിൽ വരെ ക്ലോസറ്റുകൾ ലഭിക്കുന്ന കാലമാണിത്. 1,500 രൂപ ചെലവിൽ മനോഹരമായ ക്ലോസറ്റുകളും വാഷ്ബേസിനും ലഭ്യമാണ്. ബാത്റൂം ഫിറ്റിങ്സ് വാങ്ങുമ്പോൾ അതിന്റെ വാറന്റി പീരിയഡ് നോക്കുകയും ആവശ്യമായ േരഖകൾ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യണം. 

ലൈറ്റുകൾ ലൈറ്റാകട്ടെ

ഏറ്റവും കൂടുതൽ പണം ചെലവാകുന്ന ഘടകമാണ് ലൈറ്റ് ഫിറ്റിങ്ങുകൾ. വലുപ്പവും ഭംഗിയും നോക്കി ചൈനീസ് ഉൽപന്നങ്ങളുടെ പിന്നാലെ പായുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആണ്. രണ്ടോ മൂന്നോ വർഷം ആയുസ്സു മാത്രമുള്ള ഇവ വീടിനകത്തു കയറ്റുക പോലും ചെയ്യരുതെന്നു പറയുന്ന ആർക്കിടെക്ടുകൾ ഏറെ. കേടു വന്നാൽ വലിച്ചെറിയാൻ പോലുമാവില്ല. ഇ–വേസ്റ്റ് നിക്ഷേപ കേന്ദ്രങ്ങൾ വീടിനകത്തു തന്നെ സ്ഥാപിക്കേണ്ട ഗതികേടുണ്ടാവും. 

മിതമായ നിരക്കില്‍ ലഭിക്കുന്ന, കൂടുതൽ കാലം ഈടു നിൽക്കുന്ന ഉൽപന്നങ്ങൾ വാങ്ങുകയാണ് ഉചിതം. ഒന്നിൽ കൂടുതൽ കടകൾ സന്ദർശിച്ച് വില താരതമ്യം ചെയ്തു വേണം വാങ്ങാൻ. നാനൂറോ അഞ്ഞൂറോ രൂപയ്ക്ക് നല്ല ലൈറ്റ് ഫിറ്റിങ്ങുകൾ ഉത്തരേന്ത്യയിലെ മൊറാദാബാദിലും ഡൽഹിയിലും മറ്റും ലഭിക്കും. ദീർഘകാലം നിലനിൽക്കുമെന്നതും സ്പെയേഴ്സ് സുലഭമാണെന്നതും അവയുടെ സവിശേഷതകളാണ്. 

ഫാനുകൾ തിരഞ്ഞെടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. ആഡംബരമാണു പലപ്പോഴും അമിതമായ ചെലവുകള്‍ക്കു വഴിയൊരുക്കുന്നത്. ചെലവു ചുരുക്കി വീടു നിർമിക്കുമ്പോൾ ആഡംബരങ്ങൾക്കല്ല, ആവശ്യങ്ങൾക്കാണു പ്രാധാന്യം. പിന്നീടു വേണമെങ്കിൽ ഈ ഉൽപന്നങ്ങൾ മാറ്റി വേറെ വാങ്ങാനാകും. വിലക്കുറവിൽ മെച്ചപ്പെട്ട സാമഗ്രികൾ കണ്ടെത്തുന്നതിനു യാത്ര ചെയ്യുന്നത് അമിതച്ചെലവല്ല. 

English Summary:

Rising House Construction Costs- An Introspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com