ADVERTISEMENT

പുരസ്കാരനിറവിലാണ് ഗായിക മൃദുല വാരിയർ. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ 'മയിൽപീലി ഇളകുന്നു കണ്ണാ' എന്ന ഗാനമാണ് മൃദുലയെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡിനർഹയാക്കിയത്. മൃദുലയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നേരത്തെ നൽകിയ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു.

എന്റെ നാട്...

അച്ഛന്റെ നാട് കോഴിക്കോടും അമ്മയുടേത് കൊയിലാണ്ടിയുമാണ്. എന്റെ നന്നേ ചെറുപ്പത്തിൽ വാടകവീടുകളുടെ ഒരു കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അച്ഛൻ രാമൻകുട്ടി വാരിയർ നികുതി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറിമാറി വന്നു.

ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ  കോഴിക്കോട് ഒരു വീട് വാങ്ങി. എന്റെ സ്‌കൂൾ പഠനകാലം ഏറെയും ആ വീട്ടിൽ വച്ചായിരുന്നു. നല്ല ശുദ്ധമായ വായുവും മണ്ണുമായിരുന്നു അവിടെ. നല്ല മധുരമുള്ള വെള്ളമായിരുന്നു കിണറിൽ. മുറ്റം നിറയെ മരങ്ങളുണ്ടായിരുന്നു. പത്താം ക്‌ളാസ് വരെ അതായിരുന്നു എന്റെ സ്വർഗം. പിന്നീട് ആ വീട് വിറ്റിട്ടാണ് ഞങ്ങൾ അടുത്ത വീട്ടിലേക്ക് ചേക്കേറുന്നത്.

 

സ്നേഹമുള്ള വീട്...

mridula-tharavad

പത്താം ക്‌ളാസ് കഴിഞ്ഞു കൊയിലാണ്ടിയിൽ അമ്മയ്ക്ക് ഓഹരി കിട്ടിയ സ്ഥലത്ത് പഴയ തറവാട് പൊളിച്ചു ഞങ്ങൾ ഒരു വീട് വച്ചു. ബന്ധുക്കളുടെ വീടുകളെല്ലാം സമീപത്തുണ്ടായിരുന്നു. പറമ്പിൽ തന്നെ കുടുംബക്ഷേത്രം. എപ്പോഴും ഭക്തിയും  സംഗീതവും സന്തോഷവും നിറയുന്ന ഒരന്തരീക്ഷമായിരുന്നു ആ വീട്ടിൽ. സംഗീത രംഗത്തെ അംഗീകാരങ്ങളും കൂടുതൽ അവസരങ്ങളും എന്നെ തേടിയെത്തിയത് ആ വീട്ടിൽവച്ചാണ്. അതുകൊണ്ടുതന്നെ മാനസികമായി ഇഷ്ടമുള്ള ഒരു വീടാണത്.

 

ഫ്ലാറ്റിലേക്ക്....

mridula

സംഗീതരംഗത്ത് ചുവടുറപ്പിച്ച ശേഷമാണ് ആലുവാപ്പുഴയുടെ തീരത്ത് ഞങ്ങൾ ഒരു ഫ്ലാറ്റ് മേടിക്കുന്നത്. ഭർത്താവ് ഡോക്ർ അരുണിന്റെ വീടും കോഴിക്കോട് കാരപ്പറമ്പാണ്. വിവാഹശേഷം ഞങ്ങൾ ആലുവയിലെ ഫ്ലാറ്റിലേക്ക് ജീവിതം പറിച്ചുനട്ടു. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ഇടങ്ങളുള്ള ഇടമാണ് ഞങ്ങളുടെ ഫ്ലാറ്റ്. എനിക്ക് കിട്ടിയ പുരസ്‌കാരങ്ങൾ ഒക്കെ കൊയിലാണ്ടിയിലുള്ള വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാക്കനാട്ടേക്ക് താമസം മാറ്റാനുള്ള പദ്ധതിയിലാണ് ഞങ്ങൾ. 

തറവാടിന്റെ ഒത്തൊരുമയിലാണ് വളർന്നതെങ്കിലും ഇപ്പോൾ എനിക്ക് പ്രിയം ഫ്ളാറ്റുകളോടാണ്. പരിപാലനം എളുപ്പം, സുരക്ഷിതത്വം, സൗകര്യങ്ങൾ എന്നിവയാണ് കാരണങ്ങൾ. ചുരുക്കത്തിൽ നമ്മുടെ പ്രിയപ്പെട്ടവർ ഉള്ള ഇടങ്ങൾ എല്ലാം എനിക്ക് വീടുകൾ തന്നെയാണ്.

English Summary- Mridula Warrier Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com