ADVERTISEMENT

പുതിയ ചിത്രം ജവാൻ ബോക്സ്ഓഫീസിൽ തരംഗമാകുന്നതിന്റെ സന്തോഷത്തിലാണ് ഷാറുഖ് ഖാൻ. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടന്മാരിൽ മുൻനിരയിലുണ്ട് ഷാറുഖ്. പല രാജ്യങ്ങളിലായി ആഡംബര പ്രോപ്പർട്ടികളും താരം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയിലെ 'മന്നത്ത്' ബംഗ്ലാവ് തന്നെയാണ് ഷാറുഖിന്റെ പേരിൽ ഏറ്റവും പ്രശസ്തി നേടിയത്. എന്നാൽ ദുബായിലെ പാം ജുമൈറ ദ്വീപിൽ ഷാറുഖിന്റെ ഉടമസ്ഥതയിലുള്ള ജന്നത്ത് എന്ന വില്ലയും ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 

ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായ ഷാറുഖ്, തുടർച്ചയായി ദുബായിലെത്താറുണ്ട്. അപ്പോൾ താരം താമസിക്കുന്നത് ഇവിടെയായിരുന്നു. എന്നാൽ ജന്നത്, ഷാറുഖ് സ്വന്തമായി വാങ്ങിയതല്ല എന്നതാണ് കൗതുകകരമായ കാര്യം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോപ്പർട്ടി ഡെവലപ്പറായ നഖീൽ 2007 ൽ അദ്ദേഹത്തിന് സമ്മാനിച്ചതാണ് വില്ല.  ഇക്കാര്യം അദ്ദേഹം തന്നെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 14000 ചതുരശ്ര അടിയാണ് ജന്നത്തിന്റെ വിസ്തീർണ്ണം. നിലവിലെ വിപണി വില കണക്കാക്കിയാൽ 100 കോടിയാണ് മതിപ്പ്.

ഷാറുഖിന്റെ വ്യക്തിത്വം പോലെ തന്നെ പ്രൗഢിയും പരിഷ്കാരവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വില്ലയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഗൗരി ഖാൻ തന്നെയാണ് അകത്തളം രൂപകല്പന ചെയ്തിരിക്കുന്നത്. വിശാലമായ ആറ് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന രണ്ട് ഗാരിജുകളും പ്രൈവറ്റ് പൂളും വില്ലയിലുണ്ട്. മനോഹരമായ കടൽ കാഴ്ചകൾ വീട്ടിലിരുന്ന് ആസ്വദിക്കാം. താരവും കുടുംബവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ് വില്ലയുടെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്തുന്നത്.

കുടുംബാംഗങ്ങളുടെ താൽപര്യത്തിനനുസരിച്ച് ഓരോ മുറിയും ഒരുക്കിയെടുക്കുകയായിരുന്നുവെന്ന് ഗൗരി ഖാൻ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഗെയിമിങ്ങിൽ ഏറെ താല്പര്യമുള്ളതിനാൽ ആര്യന്റെ മുറിയിൽ വലിയ ടിവി ഒരുക്കി. അബ്രാമിന് ബീച്ചിൽ സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടം.  സുഹാനയ്ക്ക് കൂടുതൽ താല്പര്യം വില്ലയിലെ പൂളിനോടാണ്.

ജന്നത്തിനും മന്നത്തിനും പുറമേ ലണ്ടൻ, ന്യൂയോർക്ക്, ലൊസാഞ്ചലസ്, അലിബാഗ് എന്നിവിടങ്ങളിലും ഷാരൂഖിന് പ്രോപ്പർട്ടികളുണ്ട്. അഭിഷേക് ബച്ചൻ, വിവേക് ഒബ്രോയ്, സൽമാൻ ഖാൻ, ശില്പാ ഷെട്ടി, അനിൽ കപൂർ എന്നിവരാണ് ദുബായിൽ വീട് സ്വന്തമാക്കിയിട്ടുള്ള മറ്റ് ബോളിവുഡ് താരങ്ങൾ .

English Summary- Shahrukh Khans Villa in Palm Jumerah- Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com