ADVERTISEMENT

അരിക്കൊമ്പൻ വിഷയത്തിൽ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി (വെഫ) എന്ന സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി തള്ളി 25,000 രൂപ പിഴ ചുമത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്. 

മൗലികാവകാശം ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അരിക്കൊമ്പന്റെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. അരിക്കൊമ്പനിൽ കെമിക്കൽ ട്രാൻക്വിലൈസേഷൻ, മെരുക്കൽ, അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധാധിഷ്ഠിത രീതികൾ എന്നിവ സ്വീകരിക്കരുത്, കാരണം അരിക്കൊമ്പൻ വൻതോതിൽ കെമിക്കൽ ട്രാക്വിലൈസേഷന്റെ ഇരയായതിനാൽ അത്തരം തുടർനടപടികൾ അവന്റെ ജീവിതത്തിനും ആരോഗ്യത്തിനും മാരകമായി മാറും. അരിക്കൊമ്പനെ ഉടൻ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഈ ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിക്കുകയും ചെയ്യുക.– എന്നിവയായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. 

എന്നാൽ, വാദം കേട്ട ബെഞ്ച്, ‘ഞങ്ങൾക്ക് ഈ അരിക്കൊമ്പൻ മടുത്തു. രണ്ടാഴ്ച കൂടുമ്പോൾ ആനയ്ക്കുവേണ്ടി ഒരു പൊതുതാൽപര്യ ഹർജിയുണ്ട്. ഇന്നലെയും ഞങ്ങൾ ഒന്ന് തള്ളി. ക്ഷമിക്കണം. നിങ്ങൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാം’എന്നാണ് പറഞ്ഞത്.

എന്നാൽ, ഹർജിക്കാരന്റെ അഭിഭാഷകൻ കേസിൽ ഉറച്ചുനിൽക്കുകയും വിഷയം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ഇത് ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ എവിടെയാണെന്നെങ്കിലും അറിയിക്കൂ’ എന്ന് വാദിച്ചെങ്കിലും ‘ആന എവിടെയാണെന്ന് നിങ്ങൾ എന്തിന് അറിയണം? വന്യജീവി എവിടെയാണെന്ന് നിങ്ങൾ എന്തിന് അറിയണം’ ബെഞ്ച് ചോദിച്ചു.

‘ലക്ഷങ്ങൾ ഈ കേസിൽ കോടതിയുടെ വാക്കിനായി കാത്തിരിക്കുകയാണ്. ആർട്ടിക്കിൾ 32 എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആളുകൾ ശ്രദ്ധിക്കുന്നു’ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, അഭിഭാഷകന്റെ വാദങ്ങളെ ബെഞ്ച് സ്വീകരിച്ചില്ലെന്നു മാത്രമല്ല കോടതിയെ ദുരുപയോഗം ചെയ്തതിനാൽ 25,000 രൂപ പിഴ ചുമത്തി ഹർജി തള്ളുകയുമാണ് ചെയ്തത്.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുന്നു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം മനുഷ്യന് ഉറപ്പുതരുന്ന ജീവിക്കാനുള്ള അവകാശം അരിക്കൊമ്പൻ എന്ന കൊലയാളി ആനയ്ക്കു നൽകണമെന്ന അപഹാസ്യമായ ആവശ്യവുമായി കോടതിയെ സമീപിച്ച വിവേക് വിശ്വനാഥനും വെഫ എന്ന സംഘടനയ്ക്കും അരിക്കൊമ്പൻ പ്രേമികൾക്കുമുള്ള കൃത്യമായ മറുപടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നൽകിയിരിക്കുന്നു. ആന എവിടെയെന്ന് തപ്പിനടക്കുകയല്ല സുപ്രീം കോടതിയുടെ പണി എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. അരിക്കൊമ്പൻ എന്ന ആനയുടെ പുറകേ നടക്കുന്നവർക്ക് ഒരു പാഠമാവട്ടെ ഈ വിധി.

– അലക്സ് ഒഴുകയിൽ, ചെയർമാൻ, കിഫ

English summary: The Supreme Court Thursday took strong exception to multiple public interest litigation (PIL) petitions filed with regard to the rogue elephant Arikomban which has been threatening human settlements in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com