ADVERTISEMENT

ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന 406 വാഴകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചതിനെതിരേ പ്രതിഷേധം കനക്കുന്നു. രാഷ്ട്രീയ നേതാക്കളും കർഷകരും ഒന്നടങ്കം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിക്കുന്നുണ്ട്. 

കൃഷി വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു കർഷകൻ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്.  ഒരു കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. 

ഹൈടെൻഷർ ലൈനിനു കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ KSEB ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. 

തോമസിന്റെ മകൻ അനീഷുമായി ഞാൻ സംസാരിച്ചു. ഓണ വിപണിയിലെത്തേണ്ടിയിരുന്ന 406 വാഴക്കുലകൾ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബം. വാഴക്കൈകൾ വെട്ടി അപകട സാധ്യതകൾ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കർഷക കുടുംബത്തിനുള്ളത്.  

ബഹു. വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. ഈ വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം  അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ  ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും മന്ത്രിയുടെ കുറിപ്പിലുണ്ട്.

shone-george
ഷോൺ ജോർജ് കർഷകരെ സന്ദർ‍ശിച്ചപ്പോൾ

ഇതു ചെയ്തവന്റെ തലയിൽ ഇടിത്തീ വീഴുമെന്നാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പറഞ്ഞത്. പടിവാതിൽക്കൽ എത്തിനിൽക്കുന്ന കർഷകദിനത്തിൽ ഇതിലും നല്ല സമ്മാനം ഒരു യുവ കർഷകന് കൊടുക്കാനില്ലെന്ന് ഇന്നലെ അദ്ദേഹം കുറിച്ചു. നഷ്ടം സംഭവിച്ച കർഷകരെ ഇന്ന് സന്ദർശിക്കുകയും ചെയ്തു. കൃഷിയിടത്തിൽനിന്നുള്ള വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ‘കർഷകന്റെ ഒരു വർഷത്തെ അധ്വാനത്തിന് വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ഈ കൊലച്ചതി ചെയ്തിട്ടുള്ളത്. ശരാശരി 15 അടി ഉയരത്തിലാണ് വാഴ വളരുക. അത്രേം താഴ്ത്തിയാണോ ഈ ലൈൻ പോകേണ്ടത്?’ ഷോൺ വിഡിയോയിൽ ചോദിക്കുന്നു. 50 വർഷം പഴക്കമുള്ള ലൈനിൽ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത് ചെയ്തവന്റെ തലയിൽ ഇടിത്തീ വീഴും എന്നു പറഞ്ഞാണ് അദ്ദേഹം വിഡിയോ അവസാനിപ്പിച്ചത്.

English summary: KSEB and Banana Controversy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com