ADVERTISEMENT

ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനോടനുബന്ധിച്ച് ദക്ഷിണ കൊറിയയിൽ നടന്ന യുഎൻ ചർച്ചാവേദിയിൽ കണ്ടൽ സംരക്ഷണത്തിനും പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനത്തിനും പ്രധാന മുൻഗണന നൽകി ഇന്ത്യ. കടലിൽ സംരക്ഷിതമേഖലകൾ നിർണയിക്കൽ, സുസ്ഥിര മത്സ്യബന്ധനരീതികൾ നടപ്പിലാക്കൽ എന്നിവയും മുൻഗണനാപട്ടികയിലുണ്ടെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച്  ചർച്ചയിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ വ്യക്തമാക്കി. 

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ ശുഭ്ദീപ് ഘോഷും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മറൈൻ ബയോഡൈവേഴ്സിറ്റി വിഭാഗം മേധാവി ഡോ ഗ്രിൻസൻ ജോർജ്ജും ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കേടുത്തു. ഐക്യരാഷട്രസഭയുടെ ആഗോള ജൈവവൈിധ്യ ചട്ടക്കൂട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  സമുദ്രജൈവവൈവിധ്യത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് സിയോളിൽ യുഎന്നിന്റെ മേൽനോട്ടത്തിൽ സസ്റ്റയിനബിൾ ഓഷ്യൻ ഇനിഷ്യേറ്റീവ് ശിൽപശാല നടന്നത്. ഈ മേഖലയിൽ സിഎംഎഫ്ആർഐ നടത്തിയ പഠനങ്ങളാണ് യുഎൻ വേദിയിൽ ഇന്ത്യ അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്. 

സമുദ്രജൈവവൈവിധ്യ സംരക്ഷണം മുന്നിൽക്കണ്ട്, പ്രകൃതിലോല പ്രദേശങ്ങളുടെ സംരക്ഷണമൂല്യം കണ്ടെത്തുന്നതിനുള്ള ചട്ടക്കൂട് രാജ്യം വികസിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.  ഇതിനായി, കണ്ടൽവനങ്ങൾ, പവിഴപ്പുറ്റുകൾ, കടൽപുല്ലുകൾ, ഉപ്പുപാടങ്ങൾ, മണൽതിട്ടകൾ തുടങ്ങിയവ അടങ്ങുന്ന ആകെ 34,127.20 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. കടലിനടിയിലുള്ള പവിഴപ്പുറ്റുകളുടെ ചിത്രങ്ങളെടുത്ത് അവയെ വർഗീകരണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പവിഴപ്പുറ്റുകൾ ട്രാൻസ്പ്ലാന്റേഷൻ ചെയ്തിട്ടുണ്ട്. തദ്ദേശീയ ജന്തുജാലങ്ങൾക്ക് ഭീഷണിയാകുന്നവിധം വളരെവേഗം വളർച്ച കൈവരിക്കുന്ന അന്യദേശ ജീവികളുടെ വ്യാപനത്തിന്റെ തോത് അടയാളപ്പെടുത്തുന്ന മാപ്പിങ് പഠനങ്ങൾ പുരോഗമിച്ചുവരികയാണ്- റിപ്പോർട്ട് അവതരിപ്പിക്കവെ ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു. മാരികൾച്ചർ ഇന്ത്യൻ തീരങ്ങളിൽ ഏറെ സാധ്യതകളുള്ള സുസ്ഥിര കടൽകൃഷി രീതിയാണെന്നും കൂടുകൃഷിയും കടൽപായലും സംയോജിപ്പിച്ചുള്ള ഇംറ്റ കൃഷിരീതിയിലൂടെ രാജ്യത്തിന്റെ കടൽപായൽ ഉൽപാദനത്തിൽ 122% വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

India's top priority for mangrove-coral conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com