ADVERTISEMENT

പഠനകാലത്തെ സൗഹൃദം ഇന്നും സൂക്ഷിക്കുന്നവർ എത്ര പേരുണ്ടാകും? ഒരു ക്ലാസിൽ പഠിച്ചെങ്കിലും കാലം പിന്നിട്ടപ്പോൾ പല സൗഹൃദങ്ങളും മറഞ്ഞിട്ടുണ്ടാകും. എന്നാൽ, ഒരുമിച്ച് പഠിച്ച് നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും അന്നത്തെ കലാലയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളെ പരിചയപ്പെടാം. 1984ൽ വെറ്ററിനറി ബിരുദ പഠനത്തിന് മണ്ണുത്തി വെറ്ററിനറി കോളജിലെത്തിയ വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കി, ജോലി ചെയ്ത്, റിട്ടയർചെയ്തശേഷവും സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നത്. 84ൽ പഠനം ആരംഭിച്ച് പിറ്റേ വർഷം മുതൽ തുടങ്ങിയ 'ക്ലാസ് ഡേ' 39 വർഷമായി ഇന്നും തുടരുന്നു. 1984 ബാച്ചിലെ വിദ്യാഥിയും മൃഗസംരക്ഷണ വകുപ്പിൽനിന്ന് അസി. ഡയക്ടറു(റിട്ട.)മായ ഡോ. ഷാഹുൽ ഹമീദ് ക്ലാസ് ഡേയെക്കുറിച്ച് എഴുതുന്നു.

1984 ഡിസംബർ 3 ന് തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കോളജിൽ 110 വിദ്യാർഥികൾ വെറ്ററിനറി ബിരുദ പഠനത്തിന് ചേർന്നു. സംസ്ഥാനത്ത് പ്രവേശന പരീക്ഷ സമ്പ്രദായം നടപ്പിലായ ശേഷമുള്ള നാലാമത്തെ ബാച്ചിന്റെ പ്രവേശമായിരുന്നു ഡിസംബർ 3ന്. തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള വിവിധ ജാതി, മത, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ വളർന്നവർ. ഇന്നത്തെപ്പോലെ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങളോ, സംവിധാനങ്ങളോ പ്രചാരത്തിലില്ലാത്ത കാലഘട്ടമായിരുന്നതിനാൽ സാമ്പത്തികം മുടക്കി പരിശീലനം നേടി പ്രവേശനം നേടിയവരായിരുന്നില്ല അവർ. സ്വന്തം കഴിവുകൊണ്ട് പ്രവേശനം നേടിയവരായിരുന്നു എല്ലാവരും. നിറം മങ്ങിയ വസ്ത്രങ്ങളും സാമ്പത്തിക പരാധീനതകളും ചിലർക്കെങ്കിലും പഠനകാലത്ത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. 

vets-class-day-1

കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള വിദ്യാർഥികൾ ഒരു ക്ലാസിൽ പഠിക്കുന്നു. അതുകൊണ്ടു തന്നെ 5 വർഷ കാലയളവിൽ കേരളത്തിന്റെ സംസ്കൃതിയുടെ തനിപ്പകർപ്പ് തന്നെയായിരുന്നു അവർ. 1990ൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴേക്കും പിരിയാൻ കഴിയാത്ത ആത്മബന്ധം പരസ്പരം ഉടലെടുത്തു. എല്ലാവരും മൃഗസംരക്ഷണ മേഖലയിൽ വെറ്ററിനറി സർജന്മാരായി ജോലിയിൽ പ്രവേശിച്ചു. ചിലരൊക്കെ പിൽക്കാലത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കു മാറി. മൃഗസംരക്ഷണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചവരെല്ലാം അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ തുടങ്ങിയ തസ്തികകളിൽ 2022 ആയപ്പോഴേക്കും പെൻഷനായി.

1984ൽ പ്രവേശനം നേടി പിറ്റേ വർഷം 1985 നവംബറിലെ രണ്ടാം ശനിയാഴ്ച എല്ലാവരും ഒത്തുകൂടി പ്രവേശനത്തിന്റെ വാർഷികം ‘ക്ലാസ് ഡേ’ ആയി ആചരിച്ചു. അതൊരു തുടക്കമായിരുന്നു. പിന്നീട് ഓരോ വർഷവും മുടങ്ങാതെ പഠനകാലഘട്ടത്തിൽ ‘ക്ലാസ് ഡേ’കൾ നടന്നു. പഠന ശേഷവും വർഷാവർഷമുള്ള ഒത്തുചേരൽ മുടങ്ങാതെ നടക്കുന്നു. 1984 മുതൽ 2023 വരെ 39 വർഷങ്ങളിലും നവംബറിലെ രണ്ടാം ശനിയാഴ്ചയിൽ ഒത്തു ചേരും. ഇതിന് ഭാര്യമാരും, ഭർത്താക്കന്മാരും കുട്ടികളും ഒപ്പം ചേരും. 

vets-class-day-3

ഈ വർഷം നവംബർ 9 മുതൽ 11 വരെ ഗോവയിൽ വച്ചാണ് ക്ലാസ് ഡേ. ഒരേ ട്രെയിനിൽ തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ളവർ ഒരുമിച്ച് യാത്ര ചെയ്ത് ഒരേ സ്ഥലത്ത് ഒരുമിച്ചു താമസിച്ച് സൗഹൃദം പുതുക്കുന്ന അപൂർവ കൂട്ടായ്മ. ക്ലാസ്മേറ്റ്സ് എന്ന സിനിമ സൃഷ്ടിച്ച ആശയം ഉൾക്കൊണ്ട് പല പൂർവ വിദ്യാർഥി കൂട്ടായ്മകളും പല കാമ്പസുകളിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച് ഇപ്പോഴും മുടങ്ങാതെ നടക്കുന്ന ‘1984 ക്ലാസ് ഡേ’ ഒരുപക്ഷേ കേരളത്തിലെയോ അല്ലെങ്കിൽ ഇന്ത്യയിലെയോ തന്നെ കലാലയ ചരിത്രത്തിലെ വേറിട്ട സംഭവമാകാം. 

ഒരു കോളേജിൽ ഒരുമിച്ച് പഠിച്ച എല്ലാവർക്കും സർക്കാർ ജോലി എന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്. വാർധക്യത്തിൽ ഒരുമിച്ച് താമസിക്കാനുള്ള ‘റിട്ടയർമെന്റ് ഹോം’ എന്ന ആശയം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണിപ്പോൾ. ഒരു പറ്റം വെറ്ററിനറി ഡോക്ടർമാരുടെ ജീവിതാനുഭവങ്ങളും, മൃഗസംരക്ഷണ മേഖലയിൽ നിന്ന് 30 വർഷത്തിനു മുകളിൽ നേടിയ പ്രായോഗിക അറിവുകളും, വേറിട്ട ചികിത്സാ രീതികളും ക്രോഡീകരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ. കർഷകർക്കും വെറ്ററിനറി വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്നതായിരിക്കും ഈ പുസ്തകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com