ADVERTISEMENT

വെറ്ററിനറി സയൻസിൽ അടിസ്ഥാന യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർക്ക് വ്യാജമൃഗചികിത്സ നടത്താൻ കളമൊരുക്കി ആരോഗ്യ സർവകലാശാല. മൃഗായുർവേദത്തിന്റെ മറവിൽ സർവകലാശാലയ്ക്ക് കീഴിൽ പ്രത്യേകം എം. എസ്. സി. കോഴ്സ് ആരംഭിക്കാനാണ് നീക്കം. ആയുർവേദ ഡോക്ടർമാർക്കാണ് രണ്ട് വർഷം നീളുന്ന ഈ കോഴ്സിൽ പഠിക്കാൻ അവസരം ലഭിക്കുക. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മനുഷ്യരിലെ ആയുർവേദ ചികിത്സക്കൊപ്പം മൃഗങ്ങളിലെ ചികിത്സക്കും അവസരം ലഭിക്കുമെന്നും കൂടുതൽ ജോലി സാധ്യതകൾ കിട്ടുമെന്ന മോഹനവാഗ്ദാനവും കോഴ്സിന്റെ ഭാഗമായി സർവ്വകലാശാല നൽകുന്നുണ്ട്. 

മെഡിക്കൽ എത്തിക്സ് മറക്കുന്ന ആരോഗ്യ സർവകലാശാല

ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ട് പ്രകാരം മൃഗങ്ങളിൽ രോഗനിർണയും ചികിത്സയും നടത്താനുള്ള അടിസ്ഥാന യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദമാണ്. ഈ യോഗ്യതയില്ലാത്തവർ മൃഗചികിത്സ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇവർക്ക് എതിരെ വ്യാജചികിത്സ നടത്തിയതിന് നടപടിയെടുക്കാനുള്ള നിയമങ്ങളും നിലവിലുണ്ട്. അതുമാത്രമല്ല, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ഒരാൾക്ക് മാത്രമേ മൃഗചികിത്സ നടത്താൻ നിയമപരമായ അനുമതിയുള്ളു.

വസ്തുതകൾ ഇതായിരിക്കെയാണ് ആയുർവേദ ഡോക്ടർമാരെ മൃഗായുർവേദം പഠിപ്പിക്കാൻ ആരോഗ്യ സർവ്വകലാശാല മുന്നിട്ടിറങ്ങുന്നത്. ഇനി മൃഗായുർവേദം പഠിച്ചാലും വെറ്ററിനറി സയൻസിൽ അടിസ്ഥാന യോഗ്യതയില്ലാതെ എങ്ങനെയാണ് ആയുർവേദ ഡോക്ടർമാർ നിയമപരമായി മൃഗചികിത്സ നടത്തുക എന്ന ചോദ്യം ഉയരുന്നുണ്ട്. നിയമവിരുദ്ധമായി പ്രാക്ടീസ് ചെയ്യുന്ന കുടുതൽ വ്യാജ മൃഗചികിത്സകരെ ഈ മേഖലയിലേക്ക് കടത്തിവിടാനുള്ള ആരോഗ്യസർവ്വകലാശാലയുടെ നീക്കത്തിനെതിരെ ഇതിനകം വെറ്ററിനറി ഡോക്ടർമാർക്കിടയിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മൃഗായുർവേദം വെറ്ററിനറി സയൻസിനെ പരിപോഷിപ്പിച്ച ശാസ്ത്രം, പക്ഷേ പ്രയോഗിക്കേണ്ടതാര്?

മൃഗായുർവേദത്തിന്റെ ചരിത്രവും ആവിർഭാവവും ആരംഭിക്കുന്നത് ഇന്ത്യയിൽ നിന്ന് തന്നെയാണ്. പശ്ചാത്യ ശാസ്ത്രസമൂഹം മൃഗചികിത്സയെ കുറിച്ച് ആലോചിക്കുന്നതിന് മുന്നെ തന്നെ മൃഗചികിത്സയിൽ ഇന്ത്യ മുന്നേറിയിരുന്നു. കുതിര ചികിത്സയെക്കുറിച്ചും ആനചികിത്സയെക്കുറിച്ചും പശുചികിത്സയെ കുറിച്ചും പക്ഷിചികിത്സയെ കുറിച്ചുമെല്ലാം ഇന്ത്യയിൽ എഴുതപ്പെട്ട പുരാതന ഗ്രന്ഥങ്ങൾ മൃഗചികിത്സയിൽ ഇന്ത്യയുടെ പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലാണ്. 

അശ്വശാസ്ത്രം (ബിസി 1800), ഹസ്ത്യയുർവേദം (ബിസി 1000), അശ്വവൈദ്യകം, ഗരുഡപുരാണം, അശ്വയൂർവേദ സരസിന്ധു, സഹദേവ പശു വൈദ്യ ശാസ്ത്രം (തെലുങ്ക്), മാട്ടു വൈദ്യ ബോധിനി, മട്ടുവാഗദം (തമിഴ്), മത്സ്യപുരാണ, അഗൻപുരാണ, ഗരുഡപുരാണ തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങൾ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ വികസിച്ച മൃഗായുർവേദം ആധുനിക വെറ്ററിനറി സയൻസിന്റെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയായി കാണാം. 

എന്നാൽ മൃഗായുർവേദം പഠിപ്പിക്കേണ്ടതും പഠിക്കേണ്ടതും പരിശീലിക്കേണ്ടതും പ്രയോഗിക്കേണ്ടതും വെറ്ററിനറി ശാസ്ത്രത്തിൽ അടിസ്ഥാന യോഗ്യതയും ഗ്രാഹ്യവുമുള്ള വ്യക്തികളാണ്. അല്ലാതെ അഞ്ചുവർഷം മനുഷ്യശരീരത്തെ കുറിച്ച് പഠിച്ച ആയുർവേദ ഡോക്ടർമാർ  എം. എസ്. സി. കോഴ്സിന്റെ ബലത്തിൽ മൃഗചികിത്സ നടത്താനിറക്കുന്ന സാഹചര്യം മെഡിക്കൽ ധാർമികതക്ക് തന്നെ കളങ്കമാണ്.

ഓരോ ആരോഗ്യശാസ്ത്രശാഖകളും പ്രയോഗിക്കേണ്ടത് ആ വിഷയത്തിൽ പ്രാഥമികവും അടിസ്ഥാനവുമായ അവഹാഗമുള്ള യോഗ്യതയുള്ളവർ മാത്രമായിരിക്കണമെന്ന വസ്തുത വിസ്മരിച്ച്, ആയുർവേദ ഡോക്ടർമാരെ ഒരേ സമയം മനുഷ്യരെയും മൃഗങ്ങളെയും ചികിത്സിക്കുന്ന സങ്കര വൈദ്യന്മാരാക്കി മാറ്റാനുള്ള ആരോഗ്യസർവകലാശാലയുടെ നീക്കം സ്വന്തം യശസ്സിന് കളങ്കമേൽപ്പിക്കും എന്നത് മറക്കരുത്. ഇനി മൃഗായുർവേദത്തിൽ  എം. എസ്. സി. കോഴ്സ് നടത്തിയേ തീരൂ എന്നാണെങ്കിൽ പ്രസ്തുത കോഴ്സിൽ അഡ്മിഷൻ നേടാനുള്ള അടിസ്ഥാന യോഗ്യത വെറ്ററിനറി സയൻസിലെ ബിരുദമാക്കി മാറ്റട്ടെ എന്നെ പറയാനുള്ളൂ.

പ്രതിഷേധമുയർത്തി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

ആയുർവേദ ഡോക്ടർമാർക്ക് മൃഗായുർവേദത്തിൽ എം.എസ്. സി. കോഴ്സ് നടത്തി അവരെ മൃഗചികിത്സരാക്കി മാറ്റാനുള്ള ആരോഗ്യസർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയർത്തി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. നിലവിലെ സാഹചര്യത്തിൽ തന്നെ മൃഗചികിത്സാ മേഖലയിൽ വ്യാജ ചികിത്സ വെല്ലുവിളിയാണ്. മൃഗായുർവേദത്തിന്റെ മറവിൽ അടിസ്ഥാന യോഗ്യതയില്ലാത്തവരെ മൃഗഡോക്ടർമാർ എന്ന വ്യാജേന പുറത്തിറക്കാനുള്ള ആരോഗ്യസർവകലാശാലയുടെ നീക്കം അപലപനീയമാണന്നും അസോസിയേഷൻ കുറ്റപെടുത്തി. ഈ നീക്കത്തെ സംഘടന ശക്തമായി പ്രതിരോധിക്കുമെന്നും തടയാൻ രാഷ്ട്രീയവും നിയമപരമായ എല്ലാ വഴികളും തേടുമെന്നും പ്രസ്ഥാവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com