ADVERTISEMENT

ശാസ്ത്രീയ കൃഷിയുടെ സമ്പൂർണ ഗ്രന്ഥം എന്നു വിശേഷിപ്പിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകളുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനവും, വിദ്യാർഥികൾക്കിടയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള അഗ്രി ഇന്നൊവേഷൻ-ഇൻക്യൂബേഷൻ സെന്ററിന്റെ ഉദ്‌ഘാടനവും കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോകിന്റെ അധ്യക്ഷതയിൽ ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നേരം 4ന് വെള്ളായണി കാർഷിക കോളജിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണവും സംസ്‌ഥാന ആസൂത്രണ ബോർഡിലെ അഗ്രി ചീഫ് നാഗേഷ് പ്രത്യേകപ്രഭാഷണവും നടത്തും. സർവകലാശാലയുടെ വിജ്ഞാനവ്യാപന വകുപ്പ് മേധാവി ഡോ. ജേക്കബ് ജോൺ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ, തെരഞ്ഞെടുക്കപ്പെട്ട കർഷക പ്രതിനിധികളോടൊപ്പം ജനറൽ കൌൺസിൽ അംഗം ഡോ. തോമസ് ജോർജ്, ഗവേഷണവിഭാഗം മേധാവി ഡോ. മധു സുബ്രമണ്യൻ, ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. അനിത്, ദക്ഷിണ മേഖല വിജ്ഞാന വ്യാപന അസ്സോസിയേറ്റ് ഡയറക്‌ടർ ഡോ. ശ്രീദയ തുടങ്ങിയവർ പങ്കെടുക്കും. 

1971 മുതൽ കാർഷിക കേരളത്തിന്‌ തുണയും വഴികാട്ടിയുമായി നിലനിൽക്കുന്ന വിളപരിപാലന ശുപാർശകളുടെ 16–ാം പതിപ്പാണ് പുറത്തിറക്കുന്നത്. അതാത് കാലത്തെ കാർഷിക സർവകലാശാലയുടെ ഏറ്റവും പുതിയ ഗവേഷണനേട്ടങ്ങൾ  ഉൾപ്പെടയുള്ള വിളപരിപാലന നിർദ്ദേശങ്ങൾ കേരളത്തിലെ ഏതൊരു കർഷകനും സ്വന്തം കൃഷിയിടത്തിൽ പ്രയോഗിക്കുന്നതിനു സഹായിക്കുന്ന തരത്തിലാണ് ഈ പുസ്തകത്തിൽ നൽകിയിട്ടുള്ളത്. കർഷകരെ കൂടാതെ ശാസ്ത്രഞ്ജർ, വിജ്ഞാനവ്യാപന പ്രവർത്തകർ, സർക്കാരിതര സ്‌ഥാപനങ്ങൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു പങ്കാളികൾ തുടങ്ങി കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു ആധികാരിക വഴി കാട്ടിയായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു.

ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെടുന്ന അഗ്രി ഇന്നൊവേഷൻ ഇൻകുബേഷൻ സെന്ററുകൾ കോളേജ് വിദ്യാർഥികളുടെ കാർഷിക മേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കാനും, ആശയങ്ങളെ സംരംഭമാക്കാനും, വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. കൂടാതെ, ഡിപ്ലോമ മുതൽ ഗവേഷണ ബിരുദം വരെയുള്ള വിദ്യാർഥികളുടെ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കാനും, അർഹരായവർക്ക് പരിശീലനം ലഭ്യമാക്കാനും ഈ സെന്റർ വഴികാട്ടിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com