ADVERTISEMENT

അമുൽ ഇന്ത്യയുടെ രുചിയാണെന്നും (The taste of India) അതു ക്ഷീരകർഷകരുടെ ലോകത്തെ ഏറ്റവും വലിയ സഹകരണ സംഘമാണെന്നും അഭിമാനിക്കുന്നവർക്ക് ഇതാ മറ്റൊരു സന്തോഷകരമായ വാർത്ത! അമുലിന്റെ ഫ്രഷ് മിൽക്ക് അമേരിക്കൻ വിപണിയിലേക്കെത്തുന്നു. ആദ്യമായാണ് അമുൽ ഒരു വിദേശ രാജ്യത്തേക്ക് ഫ്രഷ് പാൽ വിപണനം ചെയ്യുന്നത്. ഇന്ത്യയുടെ ക്ഷീരമേഖലയിലെ സുപ്രധാനമായ ഒരു കാൽവയ്പായി ഇതിനെ കണക്കാക്കാം. അമുലിന്റെ പാലുൽപന്നങ്ങൾ പലതും വിദേശ രാജ്യങ്ങളിൽ ലഭ്യമായിരുന്നെങ്കിലും ആദ്യമായാണ് പാൽ ഒരു വിദേശ വിപണിയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഒരു മാസം മുൻപാണ് അമുലിന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ (അമ്പതാം വാർഷികം) ലോകത്തിലെ ഏറ്റവും വലിയ ഡെയറിയാകാൻ പ്രധാനമന്ത്രി ഗുജറാത്തിലെ കർഷകരോട് ആഹ്വാനം ചെയ്തത്. കൂടാതെ അമുലിന്റെ സ്ഥാപക ചെയർമാനായ ഡോ. വർഗീസ് കുര്യൻ പഠനം നടത്തിയ മിഷിഗൻ സ്റ്റേറ്റിലേക്കാണ് അമുൽ ആദ്യമായി എത്തുന്നതെന്ന കൗതുകവുമുണ്ട്.

ഗുജറാത്തിൽ നിന്ന് മിഷിഗനിലേക്ക്
ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷ(GCMMF)നാണ് ‘അമുൽ’ എന്ന ബ്രാൻഡിൽ പാലും പാലുൽപങ്ങളും വിപണനം ചെയ്യുന്നതെന്ന് അറിയാമല്ലോ! അമേരിക്കയിലെ മിഷിഗൻ മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷ(MMPA)നുമായി കൈകോർത്താണ് അമുൽ അമേരിക്കയിലെത്തുന്നത്. തുടക്കത്തിൽ ഈസ്റ്റ് കോസ്റ്റ്, മിഡ് വെസ്റ്റ് വിപണികളിലാണ് ഫ്രഷ് പാൽ എത്തുക. ഇന്ത്യക്കാരുടെ ശക്തമായ സാന്നിധ്യമുള്ള അമേരിക്കൻ വിപണിയിലേക്കുള്ള  ഈ പ്രവേശനം അമുലിനെ സംബന്ധിച്ചിടത്തോളം വിശാലമായ വിപണന അവസരമാണ് ഒരുക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ ഏഷ്യക്കാരായ ഉപഭോക്താക്കൾക്കും അമുൽ പ്രിയങ്കരമാകുമെന്ന് കരുതപ്പെടുന്നു. മാത്രമല്ല 108 വർഷത്തെ പാരമ്പര്യമുള്ള, അമേരിക്കയിലെ ഏറ്റവും വലിയ പത്തു ക്ഷീരസഹകരണ സംഘങ്ങളിൽ ഒന്നായ മിഷിഗൻ മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ബാന്ധവം ക്ഷീരകർഷക സഹകരണത്തിന്റെ ആഗോള മുഖമായും ചൂണ്ടികാണിക്കപ്പെടാം. MMPAയുമായുള്ള സഹകരണം വഴി ഇന്ത്യയിൽ ലഭിക്കുന്ന അതേ പുതുമയോടെ അമേരിക്കയിലെ പ്രവാസികൾക്ക് അമുൽ പാൽ രുചിക്കാനുള്ള അവസരം ലഭ്യമാകുന്നു. പാലിന്റെ സംഭരണവും സംസ്കരണവും MMPA ചെയ്യുമ്പോൾ രുചിക്കൂട്ടും വിപണനവും ബ്രാൻഡും അമുലിന്റേതായിരിക്കും. ന്യൂയോർക്ക്, ന്യു ജേഴ്സി, ചിക്കാഗോ, വാഷിങ്ങ്ടൺ, ഡല്ലസ്, ടെക്സാസ് തുടങ്ങിയ പ്രമുഖ സിറ്റികളിലെ ഇന്ത്യൻ സ്റ്റോറുകളിൽ അമുൽ ഫ്രഷ് മിൽക്ക് ലഭ്യമായി തുടങ്ങും.

ഫ്രഷ് പാൽ: വിപണനം പല രൂപത്തിൽ
അമുൽ ഫ്രഷ് പാൽ ഇന്ത്യൻ വിപണിയിലെത്തുന്ന അതേ പേരുകളിലാണ് അമേരിക്കയിലുമെത്തുക. അമുൽ ഗോൾഡ് (6 ശതമാനം കൊഴുപ്പ്), അമുൽ ശക്തി (4.5 ശതമാനം), അമുൽ താസ (3 ശതമാനം), അമുൽ സ്ലിം ആൻഡ് ട്രിം (2 ശതമാനം) എന്നിങ്ങനെ വ്യത്യസ്ത അളവിൽ ഫാറ്റ് അടങ്ങിയ നാലു തരം പാൽ പായ്ക്കറ്റുകളാകും ലഭ്യമാകുക. ഒരു ഗാലൻ (3.8 ലീറ്റർ), അര ഗാലൻ (1.9 ലീറ്റർ) അളവുകളിലുള്ള പാക്കുകളിലാണ് ഫ്രഷ് പാൽ അമേരിക്കൻ വിപണിയിൽ ലഭ്യമാകുന്നത്. ഭാവിയിൽ തൈര്, സംഭാരം, പനീർ തുടങ്ങിയ ഉൽപന്നങ്ങളും അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യം വച്ച് വിപണിയിലെത്തും. കൂടാതെ വിപണിയിൽ സാന്നിധ്യം ഉറപ്പാക്കാൻ സഹായിക്കുന്ന പരസ്യങ്ങൾ നൽകാനുള്ള സംവിധാനവുമൊരുക്കും.

ദശകങ്ങളായി ഒട്ടേറെ പാലുൽപന്നങ്ങൾ അമുൽ വിദേശ വിപണിയിൽ എത്തിക്കുന്നുണ്ടെങ്കിൽ ഇതാദ്യമായാണ് ഫ്രഷ് മിൽക്ക് ഇന്ത്യയ്ക്കു വെളിയിൽ വിപണനം ചെയ്യുന്നതെന്ന് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ജയേൻ മേത്ത പറയുന്നു. കഴിഞ്ഞ 25 വർഷമായി അമുൽ പാലുൽപന്നങ്ങൾ വിപണിയിലുണ്ട്. കൂടാതെ അമുലിന്റെ പാലുൽപന്നങ്ങൾ ഇപ്പോൾ അൻപതോളം രാജ്യങ്ങളിൽ ലഭ്യമാണ്. ചീസ്, ബട്ടർ, പനീർ, നെയ്യ്, ഐസ് ക്രീം, ബിവറേജുകൾ, ചോക്കലേറ്റ്, ഗുലാബ് ജാമുൻ, രസഗുള, മിഠായി മേറ്റ്, അമൂല്യ, ഫോസൺ സ്നാക്കുകൾ, ശ്രീഖണ്ഡ്, ലസ്സി ,ബട്ടർ മിൽക്ക് എന്നീ പാലുൽപന്നങ്ങൾ അമേരിക്കയിലെ ന്യുജഴ്സി, ന്യു യോർക്ക് എന്നിവിടങ്ങളിലെ വിതരണക്കാർ വഴി ഇപ്പോൾ വിപണനം ചെയ്യുന്നുണ്ട്. ഇരുപതു ശതമാനം കയറ്റുമതി വളർച്ചയാണ് കഴിഞ്ഞ വർഷം അമുൽ രേഖപ്പെടുത്തിയത്. ടാൻസാനിയ, ഘാന, മൊസാമ്പിക്, ഹെയ്തി, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയാണ് അമുൽ ഒടുവിൽ എത്തിച്ചേർന്ന രാജ്യങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com