ADVERTISEMENT

കഴിഞ്ഞ മാസം രാസവളങ്ങൾ നൽകിയ തെങ്ങുകളില്‍ തടി തിരിഞ്ഞവയ്ക്ക് ഈ മാസം മഗ്നീഷ്യം സൾഫേറ്റ് 250 ഗ്രാം, കായ്ക്കാൻ തുടങ്ങിയവയ്ക്ക് 500 ഗ്രാം എന്ന തോതില്‍ ഓരോ തെങ്ങിനും പൊതു ശുപാർശയായി നൽകാം.

ചെമ്പൻചെല്ലി, കൊമ്പൻചെല്ലി ഇവ തെങ്ങിനെ ആക്രമിക്കുന്നതിൽനിന്നും തടയുന്നതിന് കണ്ണി അകലം കുറഞ്ഞ നൈലോൺ വല(ചിത്രത്തിൽ കാണുന്നതുപോലെ) മടലുകൾക്കിടയിൽ വയ്ക്കുക. തടിയോടു ചേർന്ന് പുത എന്തെങ്കിലും ഉണ്ടെങ്കിൽ നീക്കിയിടുകയും ഇപിഎൻ (Entamo Pathogenic Nematode) പ്രയോഗം നടത്തുകയും ചെയ്യുക. കംപോസ്റ്റ് കുഴി, ചാണകക്കുഴി ഇവിടങ്ങളിൽ ഒറ്റവേരൻ എന്നും അറിയപ്പെടുന്ന പെരിങ്ങലം ചെടി ചുവടെ പറിച്ച് കുറഞ്ഞത് 10 എണ്ണം സമൂലം ഇടുക.

komban-chelli
വലയിൽ കുടുങ്ങിയ കൊമ്പൻചെല്ലി

നെല്ല്

നെൽപാടത്ത് വളമിടുമ്പോൾ ജലനിരപ്പ് ക്രമീകരണം പ്രധാനം. വളമിടുന്നതിന് 12 മണിക്കൂർ മുൻപ് വെള്ളം വാർന്നുപോകാൻ അനുവദിക്കണം. വളമിട്ട്  24 മണിക്കൂറിനു ശേഷമേ വീണ്ടും വെള്ളം കയറ്റാവൂ.  ഈ വെള്ളം 2 ദിവസം കഴിഞ്ഞ് മാത്രമേ തുറന്നു വിടാൻ പാടുള്ളൂ. ഇപ്രകാരം ജലക്രമീകരണം നടത്തിയാൽ മാത്രമേ വളപ്രയോഗത്തിലൂടെ  ചെടികൾക്കു പരമാവധി പോഷണം ലഭിക്കുകയുള്ളൂ.

കുമിൾ, ബ്ലാസ്റ്റ് രോഗങ്ങൾ സ്ഥിരമായുള്ള  പ്രദേശങ്ങളിൽ സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപചാരം നടത്തിയിട്ടുണ്ടെങ്കിൽപോലും പകൽചൂടും ഈർപ്പസാന്ദ്രതയും കൂടിയിരിക്കുന്നതിനാൽ പൊട്ടാസ്യം സിലിക്കേറ്റിന്റെ സ്പ്രേ ( 2m/ltre) നൽകുന്നത് രോഗബാധ ഒഴിവാക്കുന്നതിന് സഹായകരമാണ്.

വാഴ

സിഗാട്ടോക്ക രോഗബാധ വ്യാപകമാണ്. അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ വിളവിനെ (കുലയുടെ തൂക്കത്തിനെ) ബാധിക്കും. ഏറ്റവും ആദ്യം വിരിയുന്ന പടലക്കായ് വളരുന്നതിന് ആവശ്യമായ പോഷണം അവസാനം വിരിഞ്ഞ 2  ഇലകളും രണ്ടാമത്തെ പടലക്കായയ്ക്ക് അതിനു മുൻപുള്ള ഇലകളും എന്നിങ്ങനെയാണ് വാഴയിലെ പോഷണക്രമമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അതനുസരിച്ച് 8 പടലയുള്ള ഏത്തക്കുല പൂർണമായും വളരുന്നതിന് 16 ഇലകൾ മൂപ്പ് എത്തുമ്പോഴും ഉണ്ടാകണം.  സിഗാട്ടോക്ക രോഗം ബാധിച്ച് ഇലകൾ ഇല്ലാതായാല്‍ ഇതു സാധ്യമല്ലാതാകും. രോഗബാധ രൂക്ഷമെങ്കിൽ സ്ഥലം കൃഷിഭവനിൽനിന്ന് രാസ കുമിൾനാശിനി പ്രയോഗിക്കുന്നതിനുള്ള മാർഗനിർദേശം തേടണം.

ഇഞ്ചി

മഴക്കാലമായതിനാൽ ഇഞ്ചിക്ക് ചീയലുണ്ടാകാം. തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണവും പ്രതീക്ഷിക്കണം. ഇഞ്ചിയുടെ മൃദുചീയൽ മുൻകൂട്ടി തടയുന്നതിന് ബാസില്ലസ് സബ്ടിലിസ്/സ്യൂഡോമോണാസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക. അഥവാ രോഗം ആരംഭിച്ചതായി കണ്ടാൽ ബാസില്ലസ് സബ്ടിലിസ് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാരത്തിലുള്ള എല്ലാ ഇഞ്ചിച്ചെടികളുടെയും ചുവട്ടിൽ വരത്തക്കവിധം ഒഴിച്ചാൽ മതി. തൊട്ടടുത്തുള്ള വാരങ്ങളിലും ഇതേ പ്രയോഗം നടത്തുക. ഇഞ്ചിയില്‍ തണ്ടുതുരപ്പൻ പുഴുബാധ ഒഴിവാക്കുന്നതിന് ഇപിഎൻ(Entamo Pathogenic Nematode) വാരത്തിൽ പ്രയോഗിക്കുക.

കിഴങ്ങുവർഗങ്ങൾ

മേയിൽ നട്ട കിഴങ്ങുവിളകളുടെ കള നീക്കം ചെയ്യണം. കൂനകൾ വെള്ളത്തിൽ ഒലിച്ചുപോയിട്ടുണ്ടെങ്കിൽ പുറമേനിന്നു മണ്ണ് ചേർത്തുകൊടുത്ത് കേടു തീര്‍ക്കുക. ചേനയുടെ കള നീക്കിയശേഷം തുല്യ അളവിൽ യൂറിയയും പൊട്ടാഷും കൂട്ടിച്ചേർത്ത് വിരിഞ്ഞു നിൽക്കുന്ന തലപ്പിന്റെ പുറംഭാഗത്ത് 2 തീപ്പെട്ടിക്കൂട് അളവിൽ വിതറുക. കാച്ചിലിന്റെ കൂനയിൽനിന്ന് 30–50 സെമീ. അകലെ യൂറിയയും പൊട്ടാഷും തുല്യയളവിൽ ചേർത്ത മിശ്രിതം ഒരു തീപ്പെട്ടിക്കൂട് അളവിൽ ഓരോ കൂനയ്ക്കു ചുറ്റുമായി വിതറുക. ചെറുകിഴങ്ങിനു ചുറ്റുമുള്ള കളകൾ നീക്കി മണ്ണിട്ട് കൂനകളുടെ കേട് തീര്‍ക്കുക. കൂനയുടെ ചുവടുഭാഗത്ത് തുല്യ അളവിൽ യൂറിയയും പൊട്ടാഷും ചേർന്ന മിശ്രിതം അര തീപ്പെട്ടിക്കൂട് അളവിൽ ഇട്ടുകൊടുക്കുക.

മരച്ചീനി

നട്ട് 2 മാസമാകുമ്പോൾ ഒരു ഭാഗം യൂറിയയും അര ഭാഗം പൊട്ടാഷും എന്ന ക്രമത്തിൽ ചേർത്ത മിശ്രിതം കപ്പ നട്ടിരിക്കുന്ന കൂന(ഉടൽ)യുടെ ചുവടുഭാഗത്ത് ഒരു തീപ്പെട്ടിക്കൂട് അളവിൽ വിതറുക. നൈട്രജൻ അടങ്ങിയ ജൈവവളങ്ങളും കൂനയുടെ പുറത്ത് ഇട്ടുകൊടുക്കുന്നത് കപ്പയിൽ കട്ട് കൂടുന്നതിനും അതുവഴി എലിയുടെ ആക്രമണം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

എലിയുടെ ആക്രമണം ഏറ്റവും കൂടുതലുണ്ടാകുന്ന മാസങ്ങളിലൊന്നാണ് ജൂലൈ. സിങ്ക് ഫോസ്ഫൈഡ് ചേർത്ത തീറ്റ, എലിയുടെ പൊത്തുകളിൽ വച്ച് ഇവയെ നശിപ്പിക്കുന്നതിനുള്ളതു ചെയ്യാം. 

pulasan
സ്നോ സ്കെയിൽ ബാധിച്ച പുലാസാൻ പഴം

പുലാസാൻ, റംബുട്ടാൻ

ഈ വർഷത്തെ കാലാവസ്ഥയുടെ സവിശേഷതകൊണ്ടാകാം ഇതുവരെ കമ്പുകളെ മാത്രം ആക്രമിച്ചിരുന്ന സ്നോ സ്കെയിൽ (snow scale)കായ്കളിലും സ്ഥാനം ഉറപ്പിച്ചതായി കാണുന്നു. ഇവയെ അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കായയുടെ തൊലിയിൽ കേട് വരുത്തുകയും വിളവെടുക്കുന്ന സമയത്തോ അതിനു ശേഷമുള്ള സൂക്ഷിപ്പുകാലത്തോ ചീഞ്ഞ് കേടാകുന്നതിനു സാധ്യതയേറുകയും ചെയ്യും. സ്നോ സ്കെയിൽ നിയന്ത്രിക്കുന്നതിനായി വെർട്ടിസീലിയം 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതിന്റെ തെളി എടുത്തശേഷം, 4 ലീറ്റർ ലായനിയിൽ ഒരു മില്ലി എന്ന ക്രമത്തിൽ Non ionic Surfactant ആയ പുതുതലമുറ വെറ്റിങ് ഏജന്റ് കൂടി ചേർത്ത് മരം നന്നായി കുളിർപ്പിച്ച് സ്പ്രേ ചെയ്യുക.

കുരുമുളക്

ഈ വർഷം നട്ട തൈകളുടെ, പുതുതായി നീണ്ടുവരുന്ന തലപ്പ് വാഴനാരോ ചണച്ചരടോ ഉപയോഗിച്ച് താങ്ങുമരത്തോടു  ചേര്‍ത്ത് അയച്ചു കെട്ടുക. Slow wilt ബാധിച്ചവയുടെ ചുവട്ടിൽ മണ്ണിനുള്ളിലേക്ക് എത്തുന്ന വിധം പിജിപിആറും ഇപിഎന്നും തണ്ടിനോട് ചേർത്ത് ഒഴിക്കുക.

ഞാറുവാലി വള്ളികൾ (ചെടിയിൽനിന്നു വളരുകയും എന്നാൽ താങ്ങുമരത്തിൽ പറ്റിപ്പിടിക്കാതെ താഴേക്ക് തൂങ്ങിക്കിടക്കുകയും ചെയ്യുന്നവ) ആരംഭിക്കുന്നിടത്തു വച്ചു മുറിച്ചുമാറ്റുക. മുറിപാടിൽ സ്യൂഡോ മോണാസ്/ ബാസില്ലസ് സബ്ടിലിസ് പുരട്ടുക.

ജാതി

വെള്ളക്കെട്ട് ഒഴിവാക്കുക. പൊട്ടാഷ് വളം ഇതുവരെ നൽകിയിട്ടില്ലെങ്കിൽ ഈ മാസം നൽകുക. തായ്ത്തടിയിലോ കമ്പിലോ വെള്ളനിറത്തിൽ നൂലുപോലെ വളർച്ച കാണുന്നുണ്ടെങ്കിൽ ആരംഭത്തിൽതന്നെ ത്രെഡ് ബ്ലൈറ്റ് നിയന്ത്രണത്തിനു നടപടിയെടുക്കണം. 

ഓണക്കാല പച്ചക്കറികൾ 

കായീച്ചകളെ കുടുക്കാൻ ഫിറമോൺ കെണികൾ വയ്ക്കുക. ചാഴിയുടെ സാന്നിധ്യം കണ്ടാൽ ഉടൻതന്നെ ചെടികളിൽ ഫിഷ് അമിനോ ആസിഡ്  പ്രയോഗം. ത്രിസന്ധ്യ സമയത്ത് കൃഷിയിടത്തിന്റെ പുറത്ത്  സൈക്കിൾ ടയർ കത്തിച്ച് ചെറിയ പന്തങ്ങളുണ്ടാക്കി  ഇവയെ  ആകർഷിച്ച് തീയിൽ പെടുത്തി നശിപ്പിക്കുക. വെള്ളരി, മത്തൻ തുടങ്ങിയവയുടെ തടത്തിൽ  ഇപിഎൻ പ്രയോഗിച്ച് മത്തൻ വണ്ടിന്റെ  പുഴുക്കളെ നിയന്ത്രിക്കുക. തക്കാളിയിലെ ഏർളി ബ്ലൈറ്റ് (ഇലകൾ കരിഞ്ഞ് ഉണങ്ങുക) രോഗം ആരംഭിക്കു മ്പോൾതന്നെ ബാസില്ലസ് സബ്ടിലിസ് പ്രയോഗിച്ച് നിയന്ത്രിക്കുക. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കളനിയന്ത്രണം കള വളർന്നുതുടങ്ങുമ്പോൾതന്നെ നടത്തുക.

ഓർക്കിഡ്

ഓർക്കിഡ് പോലുള്ള അലങ്കാരച്ചെടികളെ ഒച്ച് ആക്രമിക്കുന്നതിന് സാധ്യതയേറുന്ന മാസമാണിത്. വൈകുന്നേരം 7.30 മുതൽ 9.30 വരെയുള്ള സമയത്താണ് ഇവയുടെ ആക്രമണം കൂടുതലായി കാണുന്നത്.  ഈ സമയത്ത് ഇവയെ പെറുക്കി പേപ്പർ കപ്പിൽ ഇട്ട് ഉപ്പുപൊടി പ്രയോഗിച്ച് നശിപ്പിക്കുന്നതാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗം.

ant

ഉറുമ്പിനെ തുരത്താൻ

മഴക്കാലമായതോടെ ഉറുമ്പുകൾ അവയുടെ താവളം വീടുകളുടെ ഉള്ളിലേക്ക് മാറ്റും. വീടുകൾക്കുള്ളിൽ ഇവയുടെ നിരനിരയായുള്ള സഞ്ചാരം കാണാം. രാസകീടനാശിനി പ്രയോഗിക്കാതെതന്നെ ഇവയെ നിയന്ത്രിക്കാം. 75 ഗ്രാം പഞ്ചസാര പൊടിച്ചത് ഒരു പേപ്പറിൽ നിരത്തുക. അതിന്റെ മുകളിലേക്ക് ബോറിക് ആസിഡ് 20 ഗ്രാം വിതറുക. (ബോറിക് ആസിഡ് 20ഗ്രാം പായ്ക്കറ്റായി മെഡിക്കൽ ഷോപ്പിൽ ലഭ്യമാണ്). നന്നായി ഇളക്കിച്ചേർത്തശേഷം ഉറുമ്പ് പോകുന്ന വഴികളിൽ ഓരോ ടീസ്പൂൺ വീതം വയ്ക്കുക. തിന്നുതീർക്കുന്നതനുസരിച്ച് കൂടുതൽ ഇട്ടുകൊടുക്കുക. 2–3 ദിവസംകൊണ്ട് ഉറുമ്പുകൾ അപ്രത്യക്ഷമാ കും.  ഈ മിശ്രിതം ഉണ്ടാക്കി ഒരു കുപ്പിയിൽ ഈർപ്പം കടക്കാതെ സൂക്ഷിച്ചുവച്ചാൽ ഉറുമ്പുകൾ വീടിനുള്ളിൽ കയറുമ്പോൾതന്നെ പ്രയോഗിക്കാം.  നനവ് വരാത്ത എവിടെയും പ്രയോഗിക്കാം. നീറ് ഒഴികെയുള്ള എല്ലാത്തരം ഉറുമ്പുകളെയും ഈ രീതിയിൽ നിയന്ത്രിക്കാം എന്നത് അനുഭവം. ഇതേ മിശ്രിതത്തിൽ കുറച്ച് ഗോതമ്പുപൊടി ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് മുട്ടയുടെ വെള്ള പതപ്പിച്ച് ദ്രാവകരൂപത്തിലാക്കി ചേർത്ത് വളരെ ചെറിയ ഉരുളകളാക്കി പാറ്റ വരുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ  വച്ചാൽ പാറ്റയെയും നശിപ്പിക്കാം.

iffco

നാനോ ഡിഎപി പ്രയോഗിക്കുമ്പോൾ

നാനോ യൂറിയയ്ക്കുശേഷം  ഇഫ്കോ അവതരിപ്പിക്കുന്ന നാനോ വളമാണ് നാനോ ഡിഎപി (Di-ammonium Phosphate). ഇത് 2–4 മില്ലി വരെ ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ചാണ് സ്പ്രേ ചെയ്യേണ്ടത്. വെള്ളം അമ്ല, ക്ഷാരസ്വഭാവമുള്ളതാവരുത്. പരമാവധി വളർച്ചയിലേക്കെത്തുമ്പോൾ (ചെടിക്കു മൂലകങ്ങളുടെ ആവശ്യം കൂടുതലുള്ളപ്പോൾ) സ്പ്രേ നൽകുന്നത് ഉൽപാദനവർധനയെ സഹായിക്കും. വൃക്ഷവിളകൾക്ക്, ഓർക്കിഡ് പോലുള്ളവയ്ക്ക് ഒന്നിലധികം തവണ സ്പ്രേ നൽകാം. ഓർക്കിഡ്, പച്ചക്കറി തുടങ്ങിയവ യ്ക്ക് 2മില്ലി/ഒരു ലീറ്റർ എന്ന അളവു തന്നെ നല്ല ഫലം നൽകുന്നതായി അനുഭവം.  ഇതോടൊപ്പം പുതുതലമുറ Nonionic Surfactant വിഭാഗത്തിൽ വരുന്ന വെറ്റിങ് ഏജന്റ് കൂടി ചേർക്കണം.

നാനോ ഡിഎപി വിത്തുപചാരത്തിനും  കിഴങ്ങ് നടുന്നതിനു മുൻപ്  വേര് മുക്കുന്നതിനും ഉപയോഗിക്കാം എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.  സ്പ്രേ രൂപത്തിൽ നൽകുമ്പോൾ 90 ശതമാനത്തിലേറെ കാര്യക്ഷമതയുണ്ടാകും.  

വിലാസം: ജോർജ് കെ.മത്തായി, ഡപ്യൂട്ടി ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ്. E-mail: mathaigk@gmail.com

Farm management works in July 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com