ADVERTISEMENT

കുരുമുളകിനു കൂട്ടായി കാപ്പി വന്നാൽ എന്താണ് നേട്ടം? കൃഷിക്കാരന്റെ കീശ നിറയുന്നതു മാത്രമല്ല മെച്ചമെന്ന് ഇടുക്കി മഞ്ഞപ്പാറയിലെ യുവകർഷകനായ റോയി. ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ മഞ്ഞപ്പാറയിൽ ഒന്നരയേക്കറിലാണ് റോയിയുടെ കുരുമുളകുകൃഷി. ഇനം ഏറെ പരിചിതമായ കരിമുണ്ടതന്നെ. ഒന്നരയേക്കറിൽ 8 വർഷമായ 1000 ചുവട് കുരുമുളകാണ് ഇവിടെയുള്ളത്. ശരാശരി 7 അടി അകലത്തിൽ  17–18 അടി ഉയരമുള്ള മുള്ളുമുരിക്കിൽ പടർത്തിയിരിക്കുന്നു. കുരുമുളകുകാലുകൾക്ക് ഇടിയിലൂടെ സിലക്‌ഷൻ 8,9 ഇനങ്ങളിൽപ്പെട്ട അറബിക്ക കാപ്പിയുമുണ്ട്. 

കാപ്പി–കുരുമുളകു തോട്ടത്തിൽ റോയി. ചിത്രം∙കർഷകശ്രീ
കാപ്പി–കുരുമുളകു തോട്ടത്തിൽ റോയി. ചിത്രം∙കർഷകശ്രീ

അധികവരുമാനത്തിനെന്നതിലുപരി തോട്ടത്തിൽ തണലു കിട്ടാനും മണ്ണ് ചൂടാകാതിരിക്കാനുമാണ് കാപ്പിക്കൃഷിയെന്നു റോയി പറയുന്നു. കാപ്പിച്ചെടികൾ പടർന്ന് മണ്ണിനു പുതയാകും. എങ്കിലും ഒരോ കാപ്പിയിൽ നിന്നും കഴിഞ്ഞ വർഷം അരക്കിലോയോളം കാപ്പിക്കുരു ലഭിച്ചത് നല്ല അധികവരുമാനം തന്നെ. എണ്ണൂറോളം കാപ്പിയാണുള്ളത്. ഇപ്പോഴത്തെ വില വച്ച് അര ലക്ഷം രൂപയിലേറെ അധിക വരുമാനം. 

റോയിയുടെ കഴിഞ്ഞ വർഷത്തെ കുരുമുളകുൽപാദനം ആരെയും അമ്പരപ്പിക്കും; ഒന്നരയേക്കറിൽനിന്ന് 3 ടൺ. അതായത്, ഏക്കറിന് 2 ടൺ. വിയറ്റ്നാമിനോടു കിടപിടിക്കുന്ന ഈ ഉൽപാദനക്ഷമതയുണ്ടെങ്കിൽ വിലയിടിവിനെ പേടിക്കാതെ കൃഷി ചെയ്യാമെന്ന് റോയി. മികച്ച വിളവ് നേടാൻ റോയിയെ സഹായിച്ചത് വിളപരിപാലനമികവും മഞ്ഞപ്പാറയിലെ അനുകൂല കാലാവസ്ഥയും. നിരന്തര പോഷണവും സസ്യസംരക്ഷണ പ്രവർത്തനങ്ങളും വഴി വിദേശരാജ്യങ്ങളോടു കിടപിടിക്കുന്ന വിളവു സാധ്യമാക്കാമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. 

roy-idukki-blackpepper-2

കൃത്യമായ വളപ്രയോഗം

നെടുങ്കണ്ടം കല്ലാറിൽനിന്ന് 30 വർഷം മുൻപാണ് റോയിയും കുടുംബവും ഇവിടെയെത്തിയത്. കൂടുതൽ സ്ഥലമെടുത്ത് കൃഷി. അതായിരുന്നു ലക്ഷ്യം. ആദ്യ വർഷങ്ങളിൽ രോഗങ്ങളും പ്രശ്നങ്ങളുമേറെയുണ്ടായി. ഒരിക്കൽ ദ്രുതവാട്ടം വന്നു തോട്ടമാകെ നശിച്ചു. എന്നാല്‍, ശാസ്ത്രീയ സമീപനത്തിലുടെയും സ്ഥിരോത്സാഹത്തിലൂടെയും കേരളത്തിലെ മികച്ച തോട്ടങ്ങളിലൊന്നായി ഇതു മാറ്റിയെടുത്തു. 

കുരുമുളകിന്റെ ചുവട്ടിൽ രാസവളവും ജൈവവളവും നൽകുന്നതിനു പുറമേ, ഇലകളിൽ വളക്കൂട്ടുകൾ തളിക്കാറുമുണ്ട്. എന്നാല്‍ ചുവട്ടിൽ ചാണകം നൽകുന്നതു പന്നിശല്യം മൂലം ഒഴിവാക്കി. പകരം വിപണിയിൽ ലഭിക്കുന്ന ജൈവവളങ്ങൾക്കൊപ്പം വേപ്പിൻപിണ്ണാക്കും രാസവളങ്ങളുമൊക്കെ ചുവട്ടിൽ ചേർക്കാറുണ്ട്. മണ്ണിളക്കാതെ ചുവട്ടിൽ വിതറുകയാണു പതിവ്. കൂടാതെ 19:19:19, മൾട്ടി–കെ പോലുള്ള രാസവളക്കൂട്ടുകൾ ഇലകളിൽ തളിക്കും. കൃത്യമായ ഇടവേളകളിൽ വളം നൽകുന്നതിനു പകരം വ്യത്യസ്ത വളർച്ചഘട്ടങ്ങളിൽ അതിനുതകുന്ന വളം ചേർക്കുന്നു. മണ്ണുപരിശോധനയുടെകൂടി അടിസ്ഥാനത്തിലാണ് ഓരോ വർഷവും വളപ്രയോഗം. തുള്ളിനനയാണ്. കായ് പറിച്ച ശേഷം വേനലിന്റെ കാഠിന്യമനുസരിച്ച് ഇതു ക്രമീകരിക്കും. ഫെർട്ടിഗേഷനിലൂടെയും വളം നൽകുന്നു.

roy-idukki-blackpepper-1

‌ശ്രദ്ധയോടെ പരിപാലനം

രോഗ–കീടബാധ നിസ്സാരമല്ല. എന്നാൽ, അവയെ പിടിച്ചു നിര്‍ത്താനാവും. വർഷംതോറും 3 തവണ ബോർഡോമിശ്രിതം തളിക്കുന്നതാണ് പ്രധാന നടപടി. ജൂൺ ആദ്യവാരത്തിലും ഓഗസ്റ്റിലും ഒക്ടോബറിലുമാണു തളിക്കുക. തുടർച്ചയായി വിളവു കിട്ടുന്ന ഇനമെന്ന നിലയിലാണ് കരിമുണ്ട  തിരഞ്ഞടുത്തതെന്ന് റോയി. അടുത്തടുത്ത് നട്ടുവളർത്താനും കൂടുതൽ യോജ്യമാണിത്. അമിതമായി പടർന്നു വളരില്ലെന്നതാണ് കാരണം. ഇടയകലം കുറഞ്ഞതുമൂലം ഇതിനു രോഗബാധ കൂടുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ ഈ രീതിയിൽ പരമാവധി ഉയരം 20 അടിയായി ക്രമീകരിക്കേണ്ടിവരും. 2.5–2.75 കിലോ പച്ചക്കുരുമുളക് ഉണങ്ങുമ്പോഴാണ് ഒരു കിലോ ഉണക്കുക്കുരുമുളക് കിട്ടുകയെന്നത് കരിമുണ്ടയുടെ പരിമിതിയാണ്. താങ്ങുകാലായി മുള്ളുമുരിക്ക് തിരഞ്ഞടുത്തതു മാത്രമാണ് വേണ്ടായിരുന്നെന്നു പിന്നീട് തോന്നിയതെന്നു റോയി. മുരിക്കിനു കേട് കൂടുതലാണ്. കാറ്റിനെ അതിജീവിക്കാനുള്ള ശേഷി കുറവും.  ഈ വർഷം കാറ്റടിച്ച് 20 മുരിക്കുകാലുകളാണ് ഒടിഞ്ഞത്. ശക്തമായ കാറ്റിൽ വളഞ്ഞുപോയ മുരിക്കുകാലുകൾ പ്ലാസ്റ്റിക് കയറുകൊണ്ട് വലിച്ചു കെട്ടിയിരിക്കുകയാണിപ്പോള്‍. ഇനി അവസരം വന്നാൽ കോൺക്രീറ്റ് കാലുകളിൽ കൊടി പടർത്തണമെന്നാണ് റോയിയുടെ ആഗ്രഹം. കോൺക്രീറ്റ് കാലുകൾക്ക് മുടക്കുമുതൽ വലുതാണെങ്കിലും അതുവഴി അടുത്ത 10 വർഷം ലാഭിക്കാൻ സാധിക്കുന്ന പരിചരണച്ചെലവു കൂടി നോക്കണം. ഒരു വർഷം മുരിക്ക് വെട്ടുന്നതിനു മാത്രം 40,000 രൂപ ചെലവാക്കുന്നുണ്ട്. തളിർപ്പ് ചെത്താനും മറ്റുമുള്ള ചെലവു വേറെ. പയ്യാനിപോലുള്ള മരങ്ങൾ താങ്ങുകാലാക്കിയാൽ ഇടയകലം കൂട്ടേണ്ടിവരും. മുരിക്കിന് മറ്റു മരങ്ങളെക്കാൾ തണൽ കുറവുമാണ്.

വളപ്രയോഗത്തിനും മറ്റു സസ്യസംരക്ഷണങ്ങൾക്കുമായി ഒരു ചുവട് കുരുമുളകിന് 600 രൂപയോളം ചെല വാകുന്നുണ്ടെന്നാണ് കണക്ക്. ചിലപ്പോള്‍ മാസത്തില്‍ ഒന്നിലധികം തവണ മരുന്നു തളിക്കേണ്ടിവരാറുണ്ട്. കീടനാശിനികൾക്കും കുമിൾനാശിനികൾക്കും മാത്രമല്ല, താങ്ങുകാലുകളുടെ കമ്പുകോതലിനും വിളവെടുപ്പിനുമൊക്കെ വലിയ തുക ചെലവാകും. ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് ഒരു ചുവട്ടിൽനിന്നു കിട്ടുന്നതിന്റെ മൂന്നിലൊന്ന് ആവർത്തനച്ചെലവായി മുടക്കേണ്ടിവരും. മുൻവർഷങ്ങളിൽ വില കുറവായിരുന്നപ്പോൾ ഇതൊരു വെല്ലുവിളിയായിരുന്നു. കഴിഞ്ഞ വർഷമാണ് തോട്ടം ലാഭത്തിലെത്തിയത്. വില ഉയരുന്നതിൽ സന്തോഷമുണ്ട്. മുൻകാലങ്ങളിൽ പരിചരണത്തിനു മുടക്കിയ തുക ഇപ്പോഴാണ് മുതലാകുന്നത്, എന്നാൽ, വിലവർധന പ്രതീക്ഷിച്ചു കുരുമുളക് സൂക്ഷിച്ചുവയ്ക്കാറില്ല. ജാതി, ഏലം, അവ്ക്കാഡോ എന്നിവയും പുരയിടത്തിലുണ്ട്. 

ഫോൺ‌: 8075290424

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com