ADVERTISEMENT

പാലക്കാട് കിഴക്കഞ്ചേരി കോമട്ടിക്കുളമ്പിലുള്ള പ്ലാവുതോട്ടത്തിൽ രാവിലെ തന്നെയുണ്ട് സന്ദർശകർ. അവധിക്കു നാട്ടിലെത്തിയ പ്രവാസികളാണ് പലരും. നിലയ്ക്കാതെ വീശുന്ന പാലക്കാടൻ കാറ്റ് ആസ്വ ദിച്ച് വിശാലമായ പ്ലാവിൻതോട്ടത്തിലൂടെ നടന്ന് ഇഷ്ടപ്പെട്ട ചക്ക വിളവെടുക്കുകയാണവർ. മൂപ്പെത്തിയ ചക്കകൾ ചൂണ്ടിക്കാണിച്ച് തോട്ടമുടമ രാജഗോപാലൻ ഒപ്പമുണ്ട്. 4 എക്കറിൽ 600 പ്ലാവുകൾ വളരുന്ന ഈ കൃഷിയിടത്തിൽനിന്ന് അങ്ങേയറ്റം ആഹ്ലാദത്തോടെ രാജഗോപാലൻ പറയുന്നു: ‘‘പ്ലാവുകൃഷി ഇത്ര വിജയമാകുമെന്നു പ്രതീക്ഷിച്ചതല്ല’’. ചക്ക വാങ്ങാനെത്തിയ പ്രവാസിയായ എൽദോ ഇട്ടനും സന്തോഷം.

‘‘സീസൺ കാത്തിരിക്കേണ്ടാ, ചക്കപ്പഴവും ചക്കപ്പുഴുക്കുമൊക്കെ ആഗ്രഹിക്കുന്ന സമയത്തു കഴിക്കാം’’

ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഒരുപോലെ ഡിമാൻഡ് ഉണ്ട് ചക്കയ്ക്ക്. എന്നാൽ, ചക്കവിപണി ഏതാണ്ടു പൂർണമായും ഇടനിലക്കാരുടെ കയ്യിലാണ്. അതേസമയം ‘ചക്കക്കൂട്ടം’ പോലുള്ള വാട്സാപ് ഗ്രൂപ്പുകൾ സംസ്ഥാനത്തു സജീവമായതിനാൽ ഈ രംഗത്ത് ഇടനിലക്കാരെ മറികടന്ന് കർഷകർക്കു നേരിട്ട് സംരംഭകരിലേക്കും കയറ്റുമതിക്കാരിലേക്കും എത്താന്‍ കുറേയൊക്കെ കഴിയുന്നുമുണ്ട്. എങ്കിലും, പുതിയൊരു വാണിജ്യക്കൃഷിയിനം എന്ന നിലയ്ക്ക് പ്ലാവിനെക്കുറിച്ചു സംസ്ഥാനത്തെ കർഷകർക്ക് ഒട്ടേറെ ആശങ്കകളുണ്ട്. വിലയും വിപണിയും സ്ഥിരത നേടും വരെ അതു തുടരുകയും ചെയ്യും. രാജഗോപാലനെപ്പോലെ പരീക്ഷണ താൽപര്യമുള്ള കർഷകര്‍ക്കേ ഈ ആശങ്ക നീക്കാനാവുകയുള്ളൂ. 

jack-fruit-2
രാജഗോപാലൻ

അഞ്ചു വർഷം മുൻപ് പ്ലാവുകൃഷിക്കു തുനിയുമ്പോള്‍ തനിക്കും ഏറെ സന്ദേഹങ്ങൾ ഉണ്ടായിരുന്നെന്ന് രാജഗോപാലന്‍. എങ്കിലും റബർ ലാഭകരമല്ലാതായതോടെ ഈ വഴി തന്നെ സ്വീകരിച്ചു. 5 വർഷത്തിനിപ്പുറം ആശങ്കകളെല്ലാം മാറി. ഏറ്റവും കൗതുകകരമായ കാര്യം റബറിലെന്നപോലെ പ്ലാവിൽനിന്നു നിത്യവരുമാനം ലഭിക്കുന്നു എന്നതാണ്. വർഷത്തിൽ 2 മാസമൊഴികെ ബാക്കിയെല്ലായ്പോഴും ചക്ക വിളയുന്ന ഈ തോട്ടത്തിലേക്ക് ചക്കക്കൊതിയർ നിത്യവുമെത്തുന്നു, മുടങ്ങാതെ വരുമാനവും വന്നുചേരുന്നു. 

റബറിനു പകരം പ്ലാവ്

ആവർത്തനക്കൃഷിക്കായി റബർ മുറിച്ച കാലത്താണ് പ്ലാവുകൃഷിയുടെ സാധ്യതകളെക്കുറിച്ചു രാജഗോപാലൻ കേൾക്കുന്നത്. റബറിനു പകരം പ്ലാവ് എന്ന ആശയത്തോട് പരിചയക്കാർ പലരും വിയോജിച്ചു. വീട്ടുകാർ പക്ഷേ, പിന്തുണച്ചു. അങ്ങനെ 4 ഏക്കറിൽ 400 വിയറ്റ്നാം ഏർളി  ഇനം തൈകൾ നട്ടു. തോട്ടത്തിന്റെ അതിരുകളില്‍ 200 നാടൻ ഇനങ്ങളും. ഒന്നര വർഷത്തിൽ തന്നെ മിക്ക വിയറ്റ്നാം ഏർളി മരങ്ങളും കായ്ച്ചു. 2 വർഷമെത്തിയതോടെ വിളവെടുപ്പും തുടങ്ങി. കഴിഞ്ഞ വർഷം ചക്ക വിറ്റ് 4 ലക്ഷം രൂപയോളം കയ്യിലെത്തിയെന്ന് രാജഗോപാലൻ പറയുന്നു. വിയറ്റ്നാം ഏർളി എല്ലാം തന്നെ ഇപ്പോള്‍ വിളവിലെത്തി. 15 അടിക്കു മുകളിലേക്ക് വളരാതെ തലക്കം മുറിച്ച് ഉയരം ക്രമീകരിക്കുന്നതിനാൽ ഏറ്റവും മുകൾചില്ലയിൽ കായ്ക്കുന്നവപോലും വിളവെടുക്കാൻ ചെറിയൊരു തോട്ടി മതി. ആറാം വർഷത്തോടെ നാടൻ ഇനങ്ങളും കായ്ച്ചു തുടങ്ങും.

മണ്ണുമാന്തികൊണ്ടു മണ്ണിളക്കി 2X2 അടി വിസ്താരത്തില്‍  കുഴിയെടുത്ത് റബറിനു നൽകുന്നതിനെക്കാൾ ഇടയകലം കൂട്ടി, ഏക്കറിന് ശരാശരി 120 എന്ന കണക്കിലാണ് തൈകള്‍ നട്ടത്. വിയറ്റ്നാം ഏർളിയുടെ തൈ ഒന്നിന് അന്ന് 300 രൂപ വിലയുണ്ടായിരുന്നു. അടിവളമായി ചാണകപ്പൊടി നൽകി. ഡ്രിപ് ലൈനുകൾ വലിച്ച് മുഴുവൻ മരത്തിനും തുള്ളിനന സൗകര്യവും ഉറപ്പാക്കി. ഇപ്പോൾ ആണ്ടിൽ 2 തവണ രാസവളവും ഒരു തവണ ജൈവവളവും നൽകുന്നു. ജൂൺ–ജൂലൈ മാസത്തിലെ കനത്ത മഴ കഴിയുന്നതോടെ മരമൊന്നിന് 100 ഗ്രാം ബോറോണും നൽകും. ചക്ക വിണ്ടുകീറുന്നതിനും കറുത്ത പാടുകൾ വീഴുന്നതിനുമെതിരെ ബോറോൺ ഗുണം ചെയ്യുമെന്ന് രാജഗോപാലൻ. 

jack-fruit-3
ചക്ക വാങ്ങാനെത്തിയവരിൽ ഒരാളായ എൽദോ ഇട്ടൻ (വലത്ത്)

വിപണി വീട്ടിൽത്തന്നെ

ചക്ക സമൃദ്ധമായി ഉണ്ടാകുമെങ്കിലും കായ്ക്കുന്നതത്രയും വളരാൻ അനുവദിക്കാറില്ല. മരം ചെറുതാണെന്നതു തന്നെ കാരണം. മുഴുവൻ ചക്കയും നിലനിർത്തുന്നത് പ്ലാവിന്റെ വളർച്ച മുരടിപ്പിക്കും. ചെറിയ ചില്ലകൾക്ക് ഏറെയെണ്ണം താങ്ങാനുമാവില്ല. ഒരു സമയം ശരാശരി 10 ചക്ക മാത്രമേ മൂപ്പെത്താൻ നിലനിർത്തൂ. ബാക്കി ശരാശരി അരക്കിലോ തൂക്കത്തിൽ ഇടിച്ചക്കപ്രായത്തിൽ വിൽക്കും. മൂപ്പെത്താനുള്ളവ വളർന്ന് 4 മാസംകൊണ്ട് 5–10 കിലോ തൂക്കമെത്തും. ചക്ക മൂപ്പെത്തി വിൽക്കുന്നതാണ് ലാഭകരമെന്നു രാജഗോപാൽ. കിലോയ്ക്ക് 30 രൂപ ലഭിക്കും. ഒരു പ്ലാവിൽനിന്ന് വർഷം 50 കിലോ കിട്ടിയാൽ 1,500 രൂപ വരുമാനം. ഇടിച്ചക്കയായി നൽകുന്നതിന്റെ വരുമാനം പുറമേ. അതേസമയം വിളയുന്നതത്രയും ഇടിച്ചക്കയായി വിൽക്കുന്നത് ലാഭകരമല്ലെന്നും ഈ കർഷകൻ ഓർമിപ്പിക്കുന്നു. 10 കിലോ വരെ വളരുന്ന ചക്ക ഇടിച്ചക്കയായി വിൽക്കുമ്പോൾ ഒന്നിന് ശരാശരി 30 രൂപയാണ് കർഷകനു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മൂപ്പെത്താനുള്ള എണ്ണം നിലനിർത്തി അധികമുള്ളവയേ ഇടിച്ചക്കപ്രായത്തിൽ വിൽക്കാവൂ.

സാധാരണഗതിയിൽ നാടൻപ്ലാവുകളിൽനിന്നു ചക്ക കിട്ടുന്നത് ഏപ്രിൽ–മേയ് മാസങ്ങളിലാണല്ലോ. എന്നാൽ ജൂൺ, ജൂലൈ ഒഴികെ മറ്റു മാസങ്ങളിലെല്ലാം വിയറ്റ്നാം സൂപ്പർ ഏർളിയിൽനിന്നു വിളവെടുക്കാം. ആഗ്രഹിക്കുന്ന സമയത്തൊക്കെ ചക്കപ്പഴവും ചക്കപ്പുഴുക്കുമൊക്കെ കഴിക്കാമെന്നതുതന്നെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഗുണം.  

പരിപാലനം എളുപ്പം

റബർക്കൃഷിക്കുള്ള  കഷ്ടപ്പാടൊന്നും പ്ലാവിനില്ലെന്ന് രാജഗോപാലൻ. വീട്ടുകാർക്കു തന്നെ വിളവെടുക്കാം. മൊത്തമായി വിൽക്കുമ്പോൾ കച്ചവടക്കാർതന്നെ വിളവെടുക്കും. ആണ്ടിൽ 3–4 തവണയുള്ള വളപ്രയോഗത്തിനു മാത്രമാണ് തൊഴിലാളികള്‍ വേണ്ടിവരുന്നത്. എങ്കിലും ഓരോ പ്രദേശത്തെയും മണ്ണ്, നനസൗകര്യം, വിപണനസാധ്യതകൾ എന്നിവ വിലയിരുത്തി മാത്രമേ പ്ലാവുകൃഷിയാകാവൂ എന്ന് ഈ കർഷകൻ ഓർമിപ്പിക്കുന്നു. പ്രവാസികൾ ഏറെയുള്ള വടക്കൻ ജില്ലകളിലെ വിപണന സാധ്യത എല്ലായിടത്തും ലഭിക്കണമെന്നില്ല. 

ഫോൺ: 9995687755

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com