ADVERTISEMENT

രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ എത്തിയിരിക്കുകയാണ് ഫെബ്രുവരി മാസം മുതൽ തുടങ്ങിയ കർഷക സമരത്തിന്റെ മുന്നേറ്റം. ഒരു വിഭാഗം കർഷകർ നേതൃത്വം നൽകുന്ന സമരത്തിന്റെ അലകൾ വാർത്തകളായി രാജ്യമെമ്പാടും വ്യാപിക്കുന്നുമുണ്ട്. കാർഷിക വിളകൾക്ക് നിയമ പരിരക്ഷയുള്ള ചുരുങ്ങിയ താങ്ങുവില നൽകാൻ സർക്കാർ തീരുമാനമെടുക്കണമെന്നതാണ് സമരക്കാരുടെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്. ഈയവസരത്തിൽ അതിപ്രധാനമായ മറ്റൊരു കാര്യം കൂടി ചർച്ചയാകേണ്ടതുണ്ട്. ഒരു ഇന്ത്യൻ കർഷകകുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം എത്ര രൂപയാണ്? സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമാണ് ഇക്കാര്യത്തിലുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിന്റെ ശരാശരി വരുമാനം കേവലം 10,218 രൂപ മാത്രമാണത്രേ! 2021ൽ പുറത്തിറക്കിയ നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ 2019 ലെ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കേരളം ആദ്യത്തെ മൂന്നിൽ; ജാർഖണ്ഡ് ഏറ്റവും പിന്നിൽ

പഞ്ചാബ്, ഹരിയാന, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളാണ് കാർഷിക കുടുബങ്ങളുടെ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മുൻപിൽ നിൽക്കുന്നത്. യഥാക്രമം 26,701 രൂപ, 22,841 രൂപ,17,915 രൂപ എന്നിങ്ങനെയാണ് ഇവിടങ്ങളിലെ വരുമാനം.1980 കളിലെ ഹരിതവിപ്ലവത്തിന്റഎ നേരിട്ടുള്ള പ്രയോജനം ലഭിച്ച സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. കേരളമാകട്ടെ 1950കളുടെ അവസാനത്തിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കിത്തുടങ്ങിയ സംസ്ഥാനവും. ജാർഖണ്ഡ്, ഒഡീഷ, വെസ്റ്റ് ബംഗാൾ എന്നിവയാണ് കർഷക വരുമാനത്തിന്റെ കാര്യത്തിലെ പിന്നോക്കക്കാർ. ഇവരുടെ വരുമാനം യഥാക്രമം 4,895 രൂപ, 5,112 രൂപ, 6,762 രൂപ എന്നിങ്ങനെയാണ്. അതായത് ദേശീയ ശരാശരിയുടെ പകുതി മാത്രം.

കടത്തിൽ മുങ്ങിത്താഴുന്ന കർഷകർ, ആത്മഹത്യയിൽ അഭയം തേടുന്നവർ

ഇന്ത്യയിലെ കർഷക കുടുംബങ്ങളിൽ പകുതിയും കടത്തിൽ മുങ്ങിയ അവസ്ഥയിലാണെന്നാണ് സർവേ പറയുന്നത്. 2003ൽ 48.6 ശതമാനം പേർ കടത്തിലായിരുന്നെങ്കിൽ 2013ൽ ഇത് 51.9 ശതമാനമായി ഉയർന്നു. 2019ൽ 50.2 ശതമാനമായി നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ 69.9 ശതമാനം കർഷക കുടുംബങ്ങൾ കടത്തിലാകുമ്പോൾ ആന്ധ്രയിലും തെലുങ്കാനയിലും ഇത് യഥാക്രമം 93. 2 ശതമാനവും, 91.7 ശതമാനവുമാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022–23ലെ കണക്കനുസരിച്ച് മഹാരാഷ്ട്ര (2,708 പേർ), കർണ്ണാടക (1,323 പേർ), ആന്ധ്രാപ്രദേശ് (369 പേർ), തെലങ്കാന (178 പേർ), പഞ്ചാബ് (157 പേർ), തമിഴ്നാട് (122 പേർ) സംസ്ഥാനങ്ങളാണ് കർഷക ആത്മഹത്യയിൽ മുൻപിൽ നിൽക്കുന്നത്. ഉയർന്ന ഉൽപാദനച്ചെലവും ഉൽപന്നത്തിനുണ്ടാകുന്ന വിലത്തകർച്ചയുമാണ് കാർഷിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com