ADVERTISEMENT

‘ഒരു കൊക്കോയിൽനിന്ന് വർഷം 500 രൂപയായിരുന്നു വില കൂടും മുൻപുള്ള വരുമാനം. ഇന്നത് 3000 രൂപയ്ക്കു മുകളിലെത്തും. 8–10 കൊല്ലമായി പച്ചക്കുരുവിന് ശരാശരി 45 രൂപയും ഉണങ്ങിയതിന് 165 രൂപയുമായിരുന്നു വില. അതു ലാഭകരമായ വിലയല്ല. എങ്കിലും സീസണിൽ ആഴ്ചതോറും ശരാശരി 3,000 രൂപ വരുമാനം കിട്ടുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് വീട്ടുചെലവു  നടക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ആഴ്ചയിൽ 6000നു മുകളിലാണ് വരുമാനം. ഇന്നത്തെ ഈ വില ഇതേപടി തുടരുമെന്നൊന്നും കരുതുന്നില്ല. പച്ചക്കുരു കിലോയ്ക്ക് 65 രൂപയും ഉണക്കക്കുരുവിന് 250 രൂപയും ലഭിച്ചാൽത്തന്നെ മികച്ച നേട്ടമാണ്’’, വിപണിയെക്കുറിച്ച് ശുഭപ്രതീക്ഷകൾ പങ്കിട്ടുകൊണ്ട് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലുള്ള കൊക്കോക്കർഷകൻ സജി ജോസഫ് കണ്ടത്തിൽ പറയുന്നു. 3 ഏക്കർ പുരയിടത്തിൽ ഇടവിളയായി 300 കൊക്കോയാണ് സജിക്കുള്ളത്. 

ഏറക്കുറെ സീറോ ബജറ്റ് കൃഷിയാണ് കൊക്കോയുടേതെന്നു സജി. തോട്ടത്തിലെ 300 മരങ്ങളുടെ പരിപാലനവും വിളവെടുപ്പും ഒറ്റയ്ക്കുതന്നെ ചെയ്യാം. വീട്ടുകാർ കൂടി പങ്കുചേര്‍ന്നാല്‍ ജോലി എളുപ്പമാകും. ആണ്ടിൽ 2 തവണ വളപ്രയോഗം. പുതുമഴയോടെ ജൈവവളമായി ചാണകം നൽകും. സെപ്റ്റംബറിൽ യൂറിയയും പൊട്ടാഷും ബോറോണും മഗ്നീഷ്യവും ചേരുന്ന രാസവളവും നൽകും. കുമിൾരോഗങ്ങളെ പ്രതിരോധിക്കാൻ 2 വട്ടം ബോർഡോമിശ്രിതം തളിക്കും. പരിമിതമായ മുടക്കേ ഈ പരിപാലനങ്ങൾക്കെല്ലാം വരുന്നുള്ളൂ. ആണ്ടിൽ രണ്ടു തവണ കമ്പുകോതൽ നടത്തുന്നതും ഒറ്റയ്ക്കുതന്നെ. കൊക്കോയുടെ ഇല വീണ് മണ്ണിൽ ജൈവാംശം വർധിക്കുന്നത് തെങ്ങുപോലുള്ള ഇതരവിളകൾക്കു ഗുണം ചെയ്യുമെന്നും സജി (ഒരു ഹെക്ടർ കൊക്കോത്തോട്ടത്തിൽ ഒരാണ്ടിൽ 3 ടൺ മുതൽ 8 ടൺ വരെ ഇലകൾ കൊഴിഞ്ഞ് മണ്ണിൽ ചേരുന്നുവെന്നാണ് കേരള കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടത്). കൊക്കോയുടെ ഉൽപാദനത്തിൽ നനയ്ക്കു കാര്യമായ പങ്കുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ച് നന നടക്കുന്നു. നിത്യവും തോട്ടത്തിലെത്തുകയും വിളവെടുക്കുകയും ചെയ്യുകയാണെങ്കിൽ അണ്ണാന്റെയും എലിയുടെയും ശല്യം നല്ലൊരളവ് കുറയ്ക്കാനാകും.    

cocoa-2

മേയ് മുതൽ ജൂലൈ വരെയാണ് പ്രധാന വിളവെടുപ്പു സീസൺ. ഈ സമയത്ത് ആഴ്ചയിൽ 80–100 കിലോ പച്ചക്കുരു വിൽക്കാനുണ്ടാവും സീസൺ പിന്നിട്ടാലും ആഴ്ചയിൽ 20 കിലോയോളം പച്ചക്കുരു ലഭിക്കുമെന്ന് സജി. മഴക്കാലത്തു പച്ചയ്ക്കും വേനലിൽ ഉണക്കിയുമാണു വിൽപന. പുളിപ്പിച്ചുണങ്ങുമ്പോൾ തൂക്കം മുന്നിലൊന്നായി കുറയും. കാര്യമായ അധ്വാനമില്ലാതെ സാധിക്കുന്ന ഈ പ്രാഥമിക സംസ്കരണത്തിലൂടെ വരുമാനം വർധിപ്പിക്കാം. 20 വർഷം പ്രായമെത്തിയ മരങ്ങൾ തൃപ്തികരമായ വിളവു നൽകുന്നുണ്ടെങ്കിലും 2018ലെ പ്രളയത്തോടെ സംസ്ഥാനത്ത് കാലാവസ്ഥമാറ്റം സംഭവിച്ചിട്ടുണ്ടെന്നും അതു കൊക്കോയുടെ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെന്നുമാണ് സജിയുടെ നിരീക്ഷണം. കുമിൾരോഗങ്ങൾ വർധിച്ചതും അതിനെത്തുടർന്നാണ്. എന്തൊക്കെയായാലും നിത്യവരുമാനം നൽകുന്ന വിള എന്ന നിലയിൽ കൊക്കോയെ കൈവിടാൻ ഈ കർഷകൻ ഒരുക്കമല്ല. 

ഫോൺ: 9946466717 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com