ADVERTISEMENT

തൊടുപുഴയിലെ  ‘കൊച്ചു കർഷകൻ’ മാത്യു ബെന്നിയുടെ ഫാമിലെ കപ്പത്തൊലി കഴിച്ച 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടത്  മലയാളിക്കു മറ്റൊരു വേദന നിറഞ്ഞ വാർത്തയായി മാറി. കേരളത്തിന്റെ പഞ്ഞകാല വിളയായിരുന്ന കപ്പ അല്ലെങ്കിൽ മരച്ചീനിയെക്കുറിച്ചുള്ള ചില ചിന്തകൾ പങ്കുവയ്ക്കട്ടെ

രണ്ടു മഹായുദ്ധങ്ങളിൽ കേരളത്തെ കാത്ത വിള
കേരളത്തിൽ മരച്ചീനി അഥവാ കപ്പക്കൃഷി എത്തിയിട്ട് വർഷം നൂറ്റൻപതു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും വറുതിയും മറികടന്നത് വിദേശത്തുനിന്ന് നാട്ടിലെത്തി സ്വദേശിയായി മാറിയ ഈ കിഴങ്ങുവിളയിലൂടെയാണ്‌. രണ്ടു ലോകമഹായുദ്ധങ്ങൾ കേരളം മറികടന്നത് കപ്പ അഥവാ മരച്ചീനിയുടെ സഹായം കൊണ്ടുകൂടിയാണ്.

ഏറ്റവുമധികം അന്നജം അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ വിളകളിലൊന്നാണിത്. ഒരു നേരം മാത്രം കഞ്ഞി കുടിക്കാൻ ഭാഗ്യമുണ്ടായിരുന്ന അൻപതുകളിലും അറുപതുകളിലും മറ്റു സമയങ്ങളിൽ വിശപ്പിനു ശമനം നൽകിയത് കപ്പയായിരുന്നു. ഇന്ന് കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് നോക്കിയാൽ കേരളത്തിലെ വിളകളിൽ പത്താം സ്ഥാനത്താണ് മരച്ചീനി. ചുരുങ്ങിയത് പതിനായിരം ഹെക്ടറിലെങ്കിലും കൃഷി ചെയ്യപ്പെടുന്ന 17 കാർഷിക വിളകളിലാണ് മരച്ചീനിയുടെ പത്താം റാങ്ക് (ഏകദേശം 30,000 ഹെക്ടർ ). 1975ൽ ഇത് ഏകദേശം 3 ലക്ഷം ഹെക്ടറായിരുന്നുവെന്നത് ഓർക്കുക.

കപ്പയുടെ ‘കട്ട്’ എന്നാലെന്ത്?
കപ്പയുടെ ഇലയിലും കിഴങ്ങിലും  രണ്ടു ഗ്ലൂക്കോസൈഡുകൾ അടങ്ങിയിരിക്കുന്നു.‘ലിനാമാരിൻ’ (Linamarin), ‘ലോട്ടോസ്ട്രാലിൻ’ (Lotaustralin) എന്നിവയാണവ. ഇവ സയനോജെനിക് (cyanogenic) വിഷാംശമാണ്. ഇതിനെ ‘കട്ട്‘ എന്ന് വിളിക്കാറുണ്ട്. കപ്പയിൽത്തന്നെ അടങ്ങിയിട്ടുള്ള "ലിനാമരേസ്"  (Linamarase) എന്ന എന്‍സൈം  ഇവയുടെ മേൽ  പ്രവർത്തിക്കുമ്പോൾ അപകടകരമായ ‘ഹൈഡ്രജന്‍ സയനൈഡ്’ ഉണ്ടാകുന്നു. ഒരു കിലോഗ്രാം പച്ചക്കപ്പയിൽ ‍ 15 മുതൽ ‍ 400 വരെ മില്ലിഗ്രാം ഇതുണ്ടാകാം. ഹൈഡ്രജൻ സയനൈഡിന്റെ അംശം ഒരു കിലോഗ്രാമിൽ  അൻപത് മില്ലിഗ്രാമിൽ താഴെയുള്ള ഇനങ്ങൾ മധുര (Sweet) ഇനങ്ങളായും, 400 മില്ലിഗ്രാം അടങ്ങിയ  ഇനങ്ങൾ ‘കട്ടൻ’ (Bitter) ഇനങ്ങളായും കണക്കാക്കപ്പെടുന്നു. കപ്പയുടെ പുറന്തൊലിയിലാണ് കട്ട് അധികമുണ്ടാവുക. തൊലി മാറ്റിയ ശേഷം തിളപ്പിക്കുന്നതും പലതവണ കഴുകുന്നതും ‘കട്ട് ’ കുറയ്ക്കുന്നു. 

അപകടങ്ങൾ
ചെറിയ അളവിൽ അതായത് ദിവസവും 50-60 മില്ലിഗ്രാം വരെ ഹൈഡ്രജന്‍ സയനൈഡ് ഉള്ളിൽ ചെന്നാൽ ‍ വലിയ പ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ കപ്പ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം.

തൈറോയിഡിനെ ബാധിച്ച് ഗോയിറ്റർ രോഗമുണ്ടാക്കുന്നതിന്റെ  ഒരു കാരണക്കാരൻ കപ്പയിലെ വിഷവസ്തുവാണ്. അധികമായി ഉള്ളിൽ ചെന്നാൽ പ്രശ്നം ഗൗരവതരമായേക്കാം. കൂടുതൽ  കട്ടുള്ള കപ്പ കഴിച്ച് രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഡോക്ടർമാർ സോഡിയം തയോ സൾഫേറ്റ് ( Sodium thiosulphate) എന്ന മറുമരുന്ന് കുത്തിവയ്പായി നൽകും, അതുവഴി ഹൈഡ്രജൻ സയനേഡ് നിരുപദ്രവകരായ തയോ സയനേറ്റ് ആയി മാറുകയും ചെയ്യുന്നു. പക്ഷേ വിഷബാധയേറ്റയുടൻ ചെയ്യണമെന്നു മാത്രം.

tapioca-and-meat

കപ്പയും മീനും ഇറച്ചിയും
കപ്പയിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ സയനൈഡിനെ ശരീരത്തിൽ നീർവീര്യമാക്കുന്നത്  കരളിലുള്ള  ‘റോഡനേസ് ‘ (rhodanese) എന്ന സൾഫർ ‍ അടങ്ങിയ എന്‍സൈമാണ്. ഇവിടെ  ‍ സയനൈഡ്, തയോസൈനേറ്റ് ആയി മൂത്രത്തിൽ കൂടി പോകുന്നു. സ്വാഭാവികമായും കപ്പ കഴിച്ചാൽ ‍ കൂടുതൽ റോഡനേസ് ആവശ്യമായി വരും. കണക്കു പറഞ്ഞാൽ, ഒരു മില്ലിഗ്രാം ഹൈഡ്രജൻ ‍ സയനൈഡ് നിര്‍വീര്യമാക്കുന്നതിന് 1.2 മില്ലിഗ്രാം ഭക്ഷ്യ സൾ‍ഫർ ആവശ്യമാകുന്നു. സിസ്റ്റീൻ ‍,മെതിയോണൈൻ എന്നീ സൾഫർ അടങ്ങിയ‍ അമിനോ അമ്ലങ്ങൾ ( sulph‍ur containing amino acids) ശരീരത്തിൽ വേണം. ‍ ഇറച്ചിയിലും മീനിലും ഇത്തരം അമിനോ അമ്ലങ്ങൾ അധികമുണ്ട്. കപ്പയോടൊപ്പം കുറച്ചെങ്കിലും മീനും ഇറച്ചിയും കൂടി കഴിച്ചാൽ പ്രശ്നസാധ്യത കുറയുന്നത് അതിനാലാണ്. മാംസ്യം ( protein) ഒട്ടും ഇല്ലാതെ ഇല്ലാതെ കപ്പ മാത്രം കഴിച്ചാൽ പ്രശ്നമുണ്ടാകാം എന്നർഥം. ഒരു കിലോഗ്രാം കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീൻ കൂടി കഴിക്കണമെന്നത്  കണക്ക്. കപ്പ കഴിച്ചിട്ടും മലയാളികൾ കാര്യമായ പ്രശ്നങ്ങൾ ‍ കാണിക്കാത്തത് ഒപ്പം മീനും ഇറച്ചിയും കഴിക്കുന്നതുകൊണ്ടാവണം. കപ്പയും ബീഫും അല്ലെങ്കിൽ കപ്പയും മത്തിയുമാണല്ലോ മലയാളിയുടെ ഇഷ്ട ഭക്ഷണ കോമ്പിനേഷനുകളിലൊന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com