ADVERTISEMENT

മരച്ചീനി അഥവാ കപ്പ കേരളീയര്‍ക്കു അരിക്കൊപ്പം പ്രാധാന്യമുള്ള ഭക്ഷ്യവസ്തുവാണ്. കപ്പയും മീനും അഥവാ കപ്പയും ഇറച്ചിയും നമ്മുടെ പ്രിയപ്പെട്ട രുചിക്കൂട്ടുമാണ്. എന്നാല്‍ ദേശീയതലത്തില്‍ കപ്പ  വ്യാവസായിക വിളയായി മാറി. അതിനു പ്രധാന കാരണം കപ്പയില്‍ വളരെ ഉയർന്ന തോതില്‍ അടങ്ങിയ ഗുണമേന്മയേറിയ അന്നജം തന്നെ. ഇതിനെ പല തരത്തിലുള്ള മൂല്യവർധിത ഉല്‍പന്നങ്ങളാക്കാന്‍ കഴിയും. 

മരച്ചീനി ഏറ്റവും കൂടുതൽ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. അവിടെ മരച്ചീനിയിൽനിന്ന് അന്നജവും ചൌവരിയും വ്യാവസായികാടിസ്ഥാനത്തിൽ ഉല്‍പാദിപ്പിച്ചു പല തരത്തിലുള്ള മൂല്യവർധിത ഭക്ഷ്യവിഭവങ്ങളും വ്യാവസായിക ഉല്‍പന്നങ്ങളും തയാറാക്കി വരുന്നു.  മിക്ക ബേക്കറി ഉല്‍പന്നങ്ങളുടെയും അടിസ്ഥാന ഘടകം കപ്പപ്പൊടിയാണ്. കൂടാതെ പലതരം പശ, ഫിലിം, ഹാർഡ്‌ബോർഡ്, സൂപ്പർ അബ്സോർബന്റ്‌ പോളിമേഴ്‌സ് തുടങ്ങി പ്ലാസ്റ്റിക് വരെ കപ്പയിലെ സ്റ്റാർച്ചിൽനിന്ന് ഉണ്ടാക്കാം. 

കിഴങ്ങുവിളകളുടെ ഉല്‍പാദനക്ഷമതയില്‍ സാധാരണ നമ്മൾ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകളായ നെല്ല് , ഗോതമ്പ്, ചോളം എന്നിവയുടേതിന്റെ ആറു മുതൽ പത്തിരട്ടിവരെയാണ്. അത്രത്തോളം പോഷകമൂലകങ്ങൾ  മണ്ണിൽനിന്ന് ഇവ വലിച്ചെടുക്കുന്നുമുണ്ട്.  അതിനാൽ മരച്ചീനി കൃഷി ചെയ്യുമ്പോൾ മണ്ണിന്റെ ഫലഭുയിഷ്ഠതയും, ഉല്‍പാദനക്ഷമതയും നിലനിർത്തണമെങ്കിൽ മണ്ണിൽ മതിയായ അളവിൽ വളം നൽകേണ്ടതുണ്ട്.

കപ്പയെ  സംബന്ധിച്ച് വിളവും ഗുണമേന്മയും വർധിപ്പിക്കുന്നതിന് (കിഴങ്ങിന്റെ കയ്പ് കുറയ്ക്കുന്നതിനും അന്നജം കൂട്ടുന്നതിനും)  പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. എന്നാൽ, ഈ മൂലകം നൽകുന്ന വളമായ പൊട്ടാഷ് അഥവാ മുറിയേറ്റ് ഓഫ് പൊട്ടാഷ്  ഇറക്കുമതി ചെയ്യുന്നതായതിനാല്‍ പലപ്പോഴും സുലഭമല്ല. ഇതു പരിഗണിച്ചാണ്  മരച്ചീനിയുടെ ജനിതകശേഖരത്തിലെ മികച്ച  ഇനങ്ങളുടെ പൊട്ടാസ്യം ഉപഭോഗശേഷി വിശകലനം ചെയ്യുന്ന പഠനങ്ങൾ സിടിസിആര്‍ഐയില്‍ 2007ല്‍ ആരംഭിച്ചത്. 8 വർഷത്തോളം നടന്ന ഗവേഷണങ്ങളുടെ ഫലമായി 2015ൽ ഈ സ്ഥാപനം ലോകത്തിലെ തന്നെ ആദ്യത്തെ പൊട്ടാസ്യം ഉപയോഗശേഷിയേറിയ ഇനം 'ശ്രീ പവിത്ര' എന്ന പേരിൽ  പുറത്തിറക്കി. 

നല്ല സ്വഭാവ ഗുണങ്ങൾ ഉള്ള 83 ഇനങ്ങൾ വളങ്ങളൊന്നും കൊടുക്കാതെ  കൃഷി ചെയ്തു നോക്കി. ആദ്യത്തെ ഒരു വര്‍ഷം ഓരോ ഇനത്തിന്റെയും 10 ചെടികൾ വച്ചു നട്ട് അവയുടെ വിളവ്, ഗുണമേന്മ (കട്ടിന്റെയും അന്നജത്തിന്റെയും അളവ്, ആ ഇനത്തിന്റെ സ്വതവേ പൊട്ടാസ്യം ഉപയോഗ കഴിവ്, മൊസൈക് രോഗത്തെ ചെറുത്തു നിർത്താനുള്ള ശേഷി, ചെടിയുടെ ഘടന) എന്നിവ പഠിക്കുകയുണ്ടായി. ഇവയില്‍നിന്ന് ആറിനങ്ങൾ തിരഞ്ഞെടുക്കുകയും അവയെ മൂന്നു വര്‍ഷം പഠനവിധേയമാക്കി 'അണിയൂർ' എന്ന  പ്രാദേശിക ഇനം പൊട്ടാസ്യം ഇല്ലാതെയും ശുപാർശ (100കി. ഗ്രാം/ഹെക്ടർ)യുടെ പകുതി അളവിലും ശുപാർപ്രകാരമുള്ള വിളവ് നൽകുന്നതായി കണ്ടു. ചെടിയുടെയും വേരിന്റെയും ഘടനയാണ് ഈ സവിശേഷതയ്ക്കു കാരണമെന്നു ഗവേഷണങ്ങളില്‍നിന്നു മനസിലായി. അതായത്, ഈ ഇനത്തിന്റെ വേരിന്റെ അഗ്രത്തിൽ വെള്ളവും, പോഷകമൂലകങ്ങളും വലിച്ചെടുക്കുന്ന വെള്ള വേരുകളുടെ എണ്ണം കൂടുതലായതിനാൽ ഇവ മണ്ണിലുള്ള പൊട്ടാസ്യത്തിന്റെ ബന്ധിത രൂപങ്ങളെ വിഘടിച്ചു ചെടിക്ക് വലിച്ചെടുക്കാനാവുന്ന അവസ്ഥയിലേക്കു മാറ്റുന്നു. അണിയൂർ എന്ന ഈ ഇനം ഫലഭുയിഷ്ഠത കുറവായ, വിശേഷിച്ച്  പൊട്ടാസ്യം കുറവുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ പറ്റിയതാണെന്നു മാത്രമല്ല, പൊട്ടാസ്യം ഇല്ലാതെയും, കുറഞ്ഞ പൊട്ടാസ്യം ഉപയോഗിച്ചും ഇതിനു നല്ല ഉല്‍പാദനക്ഷമത കൈവരിക്കാമെന്നും മനസ്സിലായി. ഇതു  നല്ല പാചകഗുണമുള്ളതും പെട്ടെന്നു വേവുന്നതും തീരെ കട്ട് കുറഞ്ഞതു (അതായത് ഏകദേശം 10 മുതൽ 35 ppm വരെ സയനോജൻ) മാണെന്ന് കർഷകർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്  2015ൽ ഈ ഇനം 'ശ്രീ പവിത്ര' എന്ന പേരിൽ സിടിസിആര്‍ഐ പുറത്തിറക്കിയത്. ഈ ഇനത്തിന് ചെറിയ തോതിൽ മൊസൈക് രോഗം ഉണ്ടെങ്കിൽപോലും പൊട്ടാസ്യം കുറഞ്ഞ അളവിൽ കൊടുത്ത്  ഹെക്ടറിന് 60 ടൺ വരെ വിളവ് നേടാം എന്നതാണ് മെച്ചം. തെങ്ങിന് ഇടവിളയായി  ഈയിനം നന്ന്. 

കേരളത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പ്രദര്‍ശന പരീക്ഷണങ്ങളിൽ ചില സ്ഥലങ്ങളില്‍ ഒരു ചെടിയിൽനിന്ന് 25 കിലോ വിളവും ഒരു കിഴങ്ങിന്  5 കിലോ വരെ  തൂക്കവും പവിത്രയ്ക്കു ലഭിച്ചിട്ടുണ്ട്. W-19, CR43-8 എന്നീ ഇനങ്ങൾ നൈട്രജൻ ഇല്ലാതെയും കുറഞ്ഞ നൈട്രജൻ അളവിലും (ശുപാർശയുടെ 0-50 %വരെ) മെച്ചപ്പെട്ട വിളവ് നൽകുന്നതായി കണ്ടു. പക്ഷേ, ഈ ഇനങ്ങളുടെ കാലദൈർഘ്യവും (10  മുതൽ 14 മാസം വരെ) കിഴങ്ങുകളുടെ പാചകഗുണവും ഗുണമേന്മയും ചെടിയുടെ ഘടനയും കർഷകർക്കു  സ്വീകാര്യമല്ലാത്തതിനാൽ കൂടുതൽ പ്രദർശന പരീക്ഷണങ്ങള്‍ നടത്തിയില്ല. ഈ ഇനങ്ങൾ റജിസ്ട്രേഷൻ നടത്തി ഭാവിയിൽ നൈട്രജൻ ഉപയോഗ കഴിവുള്ള പുതിയ സങ്കര ഇനങ്ങൾ ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തും. 

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങൾ ഒരുമിച്ച് ചേർത്തുള്ള ഉപയോഗശേഷി പഠിക്കുന്നതിനായി മരച്ചീനിയുടെ ജനിതകശേഖരം വിലയിരുത്തി 15  ഇനങ്ങൾ  തിരഞ്ഞെടുത്തു. അവയില്‍  ഏറ്റവും നല്ലതായി കണ്ട CI 905, CI 906, 7IIIE3-5, ശ്രീ പവിത്ര എന്നീ ഇനങ്ങൾക്കു  നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ശുപാർശിത അളവിലും അതിന്റെ 25, 50, 75 ശതമാനം വീതം അളവിലും കണ്ടു.  ഇവ എല്ലാം തന്നെ സ്വതവേ ഫലഭൂയിഷ്ടി കുറഞ്ഞയിടങ്ങളില്‍  നല്ല വിളവ് നൽകുന്നതായും  മനസ്സിലായി. മൊസൈക് രോഗത്തെ ചെറുക്കുന്നതും, നല്ല പാചകഗുണമുള്ളതും, നല്ല തോതിൽ അന്നജവും കുറഞ്ഞ അളവിൽ സയനോജനും അടങ്ങിയതാണെന്നും ചെടിയുടെ ഘടന നല്ലതാണെന്നും  കണ്ടു. CI 905 എന്ന ഇനത്തിന്റെ കിഴങ്ങിൽ  ബീറ്റാ കരോട്ടിൻ കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ നല്ല കടും മഞ്ഞനിറമുള്ളതാണ്. 

English summary: Cassava Varieties developed by CTCRI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com