ADVERTISEMENT

2024ൽ മൃഗസംരക്ഷണ മേഖല പ്രതീക്ഷിക്കുന്നത്- ഭാഗം 2

പാളത്തൊപ്പിയും ഒറ്റമുണ്ടും, കയറിനറ്റത്ത് മേയുന്ന പശുവും മുൻകാലങ്ങളിലെ മൃസംരക്ഷണത്തിന്റെ മുഖമുദ്രയായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏത് കാളയുടേതാണെന്നും ആ കാളയുടെ അമ്മപ്പശുവിന് എത്ര ലീറ്റർ പാൽ ഉൽപാദനം ഉണ്ടെന്നും അറിഞ്ഞ് മാത്രം, തങ്ങളുടെ പശുക്കളുടെ കൃത്രിമ ബീജാധാനം ചെയ്യുന്ന പുതുതലമുറ കർഷകരിന്നുണ്ട്. വിവര സാങ്കേതികവിദ്യയുടെ ഈ കാലത്ത് ലോകത്തിന്റെ ഏതു കോണിലുള്ള ആധുനിക സാങ്കേതിക വിദ്യയും ഇവിടെ നടപ്പിലാക്കാൻ തയാറാണവർ. 

1956ലെ അതേ സ്റ്റാഫ് പാറ്റേണും, അടിസ്ഥാന സൗകര്യവുമായി മുന്നോട്ടു പോകുന്ന മൃഗസംരക്ഷണ വകുപ്പിന് മാറിയ കാലത്തിനനുസരിച്ച്, പുതുതലമുറയുടെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഉൽപാദനക്ഷമത വർധിപ്പിച്ച് ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനായിട്ടുണ്ടോ?

ഏതെങ്കിലും അസുഖം തങ്ങളുടെ ഫാമിൽ വന്നാൽ കർഷകർ തന്നെ സ്വകാര്യ ലാബിൽ നിന്നും രക്തപരിശോധന നടത്തി, ഡോക്ടറെ സമീപിക്കുന്ന സ്ഥിതി ആയിട്ടുണ്ട്. നാട്ടിലെ മൃഗാശുപത്രികളിൽ നിന്നും ലഭിക്കുന്ന ബീജമാത്രകൾക്ക് ഉൽപാദനക്ഷമത പോരെന്ന തോന്നലിൽ NDDBയിൽനിന്നും ഇന്ന കാളയുടെ ഇത്രാം നമ്പർ ബീജമാത്ര വേണമെന്ന് ആവശ്യപ്പെട്ട്, ഉന്നത ഗുണനിലവാരമുള്ള പശുക്കിടാങ്ങളെ ഉൽപാദിപ്പിക്കുന്ന യുവജനങ്ങളേയും നേരിട്ടറിയാം. 30 ലീറ്റര്‍ കറക്കുന്ന പശുക്കളും ആധുനിക സൗകര്യങ്ങളും ഇത്തരം ഫാമിലുണ്ട്. സ്വന്തം നിലയില്‍ തങ്ങൾ വളർത്തിയെടുത്തതാണിതൊക്കെയെന്നാണ് അവർ പറയുന്നത്. സർക്കാർ സംവിധാനങ്ങൾ ഇവരുടെ മാറ്റങ്ങൾക്കൊത്തുയർന്നിട്ടുണ്ടോ? ആധുനികവൽക്കരിച്ച് വിപണി കണ്ടെത്തിയ ചുരുക്കം ചിലർ പിടിച്ചു നിൽക്കുന്നെങ്കിലും, ചെറുകിട–ഇടത്തരം ക്ഷീരകർഷകർ ഉൽപാദനച്ചെലവും, വിപണിവിലയും തമ്മിലുള്ള അന്തരം മൂലം ഈ മേഖല ഉപേക്ഷിക്കുകയാണ്. 

ഇതേക്കുറിച്ച് ഈ മേഖലയിലുള്ളവരുടെ പ്രതികരണം നോക്കാം.  

മോനു തന്റെ ഡെയറിഫാമിൽ.
മോനു തന്റെ ഡെയറിഫാമിൽ.

മെക്കാനിക്കൽ എൻജിനീയറാണ് മോനു വർഗീസ് മാമൻ. 2009ൽ ബിരുദം നേടിയ ഈ യുവകർഷകന് എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരകർഷകൻ, കേര കർഷകൻ തുടങ്ങിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഉൽപാദനച്ചെലവാണ് പശു വളർത്തലിലെ നിർണായക ഘടകം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതിൽ തന്നെ കാലിത്തീറ്റയുടെ ഉയർന്ന വില മൂലം പല ചെറുകിട കർഷകരും ഈ മേഖല ഉപേക്ഷിക്കുന്നു. മൂവാറ്റുപുഴ, കോട്ടയം, എറണാകുളം മേഖലയില്‍ മുൻകാലങ്ങളിൽ പൈനാപ്പിൾ ഇല വില കൊടുക്കാതെ കിട്ടുമായിരുന്നു. ആവശ്യക്കാരേറെയായപ്പോൾ വലിയ വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയായി. 

26 പശുക്കളുള്ള ഇദ്ദേഹത്തിന്റെ ഫാമിൽ നിന്നും 350 ലീറ്റർ പാൽ പ്രതിദിനം ക്ഷീരസംഘത്തിന് നൽകുന്നുണ്ട്. ശരാശരി 44 രൂപ ലഭിക്കുന്നു. പൈതൃകമായി കിട്ടിയ വിശാലമായ കൃഷി ഭൂമിയിൽ പുൽകൃഷി ചെയ്യുന്നതു കൊണ്ട് വർഷം മുഴുവൻ പശുക്കൾക്ക് പുല്ല് കൊടുക്കാൻ കഴിയുന്നു. കാലിത്തീറ്റ വാങ്ങുന്നതാണ് പ്രധാന ചെലവ്. അതുകൊണ്ട് മാത്രമാണ് 44 രൂപയ്ക്ക് പാൽ വിൽക്കുന്നെങ്കിലും ചെറിയ ലാഭത്തിൽ ഫാം മുന്നോട്ടു പോകുന്നത്. 

ക്ഷീര വികസന വകുപ്പ് മുഖാന്തിരം തീറ്റപ്പുൽക്കൃഷിക്ക് സബ്സിഡി നൽകുന്നുണ്ടെങ്കിലും അത് അപര്യാപാതമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൃഷിഭൂമിക്കനുസരിച്ച് പരിധിയില്ലാതെ പുൽകൃഷി ചെയ്യുന്ന എല്ലാവർക്കും സബ്സിഡി നൽകണം. ഒരു കര്‍ഷകന് ഒരു കൃഷി ഭൂമിയിൽ സബ്സിഡി നൽകിയാൽ, പിന്നീട് വേറെ സ്ഥലത്ത് കൃഷി ചെയ്താൽ സബ്സിഡി ലഭിക്കണമെങ്കിൽ 3 വർഷം കഴിയണം. ഈ നിയമം മാറ്റണം. സംസ്ഥാനത്ത് പല കാരണങ്ങളാൽ കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലത്ത് കുടുംബശ്രീയുടേയും മറ്റു സംഘടനകളുടേയോ നേതൃത്വത്തിൽ തീറ്റപ്പുൽ കൃഷി ചെയ്യാവുന്നതാണ്. ഇതിന് വേണ്ടുന്ന സഹായം സർക്കാർ നൽകണം. തീറ്റപ്പുല്ലായോ, സൈലേജായോ വിൽക്കാൻ കഴിയും. കുറഞ്ഞ ചെലവിൽ തീറ്റപ്പുല്ലും  അതുവഴി ഉൽപാദനച്ചെലവ് കുറയുകയും കുറച്ചധികം പേർക്ക് തൊഴിലും ലഭിക്കുന്ന ഒരു പദ്ധതിയായിരിക്കും. ഇതൊരു തൊഴിലുറപ്പ് പദ്ധതിയായി പരിഗണിക്കാവുന്നതാണ്. കഴിഞ്ഞ വർഷം തന്റെ ഫാമിൽ കാലിത്തീറ്റ നൽകി ഒരു പശു ചത്തെന്നും എന്നാൽ നാളിതുവരെ കാലിത്തീറ്റ ഗുണനിലവാര പരിശോധന സംവിധാനം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

വർഷത്തിൽ രണ്ടു തവണ നൽകേണ്ട കുളമ്പ് രോഗപ്രതിരോധ കുത്തിവയ്പ്പ് ശരിയായി നടക്കുന്നില്ല. കഴിഞ്ഞവർഷം നവംബറിൽ കുത്തിവച്ചതിനു ശേഷം, ഈ വർഷം ഡിസംബറിലാണ് വീണ്ടും കുത്തിവച്ചത്. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാർ കേൾക്കണം. ഉന്നത ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേൾക്കാതെ ഫീൽഡ് തലത്തിൽ എന്താണ് നടക്കുന്നതെന്ന് ചെറുകിട, ഇടത്തരം കർഷകരുടെ അഭിപ്രായം അറിഞ്ഞ് അതിന് പരിഹാരം കണ്ടില്ലെങ്കിൽ രണ്ടുമൂന്ന് വർഷത്തിനുള്ളിൽ ചെറുകിട ഇടത്തരം കർഷകർ ഈ മേഖലയിൽ നിന്നും വിട്ടു പോകുമെന്ന് അഭിപ്രായപ്പെട്ട ഈ യുവകർഷകൻ 2024ൽ അത്തരമൊരു നടപടി സർക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

‘‘കാർഷിക ഉപമേഖലയായാണ് ഇപ്പോഴും സർക്കാർ ക്ഷീരമേഖലയെ കാണുന്നത്. ഇതിനെ കൃഷിയുടെ നിർവചനത്തിൽ വരുത്തി, കൃഷിക്ക് ലഭിക്കുന്ന മാതൃകയിലുള്ള കുറഞ്ഞ പലിശനിരക്കിലുള്ള ബാങ്ക് ലോണും മറ്റ് സബ്സിഡികളും ഏർപ്പെടുത്തണം. കെട്ടിടത്തിന് മേലുള്ള അധിക നികുതി, ലൈസൻസ് സമ്പ്രദായത്തിലെ നൂലാമാലകള്‍ തുടങ്ങിയവ ലഘൂകരിക്കണം.’’

33 വർഷം മൃഗസംരക്ഷണ മേഖലയിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ച് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ. ഈപ്പൻ ജോൺ ഈ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചതിങ്ങനെ: 

  1. കാർഷിക ഉപമേഖലയായാണ് ഇപ്പോഴും സർക്കാർ ക്ഷീരമേഖലയെ കാണുന്നത്. മുൻകാലങ്ങളിൽ നെൽകൃഷി ഉൾപ്പെടെയുള്ള കൃഷിയിൽ നിന്നും ലഭിക്കുന്ന വൈക്കോൽ, മറ്റു കാര്‍ഷിക ഉപോൽപന്നങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചായിരുന്നു പശു വളർത്തൽ. ചാണകം കൃഷിക്കും ഉപയോഗിക്കും. എന്നാൽ ഇപ്പോള്‍ സ്ഥിതി മാറി. ഡെയറി ഫാമിങ്ങും, പശുവളർത്തലും സ്വതന്ത്ര കൃഷിയായി. അതിനാൽ തന്നെ ഇതിനെ കൃഷിയുടെ നിർവചനത്തിൽ വരുത്തി, കൃഷിക്ക് ലഭിക്കുന്ന മാതൃകയിലുള്ള കുറഞ്ഞ പലിശനിരക്കിലുള്ള ബാങ്ക് ലോണും മറ്റ് സബ്സിഡികളും ഏർപ്പെടുത്തണം. കെട്ടിടത്തിന് മേലുള്ള അധിക നികുതി, ലൈസൻസ് സമ്പ്രദായത്തിലെ നൂലാമാലകള്‍ തുടങ്ങിയവ ലഘൂകരിക്കണം. 
  2. നമ്മുടെ സംസ്ഥാനത്തിന്റെ GDPയുടെ 12 ശതമാനം കൃഷിയിൽ നിന്നാണ്. ഈ 12 ശതമാനത്തിന്റെ 27 ശതമാനം പാൽ ഉൽപാദനത്തിൽ നിന്നാണ്. അതായത് സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനം ക്ഷീരമേഖലയിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 1,76,000 കോടി രൂപ സംസ്ഥാനത്ത് വകയിരുത്തിയപ്പോൾ കൃഷിക്കും അനുബന്ധ മേഖലകൾക്കും കൂടി ലഭിച്ചത് 7853 കോടി രൂപയാണ്. അതിൽ വെറും 330 കോടി മാത്രമാണ് മൃഗസംരക്ഷണ മേഖലകൾക്ക് അനുവദിച്ചത്. ഇത് ഈ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുൾപ്പെടെയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനം സംഭാവന നൽകുന്ന ക്ഷീരമേഖലയ്ക്ക് ആകെ ലഭിച്ചത് 330 കോടി ആകെ ബജറ്റിന്റെ 0.19 ശതമാനം മാത്രം. അതിനാൽ ഈ മേഖലയെ സ്വതന്ത്ര കാർഷിക മേഖലയായി അംഗീകരിച്ച് ബജറ്റിൽ ആനുപാതികമായ വിഹിതം വർധിപ്പിച്ച് നൽകിയാൽ മാത്രമേ ഇവിടെ പുതിയ പദ്ധതികളും മേഖലയുടെ വളർച്ചയും സാധ്യമാകൂ. ഇങ്ങനെ ബജറ്റിൽ അനുവദിക്കുന്ന തുക മുൻഗണനാടിസ്ഥാനത്തിൽ ചെലവഴിക്കണം. കാലഹരണപ്പെട്ട പദ്ധതികൾ ഉപേക്ഷിക്കണം. കാലോചിതമായി പദ്ധതികൾ കണ്ടെത്തണം. മുൻകാലങ്ങളിൽ അന്യ സംസ്ഥാനത്ത് നിന്നു കൊണ്ടു വന്ന പശുക്കൾ നാട്ടിലെ പശുക്കൾക്ക് അസുഖം പടർത്തിയതല്ലാതെ, ഉൽപാദന മേഖലയിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. ഇത്തരം പദ്ധതികൾ പുനഃപരിശോധിക്കണം. മുൻകാലങ്ങളിൽ അന്യസംസ്ഥാനത്തിൽ നിന്നു കൊണ്ടുവന്ന എത്ര പശുക്കളുണ്ട്, എത്ര കർഷകർക്ക് നൽകി, എത്ര എണ്ണം അസുഖം ബാധിച്ചു ചത്തു, ഉൽപാദന വര്‍ധനയുണ്ടായോ തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കണം. 
  3. പുറമേ നിന്ന് പശുക്കളെ കൊണ്ടു വരുന്നതിന് പകരം ഇവിടുള്ള പശുക്കുട്ടികളെ സബ്സിഡി നൽകി വളർത്തിയെടുത്താൽ കാലാവസ്ഥയ്ക്കു ചേരുന്ന നല്ല പശുക്കളാക്കിത്തീർക്കാൻ കഴിയും. 
  4. കന്നുകാലി പരിപാലന പദ്ധതി ഇപ്പോൾ നിലച്ച മട്ടാണ്. അത് പുനഃസ്ഥാപിക്കണം. തീറ്റയുടെ അടിക്കടി ഉള്ള വിലക്കയറ്റം മൂലം കന്നുകുട്ടികൾ വലുതായി പ്രസവിക്കുന്നതു വരെ കുട്ടികൾക്ക് തീറ്റ നൽകാൻ കഴിയുന്നില്ല. 12–13 മാസം പ്രായമെത്തുമ്പോൾ സബ്സിഡി തുക തീരുന്നതിനാൽ പൂർണമായും തീറ്റ നൽകാൻ കഴിയാത്തതിനാൽ ഉദ്ദേശിച്ച വളർച്ച കുട്ടികൾക്കുണ്ടാകുന്നില്ല. അതിനാൽ സബ്സിഡി തുക കൂട്ടണം. കൂടാതെ പഞ്ചായത്തുകൾ വഴി കന്നുകുട്ടികളുടെ ഉടമസ്ഥരെയാണ് ഗ്രാമസഭ വഴി തിരഞ്ഞെടുക്കുന്നത്. അതിനു പകരം ഉൽപാദനക്ഷമതയുള്ള പശുവിന്റെ പശുക്കുട്ടികളെ, എണ്ണം പരിമിതപ്പെടുത്താതെ, മുഴുവൻ കുട്ടികളെയും തിരഞ്ഞെടുക്കണം. ലിസ്റ്റിലുള്ള ഗുണഭോക്താക്കളുടെ പശുക്കുട്ടികൾ ഗുണനിലവാരം ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയാണുള്ളത്. നിർവഹണ ഉദ്യോഗസ്ഥന് ലിസ്റ്റിലുള്ള ഒരാളെ ഒഴിവാക്കാൻ കഴിയില്ല. അതാണ് ഈ പദ്ധതിയുടെ പരിമിതി. 
  5. പുതിയ ക്ഷീര കർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിച്ച് പരീക്ഷിക്കുന്നതിലും ഭേദം, ഈ മേഖലയിൽ നിൽക്കുന്നവരെ പിടിച്ചുനിർത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. അതിനായി വസ്തുനിഷ്ഠമായി ക്ഷീരമേഖലയുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കണം. നിലവിലെ കർഷകർ നന്നായി ലാഭമുണ്ടാക്കി ജീവിക്കുന്നതു കാണുമ്പോൾ തന്നെ പുതിയവരും താനേ ഈ മേഖലയിലേക്കാകർഷിക്കപ്പെടും. 
  6. സർക്കാർ കാലിത്തീറ്റ ഫാക്ടറികളായ കേരള ഫീഡ്സും, മിൽമയും വരുന്ന ഒരു വർഷത്തേക്കുള്ള കാലിത്തീറ്റയുടെ വില മുൻകൂട്ടി നിശ്ചയിക്കണം. പിന്നീട് ആ വർഷത്തിൽ വില മാറ്റം ഉണ്ടാകാൻ പാടില്ല. കാലിത്തീറ്റയുടെ വിലയുടെ അടിസ്ഥാനത്തിൽ ഉൽപാദനച്ചെലവ് കണക്കു കൂട്ടി മിൽമയും പാൽ ശേഖരിക്കണം. അതുവഴി അപ്രതീക്ഷിതമായി ഉയരുന്ന ഉൽപാദനച്ചെലവ് താങ്ങാനാവാതെ ക്ഷീരമേഖലയെ വിട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും. 
  7. മിൽമയിൽ നൽകുന്ന പാലിന് ആനുപാതികമായി സബ്സിഡി നിരക്കിൽ വർഷം മുഴുവൻ കാലിത്തീറ്റ നൽകണം. ബജറ്റിൽ ഈ തുക വകയിരുത്തണം. 
  8. കാലിത്തീറ്റ ഗുണനിലവാരം ഉറപ്പു വരുത്തണം. 
  9. കൃത്രിമ ബീജസങ്കലനത്തിനുപയോഗിക്കുന്ന ബീജം ഗുണനിലവാരമുള്ളതാണോ, ഉൽപാദനക്ഷമതയുള്ള കുട്ടികളെ ഉൽപാദിപ്പിക്കാൻ പര്യാപ്തമാണോയെന്ന് പരിശോധിക്കണം. അങ്ങനെ അല്ലെങ്കിൽ കെഎൽഡി ബോർഡിനെ അതിനു വേണ്ടി പ്രാപ്തമാക്കണം. മാത്രമല്ല, കർഷകർ ആവശ്യപ്പെടുന്ന ബീജം ലഭ്യമാക്കാനും ശ്രദ്ധിക്കണം. പലപ്പോഴും കർഷകർക്ക് ആവശ്യമുള്ള ബീജം ലഭിക്കുന്നില്ലെന്നു മാത്രമല്ല ബീജാധാനത്തിനു എത്തുന്നവർ ഏതെങ്കിലുമൊരു കാളയുടെ ബീജം കുത്തിവയ്ക്കുന്നുവെന്ന പരാതിയും കർഷകർക്കുണ്ട്.
  10. പാൽ ശേഖരണത്തിന്റെ സമയം സംസ്ഥാനവ്യാപകമായി ഏകീകരിക്കണം. ഉച്ചയ്ക്ക് പാൽ ശേഖരിക്കുന്നത് വഴി ചെറുകിട കർഷകർക്ക് മറ്റ് പണികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. അതിനാൽ വൈകിട്ട് പാൽ ശേഖരിക്കണം. ഇപ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമയം പുനഃക്രമീകരിച്ചിട്ടുള്ളതിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  

കഴിഞ്ഞ 12 വർഷമായി കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടർമാരെയും, ഉദ്യോഗസ്ഥരെയും കർഷകരെ ഭവനത്തിലെത്തിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഗോപകുമാറിനും പറയാനുണ്ട്. 

‘പണ്ടൊക്കെ മൃഗാശുപത്രിയിലെ ഓട്ടം മാത്രം മതിയായിരുന്നു ജീവിതച്ചെലവിന്. ഇന്ന് ഓട്ടം പകുതിയായി കുറഞ്ഞു. കഴിഞ്ഞ മാസം കുളമ്പുരോഗ കുത്തിവയ്പ്പിനായി, മൃഗാശുപത്രിയിൽനിന്നും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ വീടുകളിൽ കൊണ്ടു പോയപ്പോൾ പണ്ടുണ്ടായിരുന്നതിന്റെ പകുതി വീടുകളിൽ പോലും പശുക്കളില്ല. വളർത്തുന്നവരാകട്ടെ എണ്ണവും കുറച്ചു. തീറ്റ വാങ്ങിക്കൊടുത്തു വളർത്തിയാൽ മുതലാകുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്.’

നിലവിലെ അവസ്ഥയുടെ നേർമൊഴിയാണ് ഗോപകുമാറിന്റെ വാക്കുകൾ. പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫിസറായി വിരമിച്ച ഡോ. ജ്യോതിഷ് ബാബുവിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം. 

‘‘കൃഷി ഭൂമിയുടെ തുണ്ടുവൽക്കരണവും നീതീകരിക്കാൻ കഴിയാത്ത കാലിത്തീറ്റയുടെ വില വർധനയടക്കമുള്ള പരിപാലനച്ചെലവുകളും പശുക്കളുടെ ഉൽപാദനക്കുറവും, പുതിയ രോഗങ്ങളും, തീരെ ചെറിയ വരുമാനവും ഒക്കെ ചേരുമ്പോൾ, കാലികളുടെ എണ്ണത്തിലും ക്ഷീരകർഷകരുടെ എണ്ണത്തിലും ഉൽപാദനക്ഷമതയിലും കാര്യമായ കുറവുണ്ടായി.’’

ഡോക്ടർ ഒറ്റശ്വാസത്തില്‍ പറഞ്ഞു നിർത്തി. ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പരിഹാരമായി നിര്‍ദേശിച്ചത്. 

  1. കാലിത്തീറ്റയ്ക്ക് റേഷനിങ്. ഇത് പശുക്കളുടെ എണ്ണത്തിന് ആനുപാതികമാകണം. 
  2. മൃഗസംരക്ഷണമേഖലയിലെ, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസനവകുപ്പ്, KLDB, മിൽമ എന്നിവയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ച് ഏകോപിപ്പിക്കണം. ഉൽപാദനവർധനയ്ക്ക് കൃത്യമായ മാർഗരേഖയുണ്ടാക്കണം. 
  3. മൃഗസംരക്ഷണ വകുപ്പിനെ പുനഃസംഘടിപ്പിച്ച് സഞ്ചരിക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്കുകൾ നടപ്പിലാക്കണം. ഇതിനായി വകുപ്പിലെ ഉന്നത ബിരുദമുള്ളവരെ ഉപയോഗിക്കാം. 
  4. ഓഫിസ് ജോലികളും, ജനകീയാസൂത്രണ വിതരണ ജോലികളും ഡോക്ടർമാരിൽനിന്നും മാറ്റി, ഡോക്ടർമാർക്ക്, കർഷകരുടെ ഉരുക്കൾക്കാവശ്യമായ ചികിത്സ നൽകാൻ പൂർണസമയ സൗകര്യം ചെയ്യണം. പദ്ധതി നിർവഹണത്തിന് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തണം. 
  5. ജനിതക മൂല്യവർധന നടത്തി സംസ്ഥാനത്തുള്ള കന്നുകാലികളുടെ ഉൽപാദനം വർധിപ്പിക്കണം. അതിന് KLDB ശ്രമം നടത്തണം. 
  6. സൗജന്യ ഇൻഷുറൻസ്, അതിൽ തന്നെ ചികിത്സാ കവറേജ്, പാലിന് തറവില തുടങ്ങിയവ ആവശ്യമാണ്. 
  7. സാമ്പത്തികമായി മെച്ചപ്പെട്ടവരുടെ അത്യാധുനിക ഫാം കാണിച്ച് നാം നല്ല നിലയിലാണെന്ന് മേനി നടിക്കാതെ സാധാരണക്കാർക്കു അത്തരം സൗകര്യം നൽകി മേൽത്തട്ടിലുള്ള മോഡൽ ഫാമുകളാക്കണം. എങ്കിൽ മാത്രമേ ഇതു കണ്ട് പുതുതലമുറ വരുകയുള്ളൂ. 

2024ൽ ഇത്തരം പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായി ഡോ. ജ്യോതിഷ് ബാബു പറഞ്ഞു.

ഭാഗം 1: ഇൻഷുറൻസ് ഇല്ലാത്തതിനാൽ കുട്ടിക്കർഷകർക്ക് മാത്രമല്ല നഷ്ടം: 2024ൽ മൃഗസംരക്ഷണ മേഖലയിൽ എന്തൊക്കെ ചെയ്യണം

നാളെ: ചെറുകിടക്കാർ കളംവിടുന്ന ക്ഷീരമേഖല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com