ADVERTISEMENT

ഭക്ഷ്യയെണ്ണ വിപണി ചൂടു പിടിക്കാനുള്ള സാധ്യതകൾക്ക്‌ ശക്തിയേറുന്നു, നാളികേര കർഷകർ കരുതലോടെ നീക്കം നടത്തിയാൽ അനുകൂല തരംഗം സൃഷ്‌ടിക്കാനാവും. വിദേശ പാചകയെണ്ണ ഇറക്കുമതി ചുരുങ്ങി, പിന്നിട്ട രണ്ടു മാസങ്ങളിൽ മുഖ്യ ഉൽപാദകരാജ്യങ്ങളിൽ കയറ്റുമതിക്ക്‌ നേരിട്ട തിരിച്ചടി വരുന്ന അഞ്ചു മാസകാലയളവിൽ രൂക്ഷമാകുമെന്ന സൂചനയാണ്‌ ലഭ്യമാവുന്നത്‌. പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി ചുരുങ്ങുന്നതിന്‌ അനുസൃതമായി അവയുടെ നിരക്ക്‌ ഉയരുമെന്നത്‌ ഏറ്റവും കൂടുതൽ ഗുണകരം വെളിച്ചെണ്ണയ്‌ക്കാവും. 

എൽ‐നിനോ പ്രതിഭാസം കഴിഞ്ഞ വർഷം സൃഷ്‌ടിച്ച വരൾച്ചയുടെ ഫലമായി ഇന്തോനോഷ്യയിൽ പാം എണ്ണക്കുരുക്കളുടെ ഉൽപാദനത്തിൽ വൻ ഇടിവ്‌ സംഭവിക്കുകയാണ്‌. സെപ്‌റ്റംബർ‐ ഒക്‌ടോബർ കാലയളവിൽ വരൾച്ചയ്‌ക്കൊപ്പം പകൽ ചൂടും ഉയർന്നത്‌ പനകളിൽ നിന്നും എണ്ണകുരുകൾ അടർന്ന്‌ വീഴാൻ ഇടയാക്കി. അന്ന്‌ കാലാവസ്ഥയിൽ സംഭവിച്ച മാറ്റത്തിന്റെ പരിണിത ഫലമെന്നോണം പനങ്കുരു ഉൽപാദനം വൻതോതിൽ ഇടിഞ്ഞു. 

ഏപ്രിൽ‐ജൂൺ കാലയളവിൽ വിളവ്‌ ഇനിയും കുറയുമെന്ന ലോക ബാങ്ക്‌ കമോഡിറ്റി വിഭാഗത്തിന്റെ വിലയിരുത്തൽ ഇന്തൊനീഷ്യ പാം കർഷകരെ ആശങ്കയിലാക്കി. സുമാത്ര, കലിമന്തൻ ദ്വീപുകളിൽ എണ്ണക്കുരു ഉൽപാദനം കാലാവസ്ഥ വ്യതിയാനം മൂലം കുറഞ്ഞു. ആഗോള പാം  ഓയിൽ കയറ്റുമതിയുടെ  85  ശതമാനവും ഇന്തോനേഷ്യയിൽനിന്നും മലേഷ്യയിൽനിന്നുമാണ്‌. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളിലെയും കാലാവസ്ഥ വ്യതിയാനം രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ അതേ വേഗത്തിൽ പ്രതിഫലിക്കും. 

പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയിൽ ചെങ്കടലിൽ ഉടലെടുത്ത അനിശ്ചിതത്വങ്ങൾ സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ലഭ്യത ഇന്ത്യൻ വ്യവസായികളിൽ ആശങ്ക പരത്തുന്നുണ്ട്. കപ്പൽ കമ്പനികൾ ചരക്കുകൂലിയിലും ഇൻഷുറൻസ്‌ തുകയിലും വരുത്തിയ ഭീമമായ വർധന ഉൽപ്പന്ന വിലയിൽ പ്രതിഫലിക്കും. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവിൽ പാം ഓയിൽ വാങ്ങികൂട്ടാൻ ഭക്ഷ്യയെണ്ണ ഇറക്കുമതി ലോബി ചരടുവലി തുടങ്ങി. 

ഇതിനിടെ സോയാബീൻ ഓയിലിന്‌ ലഭ്യതക്കുറവ് നേരിട്ട വിവരം പുറത്തുവന്നതോടെ മലേഷ്യൻ മാർക്കറ്റിൽ പാം ഓയിൽ ചൂടുപിടിച്ച്‌ വാരാന്ത്യം അഞ്ച്‌ ആഴ്‌ചകളിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. മലേഷ്യയുടെ പാം ഓയിൽ കയറ്റുമതി ജനുവരി ആദ്യ പത്തു ദിവസങ്ങളിൽ ഒൻപതു ശതമാനം കുറഞ്ഞതായാണ്‌ അവരുടെ ആദ്യ വിലയിരുത്തൽ. 

ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക്‌ അൽപ്പം മെച്ചപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കുന്ന വിവരങ്ങളാണ്‌ വിദേശ നിന്നും പുറത്തുവരുന്നത്‌. പാം ഓയിൽ, സൂര്യകാന്തി എണ്ണ വിലകൾ ഉയർന്നാൽ അതിനൊത്ത്‌ വെളിച്ചെണ്ണ വില ഉയർത്താൻ വൻകിട ചെറുകിട മില്ലുകാർ മത്സരിക്കും. അതേസമയം പ്രതികൂല വാർത്തകൾ ഒന്നിന്‌ പുറകെ ഒന്നായി പ്രവഹിക്കാൻ ഇടയുള്ളതിനാൽ ഉൽപാദകർ വെളിച്ചെണ്ണയിൽ വഴുതി വീഴുമോമെന്ന ആശങ്കയും ഇല്ലാതില്ല. നാഫെഡിന്റെ ഉയർന്ന കൊപ്ര സ്റ്റോക്ക്‌ നിലയും നാളികേര സീസൺ പടിവാതിൽക്കൽ എത്തി നിൽക്കുന്നതും ഭീഷണിയാണ്‌. വ്യവസായിക ഡിമാൻഡ് വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ലെങ്കിൽ സ്ഥിതി സങ്കീർണമാകും.  

ഇറക്കുമതി പാചകയെണ്ണകളുടെ വില ഉയരാനുള്ള സാധ്യതകളെ പിടിച്ചു നിർത്താൻ വാണിജ്യമന്ത്രാലയം സ്വീകരിക്കുന്ന നടപടികളെ ആസ്‌പദമാക്കിയാകും മുന്നിലുള്ള മാസങ്ങളിൽ ഭക്ഷ്യയെണ്ണ വിലനിലവാരം നീങ്ങുക. അടുത്ത മാസം ഇറക്കുമതി എണ്ണകളുടെ ഡ്യൂട്ടിയിൽ ഭേദഗതികൾക്ക്‌ കേന്ദ്രം മുൻകൈയെടുക്കാം. പാം ഓയിൽ ലഭ്യത വരും മാസങ്ങളിൽ ചുരുങ്ങുമെന്ന കാര്യം വ്യക്തമാണ്‌, രാജ്യം പൊതു തിരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കുന്ന അവസരത്തിൽ നാണയപെരുപ്പ നിയന്ത്രണം കൈപിടിയിൽ നിന്നും വഴുതാതിരിക്കാൻ കേന്ദ്രം വജ്രായുദ്ധങ്ങൾ പ്രയോഗിക്കാം. 

Representational image. Image credit: Manorama

തേയില

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും തുലാവർഷം വിടവാങ്ങുന്നു, എൽ‐ലിനോ സൃഷ്‌ടിച്ച ആഘാതത്തിൽ കാലവർഷം ദുർബലമായതിനെ തുടർന്ന്‌ കാർഷിക മേഖലയ്‌ക്ക്‌ നേരിട്ട പ്രതിസന്ധിക്ക്‌ അൽപ്പം അയവു നൽകിയത്‌ തുലാവർഷത്തിന്റെ വരവായിരുന്നു. വരണ്ടുണങ്ങിയ കാർഷികഭൂമിക്ക്‌ തുലാമഴ പകർന്നുനൽകിയ സംഭാവന സംസ്ഥാനത്തിൻറ സമ്പദ്‌ ഘടനയെ വൻ തകർച്ചയിൽ നിന്നാണ്‌ കരകയറ്റിയത്‌. 

മൂന്നു മാസത്തെ സജീവ സാന്നിധ്യത്തിന്‌ ശേഷം മഴമേഘങ്ങൾ വീണ്ടും അകലുന്ന സാഹചര്യത്തിൽ വരണ്ട കാലാവസ്ഥ തോട്ടം മേഖലയെ പിടികൂടും. ഇനി കർഷകരുടെ എല്ലാ പ്രതീക്ഷകളും വേനൽ മഴയിലാണ്‌. ഒക്‌ടോബറിൽ തുടങ്ങി ഡിസംബർ അവസാനം വരെ 27 ശതമാനം അധിക മഴ നമുക്ക്‌ ലഭിച്ചു. അതായത്‌ ഈ കാലയളവിൽ സാധാരണ 492 മില്ലി മീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത്‌ ഇക്കുറി 624 മില്ലി മീറ്റർ ലഭ്യമായി. ഒരു പരിധി വരെ കാർഷിക മേഖലയുടെ ഭാഗത്ത്‌ നിന്നും വീക്ഷിക്കുമ്പോൾ എൽ- ലിനോ പ്രതിഭാസം കാലവർഷ മേഘങ്ങളുടെ പാതയിൽ സൃഷ്‌ടിച്ച മാറ്റം തുലാവർഷത്തിന്റെ വരവിൽ പരിഹരിച്ചു. 

മലയോര മേഖലയിൽ രണ്ടുമാസമായി തുടരുന്ന ശൈത്യത്തിന്‌ അവസാനം കണ്ട്‌ തുടങ്ങുന്നതിനാൽ തേയില ഉൽപാദകരംഗത്ത്‌ വീണ്ടും ഉണർവ്‌ പ്രതീക്ഷിക്കാം. അതിശൈത്യം മൂലം ഇടുക്കിയിലെ പല തോട്ടങ്ങളിലും കഴിഞ്ഞമാസം കൊളുന്തുനുള്ള്‌ തടസപ്പെട്ടു. മഞ്ഞുവീഴ്‌ച്ച അവസാനിച്ചത്‌ തേയില ഉൽപാദനം ഉയർത്തുമെന്നത്‌ തോട്ടം മേഖലയിൽ നവോൻമേഷം പകരും. ആഭ്യന്തര തേയില വിൽപ്പനയിൽ മുന്നിലുള്ള മാസങ്ങളിൽ ഉണർവ്‌ പ്രതീക്ഷിക്കാം. 

അതേസമയം തേയില വിദേശ വ്യാപാര രംഗം അൽപ്പം ആശങ്കയിലാണ്‌. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രൂക്ഷമായ പശ്ചാത്തലത്തിൽ കപ്പൽ കമ്പനികൾ ചരക്ക്‌ കൂലി കുത്തനെ ഉയർത്തുകയാണ്‌. ചെങ്കടലിൽ കപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ മുൻ നിർത്തി ഇൻഷുറൻസ്‌ കമ്പനികൾ സർചാർജ്‌ കൂടി ഏർപ്പെടുത്തിയത്‌ രാജ്യാന്തര തലത്തിൽ ബയ്യർമാരെ പിന്നോക്കം വലിക്കുന്നു. 

ഇന്ത്യൻ തേയില വ്യവസായത്തിന്റെ നട്ടല്ല്‌ വിദേശ വ്യാപാര രംഗമാണ്‌. രാജ്യാന്തര വിപണിയിലെ പുതിയ സംഭവവികാസങ്ങൾ ഇന്ത്യയെ മാത്രമല്ല, ശ്രീലങ്കൻ തേയിലത്തോട്ടങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കും. നാണയത്തിലെ മൂല്യത്തകർച്ചയും തേയില ഉൽപാദനത്തിലെ തിരിച്ചടികളും അവരിൽ വൻ ആഘാതം കഴിഞ്ഞ വർഷം സൃഷ്‌ടിച്ചിരുന്നു. അതിൽ നിന്നും തിരിച്ച്‌ വരവിന്‌ ശ്രമിക്കുന്ന കൊളംമ്പോ പുതിയ സംഭവികാസങ്ങളിൽ കാലിടറുമോയെന്ന ഭീതിയിലാണ്‌ ശ്രീലങ്കൻ കയറ്റുമതി സമൂഹവും. അതേസമയം അവസരം അനുകൂലമാക്കി മാറ്റാൻ കെനിയൻ തേയിലത്തോട്ടങ്ങൾ നീക്കം നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com