ADVERTISEMENT

‘തുഞ്ചന്റെ ചക്കിലെത്ര ആടും’ എന്ന പരിഹാസ ചോദ്യവും ‘അടിയന്റെ ചക്കിൽ നാലും ആറും ആടു’മെന്ന രസികൻ മറുപടിയും ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ കഥ ചെറിയ ക്ലാസിൽ തന്നെ പഠിച്ചവരൊന്നും പക്ഷേ ചക്ക് കണ്ടിട്ടുണ്ടാവില്ല. ‘ചക്കിലാട്ടിയ വെളിച്ചെണ്ണ’ ഇന്നു പലയിടത്തും വിൽപനയ്ക്കുണ്ടെങ്കിലും അതെല്ലാം യന്ത്രച്ചക്കുകളാണ്. കാളയെ ഉപയോഗിച്ച് മരച്ചക്കു പ്രവർത്തിപ്പിച്ച് ഭക്ഷ്യ എണ്ണകൾ ആട്ടിയെടുക്കല്‍ ഇതര സംസ്ഥാനങ്ങളിൽ ഇന്നും കാണാമെങ്കിലും കേരളത്തില്‍  ഇല്ലാതായിട്ടു ദശാബ്ദങ്ങളായി. എന്നാൽ ഒന്നല്ല, 5 മരച്ചക്കുകളുമായി കൃഷിയിൽ പുതിയൊരു വിജയക്കൂട്ട് പരീക്ഷിക്കുകയാണ് കോഴിക്കോട് അത്തോളി നമ്പുക്കുടി വീട്ടില്‍ അക്ഷയ് ബാലകൃഷ്ണൻ. 

നൂറ്റാണ്ടു പഴക്കമുള്ള പശുത്തൊഴുത്തും തലമുറകളായി പശുപരിപാലനവുമുണ്ട് നമ്പുക്കുടി വീട്ടില്‍. അക്ഷയ്‌യുടെ അച്ഛൻ ബാലകൃഷ്ണനാകട്ടെ, വിവിധ ഇനം  നാടൻപശുക്കളുടെ സംരക്ഷണം ദൗത്യമായിത്തന്നെ ഏറ്റെടുത്തിരിക്കുന്നു. ലോകത്തെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച മാണിക്യം എന്ന വെച്ചൂർപ്പശു ഉൾപ്പെടെ നാടനും മറുനാടനുമായി ഒട്ടേറെ ഇനങ്ങള്‍ ഈ ശേഖരത്തിലുണ്ട്. പാലും മറ്റു ഗവ്യങ്ങളും മൂല്യവർധന വരുത്തി വിൽക്കുന്നുമുണ്ട്. ഈ ഫാമിലെ കാളക്കുട്ടികളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിൽനിന്നാണ് നാടൻ ചക്ക് എന്ന ആശയം പിറന്നത്. 

dairy-farm-and-oil-mill-5

കാർഷിക സംസ്കാരത്തിൽ കാളയ്ക്കും മൂല്യമുണ്ടായിരുന്നു. നിലമുഴാനും വണ്ടി വലിക്കാനും ചക്ക് ഉന്താനും അവയെ ഉപയോഗിച്ചിരുന്നു. ആദ്യത്തെ രണ്ടും ഇന്ന് അപ്രായോഗികം. മൂന്നാമത്തേതിൽ പുതിയ സാധ്യത തിരിച്ചറിഞ്ഞെന്ന് അക്ഷയ്. 

നല്ല നാടൻ
മായം ചേർക്കാത്ത, വിഷം പുരളാത്ത ശുദ്ധ ഭക്ഷ്യോൽപന്നങ്ങൾ തേടുന്നവരുടെ എണ്ണം ഇവിടെയും കൂടുകയാണ്. ഭക്ഷ്യ എണ്ണകളുടെ, വിശേഷിച്ചും വെളിച്ചെണ്ണയുടെ കാര്യത്തിൽ  മിക്കവർക്കും ആശങ്കയുണ്ട്. വില കൂടിയാലും ഗുണമേന്മയുള്ളതു മതി എന്നുള്ളവരുടെ എണ്ണവും കൂടുന്നു. അതിനാല്‍, കൺമുന്നിൽ ചക്കിലാട്ടി നൽകുന്ന വെളിച്ചെണ്ണയ്ക്കു വിപണി ഉറപ്പായിരുന്നെന്ന് അക്ഷയ്.

dairy-farm-and-oil-mill-3

ഉപഭോക്താവിനു മുന്നില്‍ യന്ത്രച്ചക്കിൽ ആട്ടിയെടുക്കുന്ന സംരംഭങ്ങളേറെയുണ്ട് നാട്ടില്‍. എന്നാല്‍, ആ വെളിച്ചെണ്ണയെക്കാൾ ഗുണമേന്മയുണ്ട് മരച്ചക്കിൽ ആട്ടിയെടുക്കുന്നതിനെന്ന് അക്ഷയ്. യന്ത്രത്തിൽ ആട്ടുമ്പോൾ എണ്ണ ചൂടാകുമെന്നും അത് ഗുണനിലവാരം കുറയ്ക്കുമെന്നും എല്ലാവർക്കുമറിയാം. അവസാന തുള്ളിയും പിഴിഞ്ഞെടുത്തു കിട്ടുന്ന പിണ്ണാക്ക് വെറും ചണ്ടിയാണ്. കാളയെ ഉപയോഗിച്ചു ചക്ക് ആട്ടുമ്പോള്‍ 10 കിലോ കൊപ്രയിൽനിന്ന് 5 കിലോ വെളിച്ചെണ്ണ മാത്രമേ കിട്ടുകയുള്ളൂ. പിണ്ണാക്കിൽ ശേഷിക്കുന്നുണ്ടാവും. അത് ഈ കാളകൾക്കും പശുക്കൾക്കും തീറ്റയാക്കും. 

കാളച്ചക്കിന്റെ പ്രവർത്തനം പതുക്കെയാണ്. ഒരു മിനിറ്റിൽ 2 തവണയാണ് കാള ചക്കിനെ വലംവയ്ക്കുന്നത്. കാളച്ചക്കിനും യന്ത്രച്ചക്കിനും വേഗത്തില്‍ (revolutions per minute–RPM) അജഗജാന്തരമുണ്ട്. മരച്ചക്കിൽ ഒറ്റത്തവണ 10 കിലോ കൊപ്ര ആട്ടിയെടുക്കാൻ രണ്ടര–മൂന്നു മണിക്കൂർ എടുക്കും. യന്ത്രത്തിലതിനു മിനിറ്റുകൾ മതി. എണ്ണയാട്ടാനുള്ള ചക്കും തിരികോലുമെല്ലാം നിർമിക്കുന്നത് പൂവം എന്ന മരം കൊണ്ടാണ്. പണ്ടു മുതൽ ചക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന പൂവത്തിനുമുണ്ട് ഔഷധഗുണങ്ങള്‍. മരച്ചക്കിൽ കൊപ്ര സാവധാനം അരയുമ്പോൾ മരം എണ്ണ വലിച്ചെടുക്കുകയും പുറത്തു വിടുകയും ചെയ്യുന്നതി നാല്‍ പൂവത്തിന്റെ ഔഷധഗുണം എണ്ണയില്‍ കലരും. അരയുമ്പോൾ ചക്കിന്റെ കുഴിയിലേക്ക് കൊപ്ര നീക്കിയിട്ടു കൊടുക്കുന്നതല്ലാതെ ഒരു ഘട്ടത്തിലും മനുഷ്യസ്പർശമില്ല. ഇത്തരം ചക്കുകളിൽ എണ്ണ തുണി മുക്കി പിഴിഞ്ഞെടുക്കുന്നതായിരുന്നു പരമ്പരാഗതരീതിയെങ്കിൽ ഇവിടെ ചക്കിൽ ഘടിപ്പിച്ച ടാപ്പിലൂടെ എണ്ണ പാത്രത്തിലെത്തുകയാണ്. 

dairy-farm-and-oil-mill-4

കാളച്ചക്കില്‍ ദിവസം ശരാശരി 60 കിലോ കൊപ്രയാണ് ആട്ടുക. 30 കിലോ വെളിച്ചെണ്ണ ലഭിക്കും. തീർത്തും പരമ്പരാഗത രീതിയിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്കു വിലയേറും. കിലോ 400 രൂപയ്ക്കാണ് അക്ഷയ് എണ്ണ വിൽക്കുന്നത്. അധ്യാപകനായ അക്ഷയ് കാർഷിക സംരംഭത്തോടുള്ള ആവേശം കൊണ്ട് ആരംഭിച്ച ഈ ചക്കുപുരയിൽ വെളിച്ചെണ്ണ മാത്രമല്ല, കടുക്, കടല, എള്ള് എന്നിവയും ആട്ടി വിൽക്കുന്നുണ്ട്. അത്തോളിക്കു പുറമേ, ബാലുശ്ശേരിയിൽലുമുണ്ട് ചക്കുപുര. ഇവിടെ, കണ്ടെയ്നർകൊണ്ടു മനോഹരമായി നിർമിച്ച ഔട്‌ലെറ്റ് വഴി ഭക്ഷ്യ എണ്ണകളുടെയും ഡെയറി ഫാം ഉൽപണങ്ങളുടെയും വിൽപനയു മുണ്ട്.

അക്ഷയ്
അക്ഷയ്

ശമ്പളം വാങ്ങുന്ന കാളകൾ
കാളകൾ ഇവിടെ ശമ്പളത്തോടെയാണ് പണിയെടുക്കുന്നത്. ഒരു കാളയ്ക്ക് ദിവസം 2 ഷിഫ്റ്റിലായി 6 മണിക്കൂറാണ് ഡ്യൂട്ടി. രാവിലെ 3 മണിക്കൂർ ഷിഫ്റ്റിനുശേഷം വിശ്രമം. ‌ഈ സമയം മറ്റൊരു കാള ഡ്യൂട്ടിക്കു കയറും. വിശ്രമശേഷം അടുത്ത ഷിഫ്റ്റ്. 6 മണിക്കൂർ പണിയുന്നതിനു ദിവസം 1000 രൂപ കൂലി കണക്കാക്കാമെന്ന് അക്ഷയ്. ചുരുങ്ങിയത് 12 വയസ്സുവരെ പണിയെടുപ്പിക്കാം. ശമ്പളം കാളയുടെ പേരിൽ അക്കൗണ്ടിലിടുന്നില്ലെങ്കിലും അങ്ങനെ കണക്കു കൂട്ടി നല്ല തീറ്റയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കുന്നു. ജോലിയിൽനിന്നു വിരമിച്ചാൽ സുഖകരമായ വിശ്രമജീവിതവും.

അരോഗദൃഢഗാത്രരായ കാങ്ക്റേജ്, കാങ്കേയം ഇനം നാടൻകാളകളെ നിശ്ചിത ദിവസത്തെ പരിശീലന ത്തിനുശേഷമാണ് ചക്കുന്താന്‍ നിയോഗിക്കുന്നത്. ഒന്നാന്തരം പച്ചപ്പുല്ലും ആട്ടിയെടത്ത പിണ്ണാക്കുമാണ് തീറ്റ. ആരോഗ്യപാലനത്തിനായി ദിവസവും ശരീരം ഉഴിഞ്ഞു കുളിപ്പിക്കുന്നു.

ഫോൺ: 8714338088

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT