ADVERTISEMENT

അവധിക്കാലമാണ്. ‘‘എവിടെ പോകണം ?’’ എന്ന ചർച്ചയാണ് നാട്ടിലും വീട്ടിലും. റൈഡുകളിൽ തലകുത്തി മറിയുന്നതിനും വെള്ളത്തിൽ തിമിർക്കുന്നതിനും അപ്പുറം അർഥപൂർണമായും ശാന്തസുന്ദരമായും ഒരു അവധി ദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാംഗോ മെഡോസിലേക്കു സ്വാഗതം. ലോകത്താദ്യമായി കൃഷി പ്രമേയമാക്കിയ ഉല്ലാസകേന്ദ്രമാണിത്. ഉടമയും സംവിധായകനുമായ എൻ.കെ.കുര്യൻ നാനാദിക്കുകളിൽനിന്നു കൊണ്ടുവന്നു നട്ടുവളർത്തിയ സസ്യജാലമാണ് ഹൈലൈറ്റ്. വിനോദത്തിനൊപ്പം പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനും ആസ്വദിക്കാനുമുള്ള അപൂര്‍വ വേദിയാണിത്. ഉല്ലാസത്തിനൊപ്പം അറിവും പകരുന്ന ഇൻഫോടെയിൻമെന്റാണ് മാംഗോ മെഡോസ് എന്നു കുര്യൻ. 

mango-meadows-10

സാഹിത്യത്തിലെ വൃക്ഷങ്ങള്‍

മലയാള സാഹിത്യത്തിലെ താരശോഭയുള്ള മരങ്ങൾ ഏതൊക്കെ? ബഷീറിന്റെ മാങ്കോസ്റ്റിനും മാധവിക്കുട്ടിയുടെ നീർമാതളവുമൊക്കെയല്ലേ? നിങ്ങളുടെ മകൾ ‘നീർമാതളം പൂത്ത കാലം’ വായിച്ചിട്ടുണ്ടാകാം, പക്ഷേ, നീർമാതളം കണ്ടാൽ തിരിച്ചറിയണമെന്നില്ല. മാംഗോ മെഡോസിൽ ഇവയെല്ലാം നട്ടുവളർത്തിയിട്ടുണ്ടെന്നു മാത്രമല്ല, ഓരോന്നിന്റെയും  സവിശേഷതകൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ പരിശീലനം ലഭിച്ച ഗൈഡ് പറഞ്ഞു തരും. നൂറോളം യുവതികളാണ് ഇവിടെ ഗൈഡുകളായി ജോലി ചെയ്യുന്നത്. 

mango-meadows-7

ആദിമനുഷ്യനായ ആദത്തിന്റെയും ജീവിതപങ്കാളിയായ ഹൗവയുടെയും പ്രതിമകളുള്ള ഏദൻ തോട്ടം വിദേശ ഇനങ്ങൾ ഉൾപ്പെടെ ഫലവർഗങ്ങളുടെ അപൂര്‍വശേഖരമാണ്. ഓരോന്നിന്റെയും ശാസ്ത്രനാമവും ഉപയോഗവും അവയ്ക്കു പിന്നിലെ കഥകളുമൊക്കെ ഗൈഡ് പറഞ്ഞു തരും. പാഴ്മരമെന്നു നാം വിളിക്കുന്ന മരങ്ങൾക്കും ഉപയോഗമുണ്ടെന്നതിന് ഇവിടെ ഉദാഹരണങ്ങളേറെ. ബുദ്ധസന്യാസിമാർ ഭിക്ഷാപാത്രമായി ഉപയോഗിച്ചിരുന്ന കാലാബാഷ്, തോലെടുത്തു വസ്ത്രമാക്കിയ മരവുരി, വസ്ത്രം അലക്കാൻ ഉപയോഗിച്ചിരുന്ന സോപ്പിൻകായ... എന്നിവയെല്ലാം പരിചയപ്പെടാം.  

mango-meadows-9

ബഹുവിള പുരയിടക്കൃഷി

ഔഷധച്ചെടികളും കാർഷികവിളകളും മരങ്ങളും നിറഞ്ഞ പുരയിടങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിന്റെ ഐശ്വര്യമായിരുന്നു. തെങ്ങും ജാതിയും കൊക്കോയും വിവിധ ഇനം വാഴയും പ്ലാവും മാവും മുരിക്കും മുരിങ്ങയുമൊക്കെ നിറഞ്ഞ പുരയിടം മക്കളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവര്‍ക്കു മാംഗോ മെഡോസിലേക്കു വരാം. കുറുന്തോട്ടിയും ദശപുഷ്പവും വഴനയിലയും ചൂണ്ടപ്പനയുമൊക്കെ എന്താണെന്നും എന്തിനായിരുന്നുവെന്നുമൊക്കെ വിശദീകരിച്ച് ഒരു ദിവസം മുഴുവന്‍ ചുറ്റിനടക്കാം. നാടൻവിളകളും വൃക്ഷങ്ങളും മാത്രമല്ല, അവയോടു ചേർന്നുണ്ടായ കഥകളും ആചാരങ്ങളും ഉൾപ്പെടുന്ന കാർഷിക സംസ്കാരവും അടുത്തറിയാം. ചികിരി പിരിച്ചു കയറുണ്ടാക്കുന്ന സ്ത്രീകളുടെയും കളിമൺപാത്രങ്ങളുണ്ടാക്കുന്ന കലാകാരന്റെയും കരവിരുത് ലൈവ് ആയി കാണാനും അവസരമുണ്ട്.

വാച്ച് ടവറിൽനിന്നുള്ള ദൃശ്യം
വാച്ച് ടവറിൽനിന്നുള്ള ദൃശ്യം

ചൂണ്ടയിടാം, മീനൂട്ടാം

‘‘മാവും പ്ലാവും റംബുട്ടാനും മാങ്കോസ്റ്റിനും മാത്രമറിയുകയും അറിയാത്ത മറ്റെല്ലാറ്റിനെയും പാഴ്മരമെന്നു വിളിക്കുകയും ചെയ്യുന്ന പുതു തലമുറയാണ് തന്റെ ടാർഗറ്റ് ഗ്രൂപ്പ്’’ എന്നു കുര്യൻ ഇവിടെ എഴുതിവച്ചിരിക്കുന്നത് വെറുതെയല്ല. സസ്യങ്ങൾ മാത്രമല്ല പശു, എരുമ കോഴി, താറാവ്, ഗൂസ് എന്നിങ്ങനെ വിപുലമായ മൃഗസമ്പത്തും ഇവിടെയുണ്ട്. പശുവിനെ കറക്കുന്നതും താറാവ് നീന്തുന്നതും കോഴി മുട്ടയിടുന്നതുമൊക്കെ നേരിട്ടു കാണാം.

mango-meadows-8

മറ്റൊരിടത്തുമില്ലാത്ത ആക്റ്റിവിറ്റികള്‍ മാംഗോ മെഡോസിനെ മറ്റു വിനോദകേന്ദ്രങ്ങളില്‍നിന്നു വേറിട്ടതാക്കുന്നു. പുരാണകാലം മുതൽ പുണ്യപ്രവൃത്തിയായി കാണുന്ന മീനൂട്ടാണ് അവയിലൊന്ന്. 64 ഇനം മത്സ്യങ്ങളാണ് പാർക്കിന്റെ ഐക്കൺ എന്നു വിശേഷിപ്പിക്കാവുന്ന മീനൂട്ടു പാലത്തിനു കീഴി‌ൽ വളരുന്നത്. നാടൻപാട്ടുകൾ ആസ്വദിച്ച്, മീനുകൾക്കു തീറ്റ നൽകി ഒരു സായാഹ്നം മറക്കാനാവാത്ത അനുഭവമാകും. സൈക്കിൾ, ഗോകാർട്ട്, കുതിരവണ്ടി, കുട്ടവഞ്ചി, പെഡൽ ബോട്ട്, ഷിക്കാര, ചൂണ്ടയിടൽ, പക്ഷിനിരീക്ഷണം എന്നിങ്ങനെ നീളുന്നു  വിനോദോപാധികൾ. 3 നീന്തൽകുളങ്ങളുമുണ്ട്. വിവിധ ആശയങ്ങൾ ആവിഷ്കരിച്ച ശില്‍പങ്ങള്‍ മറ്റൊരു ആകര്‍ഷണം. കൂറ്റൻ പരശുരാമ പ്രതിമ മുതൽ ബൈബിൾ ശില്‍പം വരെയുണ്ട് ഇക്കൂട്ടത്തില്‍. 

mango-meadows-5

നാലുകെട്ടില്‍ താമസിക്കാം

കൃഷി, സംസ്കാരം, ജൈവവൈവിധ്യ മേഖലകളിൽ പെരുമ നേടിയ മഹാന്മാരുടെ പേരുകളിലാണ് ടൈൽ പാകി മനോഹരമാക്കിയ റോഡുകൾ. ഓരോ റോഡിന്റെയും അരികില്‍ ബന്ധപ്പെട്ട മഹദ് വ്യക്തിയുടെ ജീവചരിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. പകൽ സന്ദർശനം മാത്രം അനുവദിക്കുന്ന ഡേ പാക്കേജും രാത്രിവാസം കൂടി ഉൾപ്പെട്ട സ്റ്റേ പാക്കേജും ഇവിടെയുണ്ട്. സ്റ്റാര്‍ കോട്ടേജുകളാണ് രാത്രിവാസത്തിന് ഒരുക്കിയിരിക്കുന്നത്. വിശാലമായ കുളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന പൂൾകോട്ടേജുകളിലെ കട്ടിലിൽ കിടന്നുകൊണ്ടുപോലും മീനൂട്ട് നടത്താം. ഗുഹാമാതൃകയിലുളള കോട്ടജുകളും വില്ലാ കോട്ടേജുകളും കൂട്ടുകുടുംബങ്ങൾക്കായുളള നാലുകെട്ടുമൊക്കെ തയാര്‍.  പകൽ സമയം ചെലവഴിക്കാനെത്തുന്ന ഗ്രൂപ്പുകൾക്കായി ഡോർമിറ്ററിയുമുണ്ട്.

mango-meadows-6

കുടുംബസ‍ഞ്ചാരികൾ, വിശേഷിച്ച് കുട്ടികളാണു തുടക്കകാലത്ത് കൂടുതലെത്തിയിരുന്നത്. പഠന താൽപര്യത്തോടെ സ്കൂൾ കുട്ടികൾ മുതൽ ഗവേഷണ വിദ്യാർഥികൾവരെ ഇവിടെയെത്തുന്നു. മഹാത്മാഗാന്ധി സർവകലാശാല ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ, ഗവേഷണകേന്ദ്രങ്ങളിൽ സെമിനാറുകൾക്കും മറ്റുമെത്തുന്ന അതിഥികളുടെ ഇന്റലക്ച്വൽ ഡെസ്റ്റിനേഷന്‍ കൂടിയാണ്  മാംഗോ മെഡോസ്. 

mango-meadows-4

ഏകാന്തതയുടെ അപാരത

സാധാരണ തീം പാർക്കുകളെ അപേക്ഷിച്ച് വയോജനങ്ങൾക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമൊക്കെ ഏറ്റവും യോജിച്ച ഉല്ലാസകേന്ദ്രമാണിതെന്നു കുര്യൻ ചൂണ്ടിക്കാട്ടുന്നു. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ മുതിർന്ന പൗരന്മാർ വീണ്ടും വീണ്ടും ഇവിടെയെത്തുന്നു. ഓർമകൾ അയവിറക്കി പകൽ മുഴുവൻ പാർക്കിലൂടെ നടക്കുകയും മരച്ചുവട്ടിൽ കിടന്നു വിശ്രമിക്കുന്നതുമൊക്കെയാണ് അവരുടെ സന്തോഷം. ഒട്ടേറെ റിട്ടയർമെന്റ് ഹോമുകളിലെ അന്തേവാസികൾക്കിപ്പോള്‍ മാംഗോ മെഡോസാണ് ഇഷ്ട ഡെസ്റ്റിനേഷൻ. 

mango-meadows-3

നാട്ടുകാർക്ക് കാണാനും ആനന്ദിക്കാനും അറിവു നേടാനും നോഹയുടെ പെട്ടകം പോലൊരു ജൈവ വൈവിധ്യ ശേഖരമൊരുക്കിയതിന്, ചതുപ്പായി കിടന്ന സ്ഥലത്ത് ഹിമാലയത്തിലെ വൃക്ഷങ്ങൾപോലും വളർത്തിയെടുത്തതിന്, കൃഷി മുഖ്യ പ്രമേയമായി ലോകത്ത് ആദ്യത്തെ പാർക്ക് ഉണ്ടാക്കിയതിന് ഒട്ടേറെ പുരസ്കാരങ്ങള്‍ കുര്യൻ എന്ന എൻജിനീയറെ തേടിയെത്തി. ഏറ്റവുമൊടുവിൽ ലഭിച്ചത് ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ അംഗീകാരം. 

ഫോൺ:  90725 80508, 90725 80509, 90725 80510, 90725 80511

mango-meadows-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com