ADVERTISEMENT

ആലപ്പുഴ ജില്ലയിൽ കുട്ടനാടൻ മേഖലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിൽ H5 N1 പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടർന്ന് സാംപിളുകൾ മൃഗസംരക്ഷണവകുപ്പ് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കള്ളിങ് (Culling) അഥവാ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കൽ, മോപ്പിങ് (Mopping) അഥവാ ആദ്യ ഘട്ടത്തിൽ നടത്തിയ കള്ളിങ്ങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലൽ, കോമ്പീങ് (Combing) അഥവാ ഉടമസ്ഥർ ഒളിപ്പിച്ചതും മറ്റിടങ്ങളിലേക്ക് കടത്തിയതുമായ പക്ഷികളെ കണ്ടുപിടിച്ച് നശിപ്പിക്കൽ തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങളാണ് രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ (എപ്പിസെന്റർ ) പരിധിയിൽ സംസ്ഥാനമൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടപ്പിലാക്കുന്നത്. പക്ഷിപ്പനി മറ്റിടങ്ങളിലേക്ക്   പടർന്നുപിടിച്ചാൽ  സംസ്ഥാനത്തെ പക്ഷിവളർത്തൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലും മനുഷ്യനെ ബാധിച്ചാൽ ജീവാപായശേഷി 60 ശതമാനം വരെ ജന്തുജന്യരോഗമായതിനാലുമാണ് ഇത്രയും വിപുലമായ പ്രതിരോധ പ്രവർത്തങ്ങൾ സർക്കാർ പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നത് .

bird-flu-alappuzha

രോഗമേഖലയില്‍ വളര്‍ത്തുപക്ഷികളെ മുഴുവനും കൊന്നൊടുക്കുന്നത് എന്തുകൊണ്ട്?

രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയെല്ലാം പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണുമലിനമായ ജലകണികകൾ, തൂവൽ, പൊടിപടലങ്ങൾ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠത്തില്‍ വന്നിരിക്കുന്ന ചിലയിനം ഈച്ചകള്‍ക്കും മറ്റു പക്ഷികളിലേക്ക‌ു രോഗം പടര്‍ത്താന്‍ കഴിയും. ഇന്‍ഫ്ളുവന്‍സ വൈറസ് ഗ്രൂപ്പിലെ H5 H7 ഉപഗണത്തില്‍പ്പെട്ട വൈറസുകളാണ് പക്ഷികളില്‍ ഏറ്റവും മാരകം. വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്റെ നിത്യവാഹകരായി മാറാനും ഇടയുണ്ടെന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്. അതോടെ രോഗനിയന്ത്രണം സങ്കീര്‍ണമാവും. മാത്രമല്ല പരോക്ഷമായി ഏതെങ്കിലും രീതിയിൽ  വൈറസ് രോഗമേഖലയിൽ നിന്നും പുറത്തേക്ക് വ്യാപിച്ചാൽ നിയന്ത്രണം അതീവ ദുഷ്കരമാവും, മാത്രമല്ല സംസ്ഥാനത്തിന്റെ പക്ഷിവളർത്തൽ മേഖലയുടെ തന്നെ നടുവൊടിയുകയും ചെയ്യും.

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും പന്നിയടക്കമുള്ള സസ്തനിമൃഗങ്ങളിലേക്കും പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്. മനുഷ്യരില്‍ രോഗബാധയേറ്റാല്‍ 60 ശതമാനം വരെ മരണസാധ്യതയുള്ള H5 N1 ഗണത്തില്‍പ്പെട്ട വൈറസുകളാണ് ഇപ്പോൾ പക്ഷിപ്പനിക്ക് കാരണമായത് എന്നതും വേഗത്തിലുള്ള രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നത് ഓര്‍മപ്പെടുത്തുന്നു. വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരിലേക്കും രോഗബാധയേറ്റവരില്‍ നിന്ന് മറ്റുള്ളവരിലേക്കും വളരെ വേഗത്തില്‍ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് സാർസ് കോവ് 2 /  കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി (പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.  

ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്കരിക്കുക  എന്നത് അതീവപ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല, പക്ഷിപ്പനി ഒരു ആഗോള പകര്‍ച്ചവ്യാധിയായതിനാല്‍ ഇതു സംബന്ധിച്ച് കൃത്യമായ നിയന്ത്രണചട്ടങ്ങളും മാര്‍ഗ്ഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമാണ് എന്നതും മനസിലാക്കുക. ഈ രോഗനിയന്ത്രണ നടപടികള്‍ സത്വരമായി നടപ്പിലാക്കാന്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ ബാധ്യസ്ഥവുമാണ്. ലോകത്ത് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിലെല്ലാം  സ്വീകരിച്ച പ്രധാന പ്രതിരോധനടപടി രോഗസാധ്യതയുള്ള പക്ഷികളെയെല്ലാം കൊന്ന് സംസ്കരിക്കുക എന്നതാണ്. 

2016ൽ കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് സംഘം (ഫയൽ ചിത്രം: മനോരമ)
2016ൽ കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് സംഘം (ഫയൽ ചിത്രം: മനോരമ)

മനുഷ്യരില്‍ പക്ഷിപ്പനി  രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത എത്രത്തോളമുണ്ട്?

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ സങ്കീർണമായ ജനിതക മാറ്റങ്ങൾ സംഭവിച്ച് പക്ഷികളില്‍നിന്ന് മനുഷ്യരിലേക്കു പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും, രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ  മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ കൈകാര്യം ചെയ്യുന്നതു വഴിയുമെല്ലാം മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്കു പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. H5N1, H7N9, H7N7, H9N2 തുടങ്ങിയ  ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്കു പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

എന്നാല്‍, കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നത് മറ്റൊരു വസ്തുത. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വമാണ്. മനുഷ്യരിലേക്കുള്ള പകര്‍ച്ച നിരക്കും വ്യാപന നിരക്കും തുലോം കുറവാണെങ്കിലും  രോഗബാധയേറ്റവരില്‍ മരണനിരക്ക് 60 ശതമാനം വരെയാണ്. മനുഷ്യരിലേക്ക് പകര്‍ന്നതായും 60 ശതമാനം വരെ മരണസാധ്യതയുള്ളതായും  മുമ്പ് സ്വീകരിച്ചിട്ടുള്ള H5N1 ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെയാണ്  ഇപ്പോള്‍  കണ്ടെത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല മനുഷ്യരില്‍  കടന്നുകൂടിയാല്‍ പക്ഷിപ്പനി വൈറസുകള്‍ക്ക് രോഗതീവ്രത ഉയരുന്ന രീതിയിലുള്ള ജനിതപരിവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും ഉണ്ട്.

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ ?

മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട. കാരണം 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം  വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ  ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. നന്നായി വെന്താല്‍ കോഴിയിറച്ചിയുടെ പിങ്ക് നിറം മാറും. പച്ചമുട്ടയും, പാതിവെന്ത ഇറച്ചിയും, മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുൻകരുതൽ എന്ന നിലയിൽ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗമേഖലയില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കം ഉണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗമേഖലകളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം. രോഗമേഖലയിൽ പക്ഷിവിപണനത്തിന്‌ സർക്കാർ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് . മറ്റ് പ്രദേശങ്ങളില്‍  നിന്നുള്ള  ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നത് ആരോഗ്യസുരക്ഷിതമാണ്. അതുകൊണ്ട് കോഴിയെക്കുറിച്ചോർത്ത് യാതൊരു തരത്തിലുള്ള ഭീതിയും വേണ്ട. രോഗബാധയേറ്റ പക്ഷികളിൽ നിന്നുള്ള  മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും ഒന്നും തന്നെ പക്ഷിപ്പനി വൈറസ് ബാധയില്‍ നിന്നും മുക്തമല്ല. ഫ്രിജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും  വൈറസിന് പോറലുകളൊന്നുമേല്‍ക്കില്ല. നാലു ഡിഗ്രി താപനിലയില്‍ ഒരു മാസത്തിലധികവും, 32 ഡിഗ്രി താപനിലയില്‍ ഒരാഴ്ചയോളം നിലനില്‍ക്കാന്‍ പക്ഷിപ്പനി വൈറസിന് ശേഷിയുണ്ട്. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ്  മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടുണ്ടെങ്കില്‍ സോപ്പ് ഉപയോഗിച്ച് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കണം.

പക്ഷികളിൽ പ്രതിരോധ വാക്സിനുകൾ ഉണ്ടോ ?

പക്ഷിപ്പനി രോഗത്തിന് കാരണമാവുന്ന ഓർത്തോമിക്സോ വൈറസ് കുടുംബത്തിലെ എവിയൻ ഇന്ഫ്ലുവെൻസ എ വൈറസുകൾ നിരവധി ഉപവിഭാഗങ്ങൾ ഉണ്ട് . ഇവയിൽ തീവ്രത കൂടിയ രോഗമുണ്ടാക്കുന്നവയും തീവ്രത കുറഞ്ഞ രോഗമുണ്ടാക്കുന്നവയും ഉണ്ട് .  ഇന്ത്യയിൽ ഉൾപ്പെടെ പലരാജ്യങ്ങളിലും എവിയൻ ഇന്ഫ്ലുവെൻസ എ വൈറസുകളെ തടയാൻ വേണ്ടിയുള്ള  അനേകം തരം വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാഷ്ട്രങ്ങളുമെല്ലാം വാക്സിനേഷൻ സാധാരണയാണെങ്കിലും ഇന്ത്യയിൽ അധികം പ്രചാരത്തിൽ ആയിട്ടില്ല. മറ്റു വൈറസ് ഇനങ്ങളെ അപേക്ഷിച്ച് നിരന്തരം ജനിതകമാറ്റങ്ങൾ (ആന്റിജനിക് ഡ്രിഫ്ട്)  സംഭവിക്കുന്നവയാണ് ഏവിയൻ ഇന്ഫ്ലുവെൻസ വൈറസുകൾ. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഗണത്തിൽപ്പെട്ട ഏവിയൻ ഇന്ഫ്ലുവെൻസ വൈറസിനെതിരെ വാക്സീൻ വികസിപ്പിച്ചെടുത്താലും പിന്നീട് സംഭവിക്കുന്ന രോഗാണുബാധകൾക്കെതിരെ പൂർണ ഫലപ്രപ്രാപ്തി ഉറപ്പുവരുത്താൻ സാധിക്കണമെന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com