ADVERTISEMENT

വിജയം ഭാസ്കർ, വയസ്സ് 69. ഭർത്താവ് സർക്കാർ സർവീസിൽ നിന്നു റിട്ടയർ ചെയ്ത ശേഷം ഒരു പൊതുമേഖലാ സ്ഥാപനത്തിൽ കുറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ശേഷമാണു ഭാസ്കരൻ നായർ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം എന്ന ആശയം ഏറ്റെടുത്തത്.

നടുവിനു പലതവണ ശസ്ത്രക്രിയയ്ക്കു വിധേയ ആയ ശേഷം വിശ്രമജീവിതത്തിലായിരുന്നു വിജയം. എന്നാൽ, കഴിഞ്ഞ 10 വർഷമായി സ്വന്തം ആവശ്യത്തിനു ജൈവപച്ചക്കറി ഉൽപാദിപ്പിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. സ്വന്തമായി വളവും നിർമിക്കുന്നു. പച്ചക്കറിക്കൃഷി ചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വിത്ത് സൗജന്യമായി നൽകുന്നു. ഇന്ന് തിരുവനന്തപുരം അരുവിക്കരയിലെ ‘ഹരിത ദമ്പതികൾ’ ആണ് ഇവർ.

കൃഷി അനുഭവങ്ങളുടെ വെളിച്ചത്തിൽ അടുക്കളത്തോട്ടമൊരുക്കാൻ ചില നുറുങ്ങുകൾ ഇവരുടെ പക്കലുണ്ട്. അവയിൽ ചിലത് ഇതാ:

1. മണ്ണ്, കുമ്മായമിട്ട് ഒരു മാസം പരുവപ്പെടുത്തിയ ശേഷം, പച്ചച്ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ ചേർത്ത് നടീൽ മാധ്യമം തയാറാക്കാം.

2. നടീൽ മാധ്യമത്തിനായി മണ്ണു പരുവപ്പെടുത്തുമ്പോൾ തന്നെ വിത്തു പാകാനുള്ള കൂട്ട്, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ് ചാണകപ്പൊടി എന്നിവ ചേർത്തു തയാറാക്കണം. വിത്തു പാകി ഒരു മാസം കഴിഞ്ഞ് നടീൽ മാധ്യമം തയാറാക്കുമ്പോൾ നടാനുള്ള തൈയും റെഡിയാകും.

3. പാവൽ, പടവലം എന്നിവ നടുന്നതിനു ബേസിനുകളാണ് അനുയോജ്യം. വേരു പടർന്നു നല്ല വിളവു ലഭിക്കാൻ സഹായിക്കും.

4. പാവൽ പന്തലിൽ കയറുന്നതു വരെ വള്ളിയിലെ ഇലകൾ വെട്ടി മാറ്റി, വള്ളി മാത്രം കയറാൻ അനുവദിക്കണം പന്തലിൽ ഇല വിരിച്ചു പടർന്നു കഴിഞ്ഞാൽ തലപ്പു നുള്ളി നന്നായി വളം ചെയ്യുന്നതു കായ്ഫലം കൂട്ടാൻ സഹായിക്കും.

5. പച്ചക്കറി വിളകളുടെ താഴത്തെ ഇല മണ്ണിൽ മുട്ടിക്കിടക്കരുത്. 

6. പടരുന്ന വിളകൾക്ക് ടെറസിന്റെ സൺഷേഡിന് അരികിലായി ജിഐ പൈപ്പുകൾ നാട്ടി പടരാൻ സൗകര്യമൊരുക്കാം.

7. കായ് പിടിക്കുന്നതുവരെ ആഴ്ചയിൽ ഒരു പ്രാവശ്യവും കായ് വന്നു കഴിഞ്ഞാൽ രണ്ടും മൂന്നും പ്രാവശ്യവും വളം നൽകാം.

8. ബയോഗ്യാസ് സ്ലറി, പച്ചച്ചാണകവും കടലപ്പിണ്ണാക്കും ശർക്കര ചേർത്തു പുളിപ്പിച്ചത്, ഉള്ളിത്തോടോ കടലപ്പിണ്ണാക്കോ ചേർത്തു പുളിപ്പിച്ച് കഞ്ഞിവെള്ളം, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ് എന്നിവ മികച്ച ജൈവവളങ്ങളാണ്.

9. പച്ചക്കറി അവശിഷ്ടം നുറുക്കിയതു ബയോഗ്യാസ് സ്ലറിയിലോ, കഞ്ഞിവെള്ളത്തിലോ ശർക്കര ചേർത്തു പുളിപ്പിക്കണം. 2-3 ദിവസം കഴിഞ്ഞ് അരിച്ചെടുത്തു നേർപ്പിച്ച് ചുവട്ടിലൊഴിക്കാം. ഇതു ചായ അരിപ്പയിൽ അരിച്ചെടുത്തു ചെടികൾക്കു സ്പ്രേ ചെയ്യാം.

10. ഫിഷ് അമിനോ ആസിഡ് ഇലകളിൽ തളിക്കാൻ പാടില്ല. സ്പ്രേ ചെയ്യുകയാണു വേണ്ടത്. ചുവട്ടിലൊഴിക്കാൻ ഒരു കപ്പ് ഫിഷ് അമിനോയ്ക്ക് 30 കപ്പ് വെള്ളം ചേർക്കണം. സ്പ്രേ ചെയ്യാൻ ഒരു കപ്പിന് 35 കപ്പ് വെള്ളം ചേർത്ത് അരിച്ചെടുക്കണം.

11. എഗ് അമിനോ ആസിഡ് ചുവട്ടിൽ ഒഴിക്കാനേ പാടില്ല. നേർപ്പിച്ചു ചെയ്താൽ പൂക്കളും കായ്‌ഫലവും കൂടും.

12. പച്ചക്കറി വേസ്റ്റിനോടൊപ്പം അഴുകിയ ഇല, മണ്ണ്, ശർക്കര, തൈര് എന്നിവ ചേർത്ത് ഇളക്കി 25 ദിവസം വയ്ക്കും. ഒട്ടും ദുർഗന്ധമില്ലാത്ത കമ്പോസ്റ്റ് ഇങ്ങനെ ഉണ്ടാക്കാം. ഉപയോഗശൂന്യമായ വാഷിങ് മെഷീൻ, ഫ്രിഡ്ജ് കേസുകൾ ഇതിനായി ഉപയോഗിക്കാം.

13. പൂക്കൾ വന്നു തുടങ്ങുമ്പോൾ പുളിച്ച തൈര്, എഗ് അമിനോ എന്നിവ തളിച്ചു കൊടുക്കുന്നതു പൂക്കളുടെ എണ്ണം വർധിപ്പിക്കും.

14. നേർപ്പിച്ച വെളുത്തുള്ളി-കാന്താരി മുളകു മിശ്രിതം, ഫിഷ് അമിനോ, ഗോമൂത്രം സ്പ്രേ തുടങ്ങിയ ജൈവ കീടനാശിനികൾ തളിക്കുന്നതും മട്ടുപ്പാവു

തോട്ടത്തിന്റെ അരികുകളിൽ ചുറ്റും ബന്ദി പൂക്കൾ നട്ടുപിടിപ്പിക്കുന്നതും കീടാക്രമണം തടയും.

15. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ ചെടികളുടെ ചുവട്ടിൽ നൽകാം.

16. കഞ്ഞിവെള്ളത്തിൽ ഉള്ളിത്തോടും ശർക്കരയും 5-6 ദിവസം പുളിപ്പിച്ചു ചേർക്കുന്നതു പച്ചമുളകിന്റെ കായ്ഫലം കൂട്ടും.

17. തത്തകൾ പയർ കൊത്താതിരിക്കാൻ ആദ്യഘട്ടങ്ങളിൽ കവർ കൊണ്ടു മൂടണം.

18. പാവലിന് കായീച്ച ശല്യം ഒഴിവാക്കാൻ പേപ്പർ പൊതികൾ ഇട്ടുകൊടുക്കാം.

19. ഒരു ചെടിക്ക് ആവശ്യമായ വെള്ളം മാത്രം ഒഴിക്കുക.

20. പയറിന്റെ മുഞ്ഞ ശല്യം ഒഴിവാക്കാൻ 23 ഇലപ്പരുവം കഴിയുമ്പോൾ പുളിച്ച കഞ്ഞിവെള്ളത്തിൽ ചാരം കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. ഇലകളിൽ തളിച്ചു കൊടുക്കാം. വളർന്നു മുകളിൽ കയറുന്നതു വരെ ഇതു തുടരും. തുടർന്നു ഫിഷ് അമിനോ, ഗോമൂത്ര നടത്തിയാൽ മുഞ്ഞയെ തുരുത്താം.

കൃഷി നല്ലത്; പക്ഷേ മട്ടുപ്പാവ് കേടാകരുത്

ആദ്യം വാക്വം ക്ലീനർ കൊണ്ട് ടെറസ് നല്ലവണ്ണം വൃത്തിയാക്കണം. ശേഷം നല്ലയിനം വാട്ടർ പ്രൂഫിങ് കെമിക്കൽ തറയിൽ നല്ലവണ്ണം തേച്ചുപിടിപ്പിക്കണം. വാട്ടർ പ്രൂഫിങ് കെമിക്കലും വൈറ്റ് സിമന്റും തുല്യ അനുപാതത്തിൽ ചേർത്ത് തറയിലടിച്ചാൽ പായൽ പിടിക്കില്ല. ഗ്രോബാഗിൽനിന്നു വെള്ളം ലീക്ക് ചെയ്തു ടെറസിൽ വീഴാതെ നോക്കണം.

വിലാസം:

സി.എസ്.അനിത, 

അസിസ്റ്റന്റ് ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം. 

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 9446078256 

karshikam@mm.co.in

English summary: Organic Farming Tips

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com