ADVERTISEMENT

സാലഡ് വെള്ളരിയിൽ ‘വിഷം’ കുത്തിവയ്ക്കുന്ന യുവാക്കളുടെ വിഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികളിൽ വിഷം കുത്തിവയ്ക്കുന്നുണ്ട്, അതിനാലാണ് കാൻസർ കേരളത്തിൽ വർധിക്കുന്നത് തുടങ്ങിയ അടിക്കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. മൂപ്പെത്താത്ത സാലഡ് വെള്ളരിയിൽ സിറിഞ്ചിലാക്കിയ മരുന്ന് കുത്തിവയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. വിഷം കുത്തിവയ്ക്കുന്നു, ഹോർമോൺ കുത്തിവയ്ക്കുന്നു തുടങ്ങിയ രീതിയിലാണ് മലയാളികളുടെ ഇടയിൽ പ്രചരിക്കുന്നത്. എന്നാൽ, വിഡിയോയിൽ യുവാക്കൾ കുത്തിവയ്ക്കുന്നത് ഹോർമോണോ വിഷമോ അല്ലെന്നുള്ളതാണ് സത്യം. അത് ആന്റിബയോട്ടിക് മരുന്നാണ്. മനുഷ്യരിലും മൃഗങ്ങളിലും ഉപയോഗിക്കപ്പെടുന്ന അന്റിബയോട്ടിക്കുകളിൽ ഒന്ന്. എന്നാൽ, അത് പച്ചക്കറിയിൽ കുത്തിവയ്ക്കുന്നത് എന്തിനാണെന്നുള്ളത് വ്യക്തമല്ല. കാരണം, പൊതുവെ ഏതൊരു വിളയുടെയും കായ്കളിൽ ബാക്ടീരിയൽ അണുബാധ ഉണ്ടാവാറില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടുതന്നെ ഫ്രൂട്ടിൽ കുത്തിവയ്ക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. ഇനി കുത്തിവച്ചാൽത്തന്നെ അത് ആ ഫ്രൂട്ടിന് കേടുവരുത്താനാണ് സാധ്യതയെന്ന് വിഡിയോയുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്യുന്ന കർഷകരും പറയുന്നു.

സസ്യങ്ങൾക്ക് ബാക്ടീരിയൽ അണുബാധ ഉണ്ടായാൽ ആന്റിബയോട്ടിക് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സമീപനം അല്ല സ്വീകരിക്കുക. ഇലകളിൽ തളിച്ചു നൽകാറാണ് പതിവ്. ഇലകളിൽ തളിച്ചു നൽകുമ്പോൾ അത് ചെടിയുടെ എല്ലാ ഭാഗത്തും എത്തും. അപ്പോൾ ഓരോ കായയിലും കുത്തിവയ്ക്കുക വഴി അധ്വാനഭാരവും സമയവും സാമ്പത്തികച്ചെലവും കൂട്ടും എന്നല്ലാതെ കാര്യമായ ഒരു ഗുണവും ചെടിക്കോ കർഷകനോ ഉണ്ടാവില്ല. ഇറച്ചിക്കോഴിക്ക് വളർച്ചയ്ക്കായി ഹോർമോൺ കുത്തിവയ്ക്കുന്നു എന്നു പറയുന്നതുപോലെ സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഏതാനും യുവാക്കൾ തട്ടിക്കൂട്ടിയ വിഡോയോ ആകാനും വഴിയുണ്ട്. ഇറച്ചിക്കോഴിയിലെ ഹോർമോൺ ഉപയോഗം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കെട്ടുകഥയായി മാത്രം ഇന്നും നിലനിൽക്കുന്നു. 

എന്താണ് ജെന്റാമൈസിൻ?

ആരോഗ്യരംഗത്തും മൃഗസംരക്ഷണ മേഖലയിലും ചികിത്സകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആന്റിബയോട്ടിക് മരുന്നാണ് ജെന്റാമൈസിൻ. മനുഷ്യാരോഗ്യരംഗത്ത് നിർണായക പ്രാധാന്യമുള്ള മരുന്നായതിനാൽ ലോകാരോഗ്യസംഘടന അവശ്യമരുന്നുകളുടെ പട്ടികയിൽ ജെന്റാമൈസിനെ ഉൾപെടുത്തിയിട്ടുണ്ട്. 

ബാക്ടീരിയകളെ നശിപ്പിക്കുന്ന മരുന്നുകളായ ആന്റിബയോട്ടിക്കുകൾക്ക് നിരവധി വകഭേദങ്ങളുണ്ട്. ഇതിൽ അമിനോഗ്ലൈക്കോസൈഡ് എന്ന ആന്റിബയോട്ടിക് വിഭാഗത്തിലാണ് ജെന്റാമൈസിൻ ഉൾപ്പെടുന്നത്. വളരാനും പെരുകാനും ആവശ്യമായ മാംസ്യ മാത്രകൾ നിർമിക്കാനുള്ള ബാക്ടീരിയയുടെ കഴിവിനെ തടസ്സപ്പെടുത്തുന്നതാണ് ജെന്റാമൈസിന്റെ പ്രവർത്തനരീതി. ബാക്ടീരിയകളുടെ നിലനിൽപ്പിന് അത്യാവശ്യമായ മാംസ്യമാത്രകളുടെ നിർമാണം തടസ്സപ്പെടുന്നതോടെ ബാക്ടീരിയകൾ നശിക്കും. മൈക്രോമോണോസ്പോറ പർപ്യൂറിയ എന്ന ഒരു ബാക്ടീരിയിൽ നിന്ന് തന്നെയാണ് ബാക്ടീരിയകളെ നശിപ്പിക്കുന്ന ജെന്റാമൈസിൻ ഉൽപാദിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

ബാക്ടീരികൾ അവയുടെ കോശഭിത്തിയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് എന്നിങ്ങനെ രണ്ടു തരമുണ്ട്. ഇതിൽ സ്യൂഡോമോണാസ്, പ്രോട്ടിയസ്, എസ്ഷെറിച്ചിയ കോളി, ക്ലെബ്‌സിയെല്ല ന്യൂമോണിയ, എന്ററോബാക്റ്റർ എയറോജെൻസ് എന്നിവയുൾപ്പെടെയുള്ള ഗ്രാം നെഗറ്റീവ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകൾ അടങ്ങുന്ന വിവിധ ബാക്ടീരിയ അണുബാധകൾക്കെതിരെയാണ് ജെന്റാമൈസിൻ ഏറ്റവും ഫലപ്രദം. 

മനുഷ്യരിൽ ശ്വാസകോശ അണുബാധകൾ, മൂത്രനാളിയിലെ അണുബാധകൾ, രക്തത്തിലെ അണുബാധകൾ, അസ്ഥി, മൃദുവായ കലകളിലെ അണുബാധകൾ എന്നിവയുടെ ചികിത്സയിൽ ജെന്റാമൈസിൻ വ്യാപകമായി ഡോക്ടർമാർ പ്രയോജനപ്പെടുത്തുന്നു. മൃഗസംരക്ഷണ മേഖലയിൽ പശുക്കളിലെയും ആടുകളിലേയും അകിടുവീക്കം, ശ്വാസകോശ അണുബാധകൾ ഉൾപ്പെടെയുള്ള വിവിധ ബാക്ടീരിയ അണുബാധകൾക്ക് ജെന്റാമൈസിൻ അതീവ ഫലപ്രദമാണ്. ആരോഗ്യരംഗത്ത് അതീവ ഉപകാരിയായ ആന്റിബയോട്ടിക് ആണെങ്കിലും ജെന്റാമൈസിൻ ആന്റിയയോട്ടിക്കിന്റെ അമിത അളവിലും ദീർഘകാലയളവിലുമുള്ള  ഉപയോഗം വൃക്കകളുടെയും ചെവികളുടെയും പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.

വൃക്കകൾ തകരാറിലാകവുക, സ്ഥിരമോ താൽകാലികമോ ആയ ബധിരത എന്നിവ ജെന്റാമൈസിന്റെ അശാസ്ത്രീയ ഉപയോഗത്തിന്റെ പ്രധാന പാർശ്വഫലങ്ങളാണ്.

സസ്യങ്ങളിലും മറ്റു പച്ചക്കറി ഫലവർഗങ്ങളിലും ഈ ആന്റിബയോട്ടിക് നേരിട്ട് കുത്തിവയ്ക്കുന്ന സാഹചര്യമുണ്ടെങ്കിൽ അവയിൽ ആന്റിബയോട്ടിക്കിന്റെ സാനിധ്യം എത്ര നാൾ വരെ ഉണ്ടാവാം എന്നതിനെ പറ്റി പഠനങ്ങൾ വേണ്ടതുണ്ട്. ഉദാഹരണത്തിന് കറവപ്പശുക്കളിൽ ചികിത്സയ്ക്കായി ജെന്റാമൈസിൻ ഉപയോഗിച്ചാൽ ചുരുങ്ങിയത് 3 ദിവസം പാൽ ഉപയോഗിക്കാൻ പാടില്ലെന്ന് നിഷ്കർഷിക്കാറുണ്ട്. പാലിലൂടെ ഈ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ പുറത്തു വരുന്നതിനാലാണ്.

വിവരങ്ങൾക്ക് കടപ്പാട്

ജോർജ് കെ. മത്തായി, ഡപ്യൂട്ടി ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ്

ഡോ. എം.മുഹമ്മദ് ആസിഫ് (വെറ്ററിനറി സർജൻ, വെറ്ററിനറി ഡിസ്പെൻസറി, പെരുമ്പടവ്, കണ്ണൂർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com