ADVERTISEMENT

മാംഗോസ്റ്റീൻ കായ്കളിൽ കല്ലിപ്പ്, പഴത്തിനുള്ളില്‍ നിറം മാറ്റം. എന്താണ് ചെയ്യേണ്ടത്?  – അബ്ദുൽ അസീസ്, തിരൂർ

മഴക്കാലത്തുണ്ടാകുന്ന കേടാണിത്. ഗംബോജ് എന്ന പ്രതിഭാസമാണ് കല്ലിപ്പിനു കാരണം. മണ്ണിലെ ഈർപ്പത്തിന്റെ അസന്തുലിതാവസ്ഥ, കായ്കളിൽ ഏൽക്കുന്ന ശക്തമായ ചൂട്, കായ്കൾ പറിക്കുമ്പോഴും താഴെ വീഴുമ്പോഴും ഉണ്ടാകുന്ന ചതവ്, കാത്സ്യം, ബോറോൺ എന്നീ മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം ഗംബോജ് ഉണ്ടാകാം. ശരിയായ ഈർപ്പം നിലനിർത്തിയും കായ്കളെ ശക്തമായ സൂര്യപ്രകാശത്തിൽനിന്നു സംരക്ഷിച്ചും കാത്സ്യം, ബോറോൺ എന്നീ മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കിയും ഈ പ്രശ്നം പരിഹരിക്കാം. വേണ്ടത്ര ഡോളമൈറ്റ് ചുവട്ടിൽ നൽകിയും കായ്കളിൽ തുടർച്ചയായി കാത്സ്യം ക്ലോറൈഡ് സ്പ്രേ ചെയ്തും  ഈ പ്രശ്നം ഒഴിവാക്കാം. മഴക്കാലത്ത് അമിതമായി ജലാംശം പഴങ്ങൾക്കു ള്ളിലെത്തുമ്പോഴാണ് നിറംമാറ്റത്തിനു കാരണമായ ടിഎഫ്ടി എന്ന പ്രതിഭാസമുണ്ടാകുന്നത്. മഴക്കാലത്തു ചുവട്ടില്‍ വെള്ളക്കെട്ട് ഒഴിവാക്കുകയാണു പരിഹാരം.

8 വർഷത്തിലേറെ പ്രായമുള്ള  മരത്തെ പൂവിടീക്കാന്‍? – സി.കെ. പീതാംബരൻ, ഉപ്പള
ചിട്ടയായ വളപ്രയോഗവും നനയും സൂര്യപ്രകാശലഭ്യതയും വഴി മരങ്ങളെ പൂക്കുന്നതിനു പ്രേരിപ്പി ക്കാം. തണൽ നീക്കി  കൂടുതൽ സൂര്യപ്രകാശം ഏൽപിക്കുന്നതിനൊപ്പം നന നിർത്തി മണ്ണിലെ ഈർപ്പം കുറയ്ക്കുന്നതും പൂവിടലിനു പ്രേരകമാകും. 

പ്രായമേറിയ  മരങ്ങളിൽനിന്ന് ലയറിങ് മുഖേന തൈകൾ ഉണ്ടാക്കിയാൽ നേരത്തേ പൂക്കുമോ– ഷാജി ജോസഫ്, പ്രവിത്താനം
ലെയറിങ് വിജയകരമായി കണ്ടിട്ടില്ല. പാർശ്വശിഖരങ്ങളായതിനാൽ ലെയറിങ് നടത്തുമ്പോൾ അവ മുകളിലേക്കു വളരില്ലെന്നതാണ് പരിമിതി.

ഇല കരിയുന്നതു പോഷകത്തിന്റെ അപര്യാപ്തതയോ? – ടി.കെ.ജയൻ വിജയമന്ദിരം, ചങ്ങരംകുളം
ഈർപ്പത്തിന്റെ കുറവ്, കൂടിയ ചൂട്, രോഗങ്ങൾ, പൊട്ടാസ്യത്തിന്റെ അപര്യാപ്തത മുതലായ കാരണങ്ങളാൽ മാംഗോസ്റ്റിനിൽ ഇലകരിച്ചിൽ കാണാം. വേണ്ടത്ര നനയ്ക്കുന്നുണ്ടെന്നും വെയിലിന്റെ ചൂട് അമിതമല്ലെന്നും ഉറപ്പാക്കുകയാണ് പ്രാഥമികമായി ചെയ്യാവുന്നത്. വെയിലിന്റെ ചൂട് അമിതമാകുന്ന നേരങ്ങളിൽ മിതമായ തണൽ നൽകാം. ബോറോൺ, സിങ്ക് എന്നിവയുടെ അപര്യാപ്തതയും ഇല കരിച്ചിലിനു കാരണമാകാം. മഴക്കാലത്തിന്റെ തുടക്കത്തിൽ 10 ഗ്രാം സൂക്ഷ്മൂലക മിശ്രിതം തളിക്കുക. ചെറിയ തോതിൽ ബോറിക് ആസിഡും മഗ്നീഷ്യം സൾഫേറ്റും തളിക്കുന്നതും ഫലപ്രദം. പൊട്ടാഷിന്റെ കുറവുണ്ടാവാതിരിക്കാൻ 50–60 ഗ്രാം പൊട്ടാഷ് വളം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com