ADVERTISEMENT

ബീറ്റ്റൂട്ടിന്റെ കുടുംബത്തിലുള്ള ഇലക്കറിവിളയാണ് സ്വിസ് ചാർഡ്. ഇലകളും തണ്ടുകളുമാണ് ഭക്ഷ്യയോഗ്യം.  വെള്ള, മഞ്ഞ, ഓറഞ്ച്, ചുമപ്പ് നിറങ്ങളിൽ തണ്ടുകളുള്ള ചെടികൾ കണ്ടുവരുന്നു. വേറിട്ട വർണത്തണ്ടുകളും പച്ച ഇലകളും സ്വിസ് ചാർഡിനെ ആകർഷകമാക്കുന്നു. വേരുഭാഗം ഭക്ഷ്യയോഗ്യമല്ല.

പൂന്തോട്ടത്തിൽ അലങ്കാരച്ചെടിയായും നട്ടുവളർത്താവുന്ന സ്വിസ് ചാർഡ് ഔഷധ, പോഷക ഗുണങ്ങളേറെയുള്ള വിളയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് യോജ്യം. എന്നാൽ, ഭാഗിക തണലിലും വളരും. ജൈവാംശം ഏറെയുള്ള, നീർവാർച്ചയുള്ള, ഈർപ്പമുള്ള മണ്ണാണ് ഇഷ്ടപ്പെടുന്നത്. വെള്ളക്കെട്ടു പാടില്ല. നിലം നന്നായി കിളച്ചൊരുക്കുക. കംപോസ്റ്റും ചാണകപ്പൊടിയും മണ്ണിരക്കംപോസ്റ്റും ചേർത്തു യോജിപ്പിക്കുക. നന്നായി നനച്ചശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. വിത്തുകൾ 10 സെ.മീ. അകലത്തിൽ പാകി പൂവാലികൊണ്ടു നനയ്ക്കണം. 10–12 ദിവസത്തിനുശേഷം ആരോഗ്യമില്ലാത്ത തൈകൾ നീക്കം ചെയ്തു ചെടികൾ തമ്മിലുള്ള അകലം 30 സെ.മീ. ആയി ക്രമീകരിക്കുക. വരികൾ തമ്മിൽ 40 സെമീ അകലം നൽകേണ്ടതാണ്. ഉണങ്ങിയ ഇലകൾകൊണ്ട് പുതയിടണം. ഇങ്ങനെ ചെയ്താൽ കളകൾ നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും കഴിയും.

ചട്ടികളിലും മഴമറയ്ക്കുള്ളിലും നന്നായി വളരും. മണ്ണു മിശ്രിതത്തിൽ ഉണങ്ങിപ്പൊടിഞ്ഞ ചാണകം, മണ്ണിരക്കംപോസ്റ്റ്, ചകിരിച്ചോറ്, ഇലപ്പൊടി കംപോസ്റ്റ് എന്നിവ ഓരോ ഭാഗം എടുത്തു നന്നായി യോജിപ്പിച്ച് ചട്ടി നിറയ്ക്കണം. 45–55 ദിവസം പ്രായമായാൽ വിളവെടപ്പ് തുടങ്ങാം (ഇലകൾക്ക്  ഏകദേശം 15 സെ.മീ. നീളം). ചെടിയുടെ ഏറ്റവും താഴെയുള്ള ഇലകൾ കത്രികകൊണ്ട് തണ്ടോടുകൂടി മുറിച്ചെടുക്കുക. വിളവെടുത്തശേഷം നേർപ്പിച്ച ഗോമൂത്രമോ ചാണകസ്ലറിയോ വളമായി നൽകാം. പുറം ഇലകൾ വിളവെടുത്തു കഴിഞ്ഞാൽ കൂമ്പില നന്നായി വളരും. 10 ദിവസത്തിലൊരിക്കൽ ഇലകൾ വിളവെടുക്കാം. ചെടികൾക്ക് 2 വർഷം പ്രായമാകുംവരെ വിളവെടുപ്പു തുടരാം. വൈറ്റമിൻ എ, ബി, സി, കെ, നാരുകൾ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് നിരോക്സീകാരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

ഗുണങ്ങൾ

പല്ല്, എല്ല്, മുടി, കണ്ണ്, ത്വക്ക് എന്നിവ സംരക്ഷിക്കുന്നു. പ്രമേഹം, ഉത്കണ്ഠ, എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഓക്സലേറ്റ് അളവ് കൂടുതലായതിനാൽ വൃക്കരോഗികൾ കഴിക്കാൻ പാടില്ല. വൈറ്റമിൻ കെ അളവ് കൂടുതലായതിനാൽ രക്തം കട്ടിയാകാതിരിക്കാനുള്ള മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com